ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കത്തീം മുള്ളും സായിപ്പും

പണ്ടൊരിക്കല്‍, എന്നു പറഞ്ഞാല്‍ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നു ചെത്താന്‍ കിട്ടിയ ചാന്‍സൊന്നും കളയാതെ, കയ്യില്‍ അഞ്ചുറുപ്പേന്റെ കാശില്ലെങ്കിലും, കടം വാങ്ങിച്ചെങ്കിലും അടിച്ചു പൊളിച്ചു നടക്കാന്‍ ശ്രമിക്കുന്ന.., ന്ന്‌ച്ചാല്‍, ഞാന്‍ കാളീജില്‍ പഠിക്കുംമ്പൊ...
വായീനോക്കി നടന്നു തളരുമ്പോള്‍ ഏതെങ്കിലും ജ്വല്ലറിയില്‍ കയറി, മാല മാറ്റാനെന്ന ഭാവേന A/C യില്‍ കുറേ നേരമിരുന്ന നേരം, അവരു തരുന്ന ജൂസും കുടിച്ചു, ഒന്നും ഇഷ്ടമായില്ലെന്നും പറഞ്ചു കൂളായി ഇറങ്ങി പോന്നിരുന്ന സുന്ദര സുരഭില കാലം.

എറണാകുളം മരീന്‍‌ഡ്രൈവില്‍, അന്ന് ഇന്നത്തെപ്പോലെ ചോന്ന പെയിന്റടിച്ച കസേരയൊന്നുമില്ല, പാലത്തിന്റെ രണ്ടു വശവും വെളക്കുംകാലുകളും പിന്നെ ദാരിദ്ര്യം പിടിച്ച കൊറെ മരങ്ങളും മാത്രം. ക്രിത്യം 5.15 എന്നൊരു സമയമുണ്ടെങ്കില്‍, പാലത്തിന്റവിടന്ന് നാലാമത്തെ വിളക്കുംകാലിന്റെ കീഴില്‍ രജിസ്റ്റ്രില്‍ ഒപ്പിട്ട ശേഷം കപ്പലണ്ടീം കൊറിച്ചു ഞങ്ങളിരിപ്പുണ്ടാവും, രാത്രി എട്ടര വരെ. ചര്‍ച്ച, ലോക കാര്യങ്ങള്‍. ലോകത്തിനിന്നു കാണുന്ന പോലത്ര പരപ്പും വിസ്താരോന്നും അന്നില്ല, മൂന്നോ നാലോ പെണ്‍പിള്ളേരും കാളീജും ഈ കാണുന്ന മറീന്‍ ഡ്രൈവും മാത്രം. പക്ഷെ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടം പോലെ വിഷയം ഉണ്ടായിരുന്നു താനും. അങ്ങിനെ അവിടെ ഇരുന്നു നോക്കിയാല്‍‌ ഒരു വശത്തു കായലും മറുവശത്ത് മേനകേം. വല്ലപ്പോഴും തട്ടുകട ഒഴിവാക്കി, കാണാന്‍ ഭംഗിയുള്ള കസേരേം, കണ്ണാടിയൊക്കെയുളള ഹൊട്ടെലില്‍‌, തലയില്‍ തൊപ്പിവെച്ച ചേട്ടന്മാര്‍ തരുന്ന അലവലാതി ഭക്ഷണം കഴിച്ചു വയറു കേടാക്കുക എന്നത് ഒരു ഒഴിച്ചു കൂടാനാവാത്ത ജാഡ മാത്ര മായിരുന്നില്ല, പിറ്റെ ദിവസം പെണ്‍പിള്ളേരുടെ മുന്നില്‍ വീമ്പു പറയാനുള്ള ഒരവസരം കൂടിക്കിട്ടുന്നതുകൊണ്ടായിരുന്നു. 32 തരം ദോശയും, നോക്കിനില്‍ക്കെ ചുട്ടു തരുന്ന ചപ്പാത്തിയും കോഴിം, കപ്പേം ഗ്രീന്‍പീസും മുട്ടയും കൂട്ടിയുള്ള കൊത്തിപ്പൊരിയുമൊക്കെയുപേക്ഷിച്ച് ഒന്നൊന്നര മണിക്കൂര്‍, കിട്ടാന്‍ പോകുന്ന വയറിനു പിടിക്കാത്ത വടക്കേയിന്‍ഡ്യന്‍ ഭക്ഷണത്തെയൊര്‍ത്തും അവസാനം കൊണ്ടുത്തരാന്‍ പോകുന്ന ബില്ലിനെക്കുറിച്ചോര്‍ത്തും ടെന്‍ഷനടിച്ച്, രസമുണ്ടെങ്കിലും ഹൃദയമിടിപ്പു കാരണം മുഖത്ത് നവരസങ്ങള്‍ മാറി മാറി വരും. കണ്ടു നില്‍ക്കുന്നവന്‍ വിചാരിക്കും, ഇത്ര നന്നായി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവന്‍ ഈ ലോകത്ത് വേറെയില്ലെന്ന്.
അങ്ങിനെയൊരു ദിവസം, വായിനോക്കാന്‍ കമ്പനിയില്ലാത്ത ഒരു വൈകുന്നേരം ഞാന്‍ വിചാരിച്ചു, ഇന്ന് ബിംബീസ്. അന്നുവരെ ബിംബിസില്‍ പോയിട്ടില്ല. പലപ്പോഴും അതിലെ നടന്നു പോകുമ്പോള്‍ മേലോട്ട് നോക്കി വെള്ളമിറക്കിയിട്ടുള്ളതല്ലാതെ അതിനകത്തു പോയൊരു 3 course dinner അടിക്കാന്‍‌ എന്റെ സാമ്പത്തിക ഭദ്രത എന്നെ അനുവദിച്ചിട്ടില്ല. ഒരു കാര്യം ഞാന്‍‌ ശ്രദ്ധിച്ചിരുന്നു, ഒന്നാം നിലയിലെ ജനാലയ്ക്കടുത്തിരുന്നാല്‍ മേനക മുഴുവനും കാണാം. നമ്മളെ നാലുപേരു കാണേം ചെയ്യും. ഉള്ള ധൈര്യമെല്ലാം വലിച്ചുകേറ്റി, നേരെ വിട്ടു. കയറിചെന്നപ്പൊ ആദ്യം നോക്കിയത്‌ ജനാല സീറ്റാണ്‌. ആദ്യം‌ കാണുന്ന സീറ്റില്‍ ഒരു സായിപ്പിരിക്കുന്നൊണ്ട്‌. പിന്നെയുള്ള ജനാലയ്ക്കടുത്ത് ഒരു സീറ്റില്‍‌ പോയി ഇരുന്നു. തറവാടി സായിപ്പന്മാര്‍ക്ക് ഒരു ഗുണമുണ്ട്. പൊതുസ്ഥലത്തും‌ വ്യക്തിത്വം‌ സൂക്ഷിക്കും. ഒരു സാധാരണ ഭാരതിയന്‍ / മലയാളി എതിര്‍വശത്തിരിക്കുന്ന ചേട്ടനെ നോക്കി ‘എന്തെഡ?’ എന്നമട്ടിലും ചേച്ചിയേ നോക്കി ചോര കുടിക്കുന്ന പോലേം‌ തറവാടി സായിപ്പന്‍ ചെയ്യില്ല. എന്റെ മുന്നിലിരുന്ന സായിപ്പു തറവാടിയെന്ന്‌, താനിരിക്കുന്ന കസേരയും മേശയും ഉള്‍ക്കൊള്ളുന്ന വായുസ്തൂപത്തിനപ്പുറത്ത്‌ വേറൊരു ലോകമില്ലെന്ന ഭാവത്തിലിരിക്കുന്ന അയാളെ കണ്ടപ്പോഴേ എനിക്കു തോന്നി. ഞാന്‍ വന്നിരിക്കുമ്പോള്‍ത്തന്നെ തലയില്‍ തൊപ്പിവെക്കാത്തൊരു ചേട്ടന്‍ കഴുത്തില്‍ കെട്ടിയ ടൈകൊണ്ട് മേശ തുടക്കുംവിധം ഭവ്യതയോടെ സായിപ്പിന്റെ ഓര്‍ഡറെടുത്തിട്ട് പോയി.

ഇന്നുവരെ സായിപ്പു ഭക്ഷണം കഴിക്കുന്നത് സിനിമയിലല്ലാതെ നേരില്‍ കണ്ടിട്ടില്ലാത്തതുകൊണ്ടും നമ്മുടെ എരിവുള്ള ഭക്ഷണം ഇയാളെങ്ങിനെ കഴിക്കും എന്ന അതിരുകടന്ന ജിജ്ഞാസയിലിരിക്കുകയുമായിരുന്ന എന്റെ മുന്നിലേക്ക് കത്തിയും മുള്ളുമായി ഒരു ബട്‌ലര്‍ കടന്നുവന്നു. മെനു ഒരു സൈഡിലൊതുക്കി, ഭംഗിയായി മടക്കിയ നാപ്കിന്‍ എന്റെ മുന്നില്‍ വെച്ച് അതിനു മോളില്‍ കത്തിം മുള്ളൂം വെച്ചു പഹേന്‍ കയ്ചിലാക്കി. ഇങ്ങിനെയൊരു ഉഡായിപ്പീസിനെക്കുറിച്ച് ഞാന്‍ സ്വപ്നത്തില്‍ പോലും ആലോചിച്ചിരുന്നില്ല. പലവിധത്തില്‍, നീളത്തില്‍ ഉള്ള കരണ്ടികള്‍ കൊണ്ട് കഞ്ഞി കുടിച്ചിട്ടുള്ളതായിരിക്കും, കൈ ഉപയോഗിക്കാതെ ഉള്ള എന്റെ പരീക്ഷണങ്ങളുടെ അങ്ങേയറ്റം.
എന്റായാലും എണ്ണ തേച്ചു, ഇനി കുളിച്ചു കയറുക തന്നെ. കൈയില്‍ കിട്ടിയ മെനു ഇടത്തു നിന്ന് വലത്തോട്ടും മുകളില്‍ നിന്ന് താഴോട്ടും രണ്ടു മൂന്നു തവണ വായിച്ചു തീര്‍ത്തു. വായില്‍ കൊള്ളാത്ത പേരുള്ള കുറെ സാധനങ്ങള്‍. ഓര്‍ഡറെടുക്കാന്‍ ബട്‌ലന്‍ വന്നപ്പോള്‍, ഞാന്‍ നോക്കുന്ന സാധനം ഇതില്‍ കാണുന്നില്ലല്ലോ എന്ന മട്ടില്‍ ഒന്നൂടെ നോക്കീട്ട്, സായിപ്പിനെ ഓട്ടക്കണ്ണീട്ട് നോക്കി, ബട്‌ലനോട് ചോദിച്ചു.
‘ചില്ലിചിക്കനുണ്ടോ’? ഉടനെ ബട്‌ലന്‍, ‘ഹാഫോ, ഫുള്ളോ’?. അതിനു കൂടെ, ‘വിത്ത് ബോണോ, അതോ ബോണ്‍ലെസ്സോ?‘ എന്റായാലും തിന്നാനെന്തെങ്കിലും തന്നാല്‍മതി ചേട്ടാ, എന്ന മട്ടില്‍ ഞാന്‍ ഒരു ചില്ലിചിക്കനും ഫ്രൈഡ് റൈസും, ശകലം മേമ്പൊടിയായിക്കൊള്ളട്ടെ എന്നു കരുതി ഒരു മുന്തിരി ജ്യൂസും ഓര്‍ഡറ് ചെയ്തു. പിന്നെയങ്ങോട്ട് അരമണിക്കുര്‍, കാര്‍ഗിലില്‍ പാക് പട്ടാളം ആക്രമിച്ചപ്പോള്‍ പ്രത്യാക്രമണം എങ്ങിനെ നടത്തണമെന്ന് ഇന്ത്യന്‍ ആര്‍മി ആലോചിച്ചതിലും കൂലങ്കൂഷമായി ഞാന്‍ എന്റെ ഭക്‍ഷ്യതന്ത്രം ആസൂത്രണം ചെയ്തു.
സായിപ്പിന്റെ മുന്നില്‍ കൊച്ചാകാന്‍ പാടില്ലല്ലോ. അല്ലേലും ഇവനൊക്കെ ഒരു ധാ‍രണയുണ്ട്, ഇന്ത്യക്കാരൊക്കെ വെറും കഞ്ഞികളാണെന്ന്. നമ്മുടെ സായിപ്പാണെങ്കില്‍ ഇങ്ങിനെയൊരു യുദ്ധതന്ത്രം ഇവിടെ നടക്കുന്നതൊന്നും അറിയാ‍തെ, ‘ഹിന്ദു‘വും വായിച്ചിരിപ്പാണ്. 5 മിനിട്ടു കഴിഞ്ഞു കാണും, രണ്ടു പേര്‍ ചേര്‍ന്ന് കുറെ സാധനങ്ങള്‍ താങ്ങിപിടിച്ചുകൊണ്ടു സായിപ്പിന്റെ മേശമേല്‍ വച്ചു. പനമ്പായ കൊന്ണ്ടു നെയ്ത ചെറിയ കുട്ടകള്‍, ഒന്നില്‍ പറോട്ട പോലെ(നാന്‍ എന്നു വിവക്‍ഷ്യം) എന്തൊ ഒന്ന്. പിന്നൊന്നില്‍ ചോറ്. പിന്നെയൊരു കൊഴിക്കാല്‍ വറുത്തത്. ചുമന്ന (ചെമല യെന്ന് തിരോന്തരം ഭാഷ്യം) നിറത്തില്‍ ഒന്നൊ രണ്ടൊ കറി. മുന്നിലെ കറികളൊക്കെ ഒന്നു നോക്കിയശേഷം, സായിപ്പ് കൂടെയിരിക്കുന്ന സഹമുറിയന്മാരെയൊന്ന് കണ്ണോടിച്ചു. എന്റെ വലതുവശത്തൊരു മൂലയിലിരിക്കുന്ന, ആരോ ഇക്കിളിയിട്ടിട്ടെന്നവണ്ണം ചിരിക്കുന്ന ചേച്ചിയെയും ഇക്കിളിയാക്കുന്ന മധ്യവയസ്കനായ ചേട്ടനെയും ഒരു 10 സെക്കന്‍ഡ്, മുന്നിലിരിക്കുന്ന മസിലുതീരെയില്ലാതെ മസിലുപിടിച്ചിരിക്കുന്ന എന്നെ, കണ്ണിന്റെ കോണുകൊണ്ടു 2 സെക്കന്‍ഡ് എന്ന മട്ടില്‍ നോക്കിയ ശേഷം ‘ഹിന്ദു’ വിലേയ്ക്കൂളിയിട്ടു. ഞാന്‍ എന്റെ തന്ത്രങ്ങള്‍ മറക്കാതിരിയ്ക്കാന്‍ ജനലിലൂടെ പുറത്തോട്ട് നോക്കിയിരുന്നു. എവിടെയോ മാധവിക്കുട്ടി കത്തിം മുള്ളും പിടിയ്ക്കേണ്ടതെങ്ങനെയെന്ന് എഴുതിയിട്ടുള്ളത് ഓര്‍മ്മ വന്നു. എന്നാല്‍ പിന്നെയൊരു കൈ നോക്കീട്ടു തന്നെ കാര്യം. മനസ്സില്‍ ഞാന്‍ രണ്ടുതവണ ചില്ലിചിക്കനും ഫ്രൈഡ് റൈസും കത്തിം മുള്ളും വെച്ച് കഴിച്ചു കഴിഞ്ഞു.

അങ്ങിനെയിരിക്കുമ്പോള്‍ അതാ വരുന്നു നമ്മുടെ ചില്ലി കോഴി. ഞാന്‍ സായിപ്പിനെ ഒന്നൂടെ നോക്കി. അയാള്‍ വീണ്ടും പത്രവായനയിലാണ്. ഇതുവരെ തീറ്റ തുടങ്ങിയിട്ടില്ല. എന്റെ ടേബിളില്‍ കോഴീയെ നിരത്തി. കോഴി ഫ്രൈഡ് റൈസ് തിന്നു തീര്‍ക്കുന്നതിന് മുന്‍പ് ഞാന്‍ തുടങ്ങിയെക്കാമെന്ന് വിചാരിച്ചു.

നാപ്കിന്‍ എടുത്ത് കച്ച മുറുക്കി (വടക്കന്‍ വീരഗാഥ കണ്ടതു നന്നായി). പോളശ്ശേരി മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ചു, കളരി ഗുരുക്കളെ മനസ്സിലോര്‍ത്ത് ഇടം തിരിഞ്ഞ് വലത്തോട്ട് നോക്കി, കണ്ണ് കീഴ്പ്പോട്ടാക്കി, സ്ലോമോഷനില്‍ ഇടത് കൈയില്‍ മുള്ളും വലതു കൈയില്‍ കത്തിയും എടുത്തു. അപ്പോഴാണ് ഓര്‍ത്തത് ഫ്രൈഡ് റൈസ് പകര്‍ന്നിട്ടിട്ടില്ല, കത്തി താഴെ വെച്ച് മുള്ളുകൊണ്ട് ഫ്രൈഡ് റൈസ് പകര്‍ന്ന് കുറച്ചു ചിക്കനെടുത്ത് മിക്സ് ചെയ്തു. ഈ കത്തി കൊണ്ട് ഒരുപയോഗവും എനിക്കു തോന്നിയില്ല, എങ്കിലും വെറുതെ കൈയില്‍ പിടിച്ചു, ഒരു ജാഡയ്ക്ക്. ഒരു കുഴപ്പം മാത്രം, ഫ്രൈഡ് റൈസ് മാത്രമായിട്ടും, ചിക്കന്‍ മാത്രമായിട്ടും മാത്രമേ അകത്തു പോകുന്നുള്ളൂ. രണ്ടും കൂടി സായിപ്പടിക്കുന്ന പോലെ ഒരുമിച്ച് പോകുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഈ സായിപ്പില്ലായിരുന്നെങ്കില്‍ ത്രിശൂര്‍ റപ്പായി ചേട്ടന്‍ ഒരു പിടി പിടിയ്ക്കുന്ന പോലെ ഈ കോഴി എപ്പ തീര്‍ന്നൂന്ന് ചോദിച്ചാ മതിയായിരുന്നു.
ഇപ്പോ തോന്നുന്നു, വെറുതെ ജാഡ കാണിയ്ക്കേണ്ടായിരുന്നു. കത്തികൊണ്ട് കുത്തുമ്പോള്‍ കോഴി ഓടി നടക്കുകയാണു പ്ലേറ്റു മുഴുവന്‍. അങ്ങിനെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ ഞാന്‍ ആയുധമൊന്നുമില്ലാതെ മുന്തിരി ജ്യൂസും കുടിച്ചിരിക്കുമ്പോഴാണ് സായിപ്പ് തന്റെ പത്രപാരായണം നിര്‍ത്തി പ്ലേറ്റ് എടുത്ത് മുമ്പിലേക്ക് വക്കുന്നത്. ഇനിയിപ്പൊ അയാള്‍ കാണിക്കുന്നതു പോലെ കാണിക്കാം എന്ന് വിചാരിച്ചിരുന്ന എന്റെ ചങ്കു തകര്‍ത്ത ആ കാഴ്ച ഞാന്‍ കണ്ടു, സായിപ്പ് പനവട്ടിയില്‍ നിന്ന് ചോറെടുത്ത് പ്ലേറ്റിലിട്ടു, ചുമന്ന കറിയെടുത്ത് ചോറിനു മുകളിലൊഴിച്ചു. പിന്നെ കൈകൊണ്ട് കൂട്ടിക്കുഴച്ച് ഒരു പിടി. ഇടത്തെകൈകൊണ്ട് കോഴിക്കാലെടുത്ത് ഒരു കടി. ഒരു മലയാളിയുടെ സകലചേഷ്ടകളോടും കൂടി ഒരു ഊണ്, കത്തിയും മുള്ളും ഒന്ന് നോക്കുകപോലും ചെയ്യാതെ...
സ്വന്തം സത്ത മനസ്സിലാക്കാതെ ജാഡ കാട്ടാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ ഇതികര്‍ത്തവ്യാമൂഠനായി എന്റെ കോഴിയിലേക്ക് മടങ്ങി. പിന്നെ കാശും കൊടുത്ത് നാണ്‍ക്കേടിന്റെ ഇരുട്ടിലേക്ക്.....

അഭിപ്രായങ്ങള്‍

  1. ഈ ‘ബിന്‍ മെറ്റീരിയല്‍’ എഴുതിത്തീര്‍ക്കാന്‍ നാലു ദിവസം പിടിച്ചു,കഷ്ടപ്പെട്ടു. അപ്പോഴാണ് ബ്ലോഗന്മാരുടെ വിശ്വരൂപം മനസ്സിലായത്. ബൂലോകത്തെ പുപ്പുലികളെയും, കക്കടുവകളെയും മനസ്സാ നമിച്ച് വെത്തിലയും അടയ്ക്കയും കിട്ടാത്തതുകൊണ്ട് ഈ പോസ്റ്റ് പകരം സമര്‍പ്പിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു, നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ഇത് ബിന്‍ മെറ്റീരിയലൊന്നുമല്ലല്ലോ..ബിന്‍ ലാദനാ..:)
    ഞാന്‍ രണ്ട് വരിയെഴുതാന്‍ ആദ്യം രണ്ട് ദിവസം പിടിച്ചു..ഇപ്പം പേജുകളല്ലേ എഴുതിത്തള്ളുന്നത്..പേജുകള്‍..:) (കഴമ്പില്ലെന്നത് വേറേ)
    അതുകൊണ്ട് ഒട്ടും നിരാശ വേണ്ടാ..ഒരു രണ്ട് ആഴ്ച കഴിയട്ട്..ഇംഗ്ലീഷില്‍ ടയിപ്പ് ചെയ്യാന്‍ മറന്നു പോകും..
    ബൂലോകത്തിലേയ്ക്ക് സ്വാഗതം..ത്രിശ്ശൂര്‍ക്കാരുടേ ഒരു കൂട്ടുബ്ലോഗുമുണ്ട് ബൂലോകത്ത്..ദാ ഇവിടെ
    http://trissur.blogspot.com/

    ജീ മെയില്‍ ഐ ഡീ കൊടുത്ത് ഒരു കമന്റിട്ടാല്‍ മെമ്പര്‍ഷിപ്പ് പറന്നു‌വരുമെന്ന് ഞങ്ങള്‍ ദേവേട്ടനാദി കൊല്ലംകാര് പറയും..അവിടെയെന്താണാവോ ചടങ്ങ്....

    മറുപടിഇല്ലാതാക്കൂ
  4. രസിച്ചൂട്ടോ...
    നന്നായിട്ടുണ്ട്...
    ഇനിയും എഴുതൂ മാഷേ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...