ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹോള്‍ഗാ- നിന്നെക്കുറിച്ച്


Copyright @ Eddie Mallin. www.monosnaps.com


Eddie Mallin എന്ന ഫോട്ടോഗ്രാഫറെ പരിചയപ്പെടുന്നതിന് മുന്‍പ് ബ്ലാക് & വൈറ്റ് ഫിലിം ഫോട്ടോഗ്രാഫിയൊട് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയിരുന്നില്ല. ഫിലിം ഫോട്ടോഗ്രാഫിയോട് എന്ന് മാത്രമല്ല, ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ ചില പോര്‍ട്രെറ്റ് ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും മാത്രമേ ഉപകരിയ്ക്കൂ എന്ന ഒരു മുന്‍‌വിധിയും ഉണ്ടായിരുന്നുവോ എന്ന് സംശയമുണ്ട്. എങ്കിലും പലപ്പോഴായി കാണുന്ന പ്രദര്‍ശനങ്ങളില്‍ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുടെ മികവ് അത്ഭുതപ്പെടുത്താതിരുന്നിട്ടീല്ല.

ഒരു പക്ഷെ, മലയാളം ഫോട്ടോ ബ്ലോഗുകളില്‍ ധൈര്യപ്പെട്ട് ഒരു മോണോ ചിത്രം പ്രസിദ്ധീകരിയ്ക്കുന്നവര്‍ കുറവാണെന്നതിന് കാരണം നിറങ്ങളുമായുള്ള അഭിരമിയ്ക്കല്‍ കാഴ്ചയുടെ രസമുകുളങ്ങളെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നത് കൊണ്ടാവാനേ സാധ്യതയുള്ളൂ. ആസ്വാദകരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങളെടുക്കാനും അവയ്ക്ക് ‘പഞ്ച്’ ഉള്ള തലക്കെട്ടുകളിടാനും അത് കിട്ടിയില്ലെങ്കില്‍ ചിത്രത്തിനുതാഴെ നാലുവരി കവിതയെഴുതി വിമര്‍ശകരുടെ നാവടപ്പിയ്ക്കാനുമെല്ലാം നമ്മുടെ കച്ചവടബുദ്ധികള്‍ പലപ്പോഴായി ഉറക്കമൊഴിയ്ക്കുന്നുണ്ട്. ഇത് ആരോഗ്യകരമായ ഒരു മത്സരത്തിന് പലപ്പോഴും വഴി വെയ്ക്കുകയും അതുവഴി ആസ്വാദകര്‍ക്ക് മേന്മയേറിയ ചിത്രങ്ങള്‍ കാണുവാന്‍ അവസരം ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട്.
മേന്മയേറിയ ചിത്രങ്ങള്‍ക്ക് മികച്ച ക്യാമറകള്‍, മികച്ച ലെന്‍സുകള്‍, ഫോട്ടോഷോപ്പ് എന്ന ഡിജിറ്റല്‍ ഡാര്‍ക്ക് റൂം എന്നിവയെല്ലാം ആവശ്യമാണെന്ന് പലപ്പോഴും കമ്പനികളും അല്ലെങ്കില്‍ അവരില്‍ നിന്ന് പരസ്യം വാങ്ങിയ്ക്കുന്ന ഫോട്ടോഗ്രാഫി മാഗസിനുകളും സ്വന്തം ലാഭത്തെ പെരുപ്പിയ്ക്കാന്‍ വേണ്ടി കഥകള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട് (ഈ പരാമര്‍ശം എന്നെത്തന്നെ വല്ലാതെ ചുറ്റിച്ച ഒന്നാണ്, കാരണം പണ്ടുണ്ടായതിനേക്കാള്‍ കൂടുതല്‍ ക്യാമറ ഉപയോഗിയ്ക്കുന്നവര്‍ ഇപ്പോഴുണ്ടെന്നത് തന്നെ. ഡിജിറ്റല്‍ ക്യാമറ കൈയിലുള്ളവര്‍ മറ്റ് ലെന്‍സുകള്‍,ഫോട്ടോഷോപ്പ്, എന്നിവയ്ക്ക് വേണ്ടി പണം സ്വരൂപിയ്ക്കുവാന്‍ നിര്‍ബന്ധിതരാവുന്നതായിരുന്നു മനസ്സില്‍). ഈ പ്രവണത പലരെയെന്ന പോലെ എന്നെയും ഒരു വലിയ പരിധി വരെ സ്വാധീനിച്ചിട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ, അതായത് ഡിജിറ്റല്‍ ക്യാമറകള്‍ ജനകീയമാവുന്നതിന് മുന്‍പ്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, സ്പോര്‍ട്സ് ഫോട്ടോഗ്രാഫി, ലാന്‍‌ഡ്സ്കേപ്പ് ഫോട്ടോഗ്രാഫി,ഫാഷന്‍ എന്നിവയെല്ലാം ചെയ്തിരുന്നത് ‘പ്രൊഫഷണല്‍’ കാറ്റഗറിയില്‍ത്തന്നെ ഉയര്‍ന്ന ശ്രേണിയിലുള്ളവരായിരുന്നുവെന്ന് മാത്രമല്ല, അവരുപയോഗിച്ചിരുന്നത് ‘വില കൂടിയ‘, ‘മേന്മയേറിയ‘ ഉപകരണങ്ങളായിരുന്നു. ചെറിയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ കൊണ്ട് ചിത്രങ്ങളെടുത്ത് അമെച്ചര്‍ ഫോട്ടോഗ്രാഫേഴ്സ് നിര്‍വൃതിയടഞ്ഞു. ആ അവസ്ഥയില്‍ നിന്ന് ‘L' സീരീസ് ലെന്‍സുകളും 15-21 മെഗാപിക്സലുകളും HD video രെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ക്യാമറകളും കൈവശമുള്ളവരുമായി അമെച്ചര്‍ ഫോട്ടോഗ്രാഫേഴ്സ് വളര്‍ന്നത്. ഈ വളര്‍ച്ച ഒരു പരിധി വരെ ഫോട്ടോഗ്രാഫിയുടെ ആസ്വാദനത്തെത്തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത്ര മനോഹരമായി ചിത്രങ്ങളെടുക്കാന്‍ വില കൂടിയ ക്യാമറകളും വിലകൂടിയ ലെന്‍സുകളും അവ പ്രൊസസ്സ് ചെയ്യാന്‍ വിലയേറിയ സോഫ്റ്റ്വെയറുകളും വേണമെന്ന ഒരു തെറ്റിദ്ധാരണ വളര്‍ത്തിയെടുക്കാന്‍ ഈ കുതിച്ചുചാട്ടം വഴിവെയ്ക്കുകയും ചെയ്തു.
സുഹൃദ്സംഗമങ്ങളില്‍ ഒരുനാള്‍ ചര്‍ച്ച ഈ വിഷയങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ ‘മേന്മയേറിയ‘ ചിത്രങ്ങള്‍ക്ക് വേണ്ടി നല്ല ലെന്‍സുകള്‍ വേണമെന്ന അഭിപ്രായക്കാരനായിരുന്ന(പ്രത്യേകിച്ച് wildlife photography) എന്നോട് Eddie Mallin നെ പരിചയമുണ്ടോ എന്ന് ഒരു സുഹൃത്ത് ചോദിച്ചത്. ഇല്ലെങ്കില്‍ തീര്‍ച്ചയായും പരിചയപ്പെട്ടിരിയ്ക്കണം എന്ന മറുപടിയില്‍ ഒരു പരിഹാസത്തിന്റെ ലാഞ്ചന കണ്ടതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാന്‍ അദ്ദേഹത്തിന്റെ വെബ്സൈറ്റ് ചോദിച്ച് വാങ്ങിച്ചെടുത്ത് ഒന്ന് വിശദമായിക്കണ്ടു.
ചില ചിത്രങ്ങള്‍ താഴെ.
Eddie Mallin - website

ഈ പോസ്റ്റില്‍ ഉപയൊഗിച്ചിട്ടുള്ള ചിത്രങ്ങളുടെ കോപ്പിറൈറ്റ് അവകാശം Eddile Mallin ന്റേതാണ്. ചിത്രങ്ങള്‍ ഉപയൊഗിയ്ക്കാന്‍ അനുവദിച്ചതിന് അദ്ദേഹത്തോട് നന്ദി പറയുന്നു.

Rights of the pictures used in this post are owned by Eddie Mallin. Visit www.monosnaps.com to see more of his creative work. I wish to express my sincere gratitude to him for letting me use these pictures in this blog post.

Copyright @ Eddie Mallin. www.monosnaps.com


Copyright @ Eddie Mallin. www.monosnaps.com

ഈ ചിത്രങ്ങള്‍ ഏതൊരു ആസ്വാദകനെയും ഒരു നിമിഷം പിടിച്ചു നിറുത്തും, അവയിലെ നിറങ്ങളുടെ അപര്യാപ്തത പ്രത്യേകിച്ചും. പക്ഷേ, അതു മാത്രമല്ല ഈ ചിത്രങ്ങളെ വ്യത്യസ്ഥമാക്കുന്നത്. ഈ ചിത്രങ്ങളെല്ലാം എടുത്തിരിയ്ക്കുന്നത് ബ്ലാക്ക് & വൈറ്റ് ഫിലിമിലാണ്. അതു മാത്രമോ? ഇവയെല്ലാം എടുത്തിരിയ്ക്കുന്നത് ഹോള്‍ഗാ എന്ന പ്ലാസ്റ്റിക് ക്യാമറയിലും.

ചിത്രം Wikipedia Commons ല്‍ നിന്ന്.

ഹോള്‍ഗാ, നിന്നെക്കുറിച്ച്
ഹോള്‍ഗ എന്ന പ്ലാസ്റ്റിക് ക്യാമറ ഇത്രയും പ്രശസ്തമായത് അതിന്റെ നിര്‍മ്മിതിയുടെ പൂര്‍ണ്ണത കൊണ്ടല്ല, മറിച്ച് അതിലെ പാളിച്ചകള്‍ കൊണ്ടാണെന്നതാണ് ഏറെ രസകരം. നിലനില്‍ക്കുന്ന ഫോട്ടോഗ്രാഫി നിയമങ്ങളെയും ആസ്വാദനത്തെയും ദൂരെ മാറ്റിനിര്‍ത്തി കാഴ്ചയുടെ പുതിയ രസങ്ങള്‍ ആവാഹിച്ചിരിയ്ക്കുകയാണീ ക്യാമറ. നിര്‍മ്മാണത്തിലെ പിഴവ് മൂലം വന്നിരിയ്ക്കുന്ന light leak ഉണ്ടാക്കുന്ന vignetting (ചിത്രത്തിന്റെ മൂലകളില്‍ കാണുന്ന കറുപ്പ്) സൃഷ്ടിയ്ക്കുന്ന മാന്ത്രികതയായിരിയ്ക്കണം ഹോള്‍ഗയെന്ന ചൈനീസ് സുന്ദരിയ്ക്ക് ഇത്രയധികം കാമുകന്മാരെ ഉണ്ടാക്കിക്കൊടുത്തത്.

1980കളില്‍ ചൈനയില്‍ പ്രചാരത്തിലിരുന്ന മീഡിയം ഫോര്‍മാറ്റ് 120 ഫിലിം ഉപയോഗിയ്ക്കാന്‍ പറ്റിയ ഒരു വില കുറഞ്ഞ ക്യാമറയായാണ് ഹോള്‍ഗാ ഹോങ്ങ്കോങ്ങില്‍ രംഗപ്രവേശം ചെയ്യുന്നത്. ചൈനീസ് ഇടത്തരക്കാരില്‍ വളരെയധികം പ്രചാരത്തിലായിരുന്ന ഹോള്‍ഗ, താമസിയാതെ 35mm ഫിലിം ക്യാമറകള്‍ക്ക് വഴി മാറി. പക്ഷെ, അപ്പോഴേയ്ക്കും ഈ ക്യാമറയുടെ പ്രശസ്തി പടിഞ്ഞാറേയ്ക്ക് കടല്‍ കടന്നിരുന്നു. 20 ല്‍പ്പരം രാജ്യങ്ങളില്‍ ഇപ്പോഴും പലതരക്കാരില്‍, അവര്‍ ആര്‍ട്ട് വിദ്യാര്‍ഥികളോ, ഫോട്ടോഗ്രാഫി പരീക്ഷണം നടത്തുന്നവരോ ആരുമായിക്കൊള്ളട്ടെ, 10 ല്‍ പ്പരം പുതിയ ഡിസൈനുകളുമായി ഈ ക്യാമറ ഇപ്പോഴും ചരിത്രം സൃഷ്ടിയ്ക്കുകയാണ്.

ഇതില്‍ ഉപയൊഗിച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക് ലെന്‍സ് fixed focus of 60mm ആണ്. അപ്പെര്‍ച്ചര്‍
സൂചിപ്പിക്കാനായി രണ്ട് സെറ്റിങ്ങ് ഉണ്ട്. സൂര്യപ്രകാശം അധികം ഉള്ളപ്പോള്‍ ഉപയോഗിയ്ക്കാന്‍ ഒന്ന്. മറ്റൊന്ന് പ്രകാശം കുറവുള്ളപ്പോള്‍ ഉപയൊഗിയ്ക്കാനും. ഉപയൊഗിച്ച് പരിചയമുള്ളവര്‍ പറഞ്ഞത് ഇവ രണ്ടും വലിയ വ്യത്യാസമില്ലായെന്ന്. പിന്നെയുള്ളത് ഫോകല്‍ ഡിസ്റ്റന്‍സാണ്. അതിന് 4 സെറ്റിങ്ങ് ഉണ്ട്. ഒരാള്‍ (3 feet), രണ്ടാള്‍(6 feet), കുറച്ചധികം ആളുകള്‍(18 feet), പിന്നെ infinity(30 feet or so). 120 medium format ഫിലിം ആണ് ഈ ക്യാമറയില്‍ ഉപയൊഗിയ്ക്കുന്നത്. ഇപ്പോള്‍ ലഭ്യമാകുന്ന ഹോള്‍ഗ ക്യാമറയില്‍ 35 mm ഫിലിം ഉപയോഗിയ്ക്കാമെന്നതിന് പുറമെ, ഫ്ലാഷ്, റ്റൈമര്‍, ഫില്‍ട്ടറുകള്‍ എന്നിങ്ങനെ പലതരം അനുസാരികളും പിന്‍‌ഹോള്‍ ഹോര്‍ഗ, ഗ്ലാസ്സ് ലെന്‍സ് ഹോള്‍ഗ,Twin Lens Reflex Holga(ഇതിലെനിയ്ക്കൊരു കണ്ണുണ്ട്) എന്നിങ്ങനെ പല പുതിയ രൂപമാറ്റങ്ങളും വന്നിട്ടുണ്ട്. ക്യാമറയുടെ വില $20 മുതല്‍ $150 വരെ പോകുന്നു.

Copyright @ Eddie Mallin. www.monosnaps.com

Eddie Mallin ഉപയൊഗിയ്ക്കുന്നത് ഒരു സാധാരണ ഹോള്‍ഗാ ക്യാമറയാണ്. ചിലപ്പോള്‍ ചില ഫില്‍ട്ടറുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വെയ്ക്കാറുണ്ട് അദ്ദേഹം. മാത്രമല്ല, സ്വന്തമായി ഒരു റ്റൈമര്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഹോള്‍ഗ ഉപയോഗിച്ച് Double exposure ചിത്രങ്ങളെടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
Eddie യുടെ ചിത്രങ്ങളുടെ പ്രദര്‍ശനം കാണുകയും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ ഇവിടെ തീര്‍ച്ചയായും പങ്കു വെയ്ക്കണമെന്ന് തോന്നി. ഈ മനോഹര ചിത്രങ്ങള്‍ എല്ലാം തന്നെ സ്വന്തം ഡാര്‍ക്ക് റൂമില്‍ പ്രൊസസ്സ് ചെയ്ത് ഏടുത്തവയാണ്. അതു കൊണ്ട് തന്നെ അവയില്‍ കുറെയധികം പരീക്ഷണങ്ങള്‍ അദ്ദേഹത്തിന് സാധിയ്ക്കുന്നു. ചായയില്‍ മുക്കിയ പേപ്പര്‍ ഉണക്കി അതില്‍ പ്രിന്റ് ചെയ്ത് സെപിയ ചിത്രങ്ങള്‍ ഉണ്ടാക്കുന്നതും പ്രിന്റ് ചെയ്ത ചിത്രങ്ങളില്‍ പെയിന്റുപയൊഗിച്ച വര്‍ണ്ണങ്ങള്‍ ചേര്‍ക്കുന്നതും അദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലുണ്ട്(സൂര്യകാന്തിയുടെ ചിത്രം കാണുക). ഇത്ര മനോഹര ചിത്രങ്ങള്‍ ഈ ചെറുക്യാമറയില്‍ പെട്ടെന്നെടുക്കാം എന്ന് ധരിയ്ക്കുകയൊന്നും വേണ്ട. 2-3 വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇത്തരം ചിത്രങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. പ്രത്യേകിച്ചും വെളിച്ചത്തിന്റെ ക്രമീകരണം തികച്ചും അസാധ്യമാകുമ്പോള്‍.

ഫ്ലിക്കറില്‍ ഒന്ന് തപ്പിയാല്‍ ഹോള്‍ഗയില്‍ ചിത്രങ്ങളെടുക്കുന്ന മറ്റനവധി പേരെ കണ്ടെത്താന്‍ കഴിയും. എല്ലാവരും ഹോള്‍ഗ ഉണ്ടാക്കുന്ന ആ മാന്ത്രികസ്പര്‍ശം ആസ്വദിയ്ക്കുന്നവരാണ്.ഫോകസിങ്ങിലെ പ്രത്യേകതകള്‍ കൊണ്ട് ചിലപ്പോഴൊക്കെ അവ്യക്തമാകുന്ന കാഴ്ചകള്‍ പ്രകാശത്തിന്റെ വലയങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കുന്ന ഒന്നായി മാറുന്നു. ശരിയാണ്, ഫോട്ടോഗ്രാഫിയുടെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കാഴ്ചയുടെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ച് ആസ്വാദകരെ അമ്പരിപ്പിയ്ക്കുന്ന ഒരു വില കുറഞ്ഞ പ്ലാസ്റ്റിക് ക്യാമറ.

അന്നത്തെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ മനസ്സില്‍ ഈ ചിത്രങ്ങളും ഈ കൊച്ച് സുന്ദരിയും മാത്രമായിരുന്നു. മാത്രമല്ല, How to do inexpensive photography എന്ന സങ്കല്‍പ്പം അതിശക്തമായി വളരുകയും ചെയ്തു.
ഇതില്‍ത്തന്നെ ഒരു മറുവശമുണ്ട്. ഹോള്‍ഗ ക്യാമറയ്ക്ക് വില കുറവാണെങ്കിലും അത് പ്രൊസസ്സ് ചെയ്ത് പ്രിന്റ് ചെയ്യാന്‍ ചെലവുണ്ടെന്നതാണത്. Eddie ഈ ചെലവുകളെ മറികടക്കുന്നത് സ്വയം പ്രിന്റ് ചെയ്താണ്. ഞാന്‍ ഈ ക്യാമറ വാങ്ങുകയാണെങ്കില്‍ സ്വന്തമായി പ്രൊസസ്സ് ചെയ്യാനാണ് തീരുമാനം. നെഗറ്റീവ് സ്കാനര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുന്ന ചിത്രങ്ങള്‍ പിന്നിട് സൌകര്യം പോലെ ഉപയോഗിയ്ക്കാമല്ലോ.

വിലയേറിയ ലെന്‍സുകളും ക്യാമറകളും വാങ്ങുന്നവര്‍ വാങ്ങിയ്ക്കട്ടെ, അതുകൊണ്ടവര്‍ മേന്മയേറിയ ചിത്രങ്ങള്‍ എടുക്കട്ടെ. മേന്മയേറിയ ചിത്രങ്ങള്‍ വില കുറഞ്ഞ ക്യാമറകള്‍ കൊണ്ടും എടുക്കാന്‍ കഴിയും എന്ന് നിങ്ങളില്‍ കുറച്ച് പേരെയെങ്കിലും കാണിച്ച്തരാനും ആത്മവിശ്വാസം വളര്‍ത്താനുമാണ് ഈ പോസ്റ്റ്. അത് നിങ്ങളുടെ പോയിന്റ് & ഷൂട്ട് ക്യാമറയോ മൊബൈല്‍ ക്യാമറയോ ആയിക്കൊള്ളട്ടെ.
Dublin a Photographic essay എന്ന പുസ്തകം ഇവിടെ ലഭ്യമാണ്

രാജീവ് എന്‍.രാമന്‍ എന്ന ഡിസൈനറുടെ മൊബൈല്‍ ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങള്‍.

ഇവിടെ


ഇവിടെയും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...