ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആപ്പിള്‍‌ തിന്ന കൊതിയന്മാര്‍

കുറെ നാളുകളുടെ കാത്തിരിപ്പിനുശേഷം വീട്ടിലെ ആപ്പിള്‍ മരം പൂവിട്ടു, കായാ‍യി. നാട്ടുകാരെയും, അയല്‍ക്കാരെയും സുഹൃത്തുക്കളെയും ഈ സന്തോഷവര്‍ത്തമാനം വിളിച്ചറിയിക്കുകയും ചെയ്തു. ഓരോന്ന് തിന്നാന്‍ ആഗസ്റ്റില്‍ വരാന്‍ ക്ഷണിയ്ക്കുകയും ചെയ്തപ്പോഴാണ് ഈ കൃഷീവലന്റെ മനസ്സ് കുളിര്‍ത്തത്.
പറഞ്ഞ സമയം കൊണ്ട് ആഗസ്റ്റ് വരികയും ചെയ്തു. ഇതിനിടെ ആപ്പിള്‍ കൊണ്ട് വയ്ക്കാവുന്ന കിച്ചടി, പച്ചടി,തോരന്‍, അവിയല്‍ എന്നിവയെക്കുറിച്ച് വാമഭാഗവും, ആപ്പിള്‍കൊണ്ട് വാറ്റ്, വൈന്‍, ജൂസ് എന്നിവ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഞാനും ബൂലോകത്തില്‍ റിസര്‍ച്ച് ചെയ്തു. ഒന്നര വയസുകാരന്‍ തനയന്‍ ഇതിനിടെ എന്നും രണ്ടു നേരം ആപ്പിളിന്റെ വളര്‍ച്ച നേരിട്ട് ചെക്ക് ചെയ്ത് റിപ്പോര്‍ട്ട് ഉണ്ടാക്കി.
അങ്ങിനെ സന്തോഷപൂര്‍വ്വം പോട്ടം പിടിച്ചും പോസ്റ്റ് ചെയ്തും ഞാന്‍ സംതൃപ്തിയടഞ്ഞു. ഒരു ദിവസം, മഴ പെയ്തതിനു ശേഷം ഒരു ആപ്പിള്‍ വീഴാന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോയി അവനെ പൊട്ടിച്ചെടുത്ത് അവന്റെ കുറച്ച പോട്ടം പിടിച്ചു.
അതിനടുത്ത് നിന്നിരുന്ന ആപ്പിളില്‍ ഒരു വിള്ളല്‍ കണ്ടത് അത്ര കാര്യമാ‍ക്കിയില്ല. പിറ്റെ ദിവസം സൂപ്പര്‍വിഷനുപോയ തനയന്‍ ആപ്പിള്‍ മരത്തിനരികെ വായുവില്‍ വാള്‍പ്പയറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ് എന്തോ കുഴപ്പം മണത്തത്. ഉടനെ തന്നെ, വജ്രായുധം(കേമറ) കയ്യിലെടുത്ത് ഓടി ചെന്നു. ചെന്നപ്പോള്‍ കണ്ട കാഴച് ഹൃദയഭേദകമായിരുന്നു. ആ വിണ്ട ആപ്പിളില്‍ മുഴുവന്‍ കടന്നല്‍ (wasp).
സെക്യൂരിറ്റി ബ്രീച്ചിനെക്കുറിച്ച് ഉടന്‍ തന്നെ ഒരു മറുപടി തരാന്‍ സൂപ്പര്‍വൈസര്‍ക്ക് നിര്‍ദ്ദേശം നല്‍കി, അടുത്ത നടപടിയെന്തെന്ന് തീരുമാനിയ്ക്കാന്‍ അടിയന്തിരമായി ഡയറക്റ്റര്‍ ബോര്‍ഡ് കൂടി. ഭൂരിഭാഗം പേരും (ഞാനും ഭാര്യ്യും) ഒരെണ്ണമല്ലേ, കടന്നലല്ലേ തിന്നോട്ടെ, എന്ന തീരുമാനത്തിലും, മകന്‍, തക്കം കിട്ടീയാല്‍ ഞാനിവറ്റെയെ ചവിട്ടികൊന്നു കളയുമെന്ന് രഹസ്യമായി തീരുമാനിച്ചും യോഗം പിരിഞ്ഞു.
ഇതിനെല്ലാം കാരണം അഛന്റെ പോട്ടം പിടുത്തമാണെന്നും, ഇന്റര്‍നെറ്റില്‍ നിന്ന് ഗൂഗിള്‍ മാപ് നോക്കി കടന്നലുകള്‍ ലൊക്കേഷന്‍ കണ്ടുപിടിച്ച് ആക്രമിച്ചതാണെന്നും റിപ്പോര്‍ട്ട് കിട്ടി. സാമ്പത്തിക വ്യവസ്ഥ തകിടം മറിയ്ക്കാന്‍ അമേരിയ്ക്ക നടത്തിയ ആക്രമണമാണെന്നും, കടന്നലുകള്‍ അപകടത്തിന്റെ പ്രതീകമാണെന്നും രഹസ്യ റിപ്പോര്‍ട്ട് വായിച്ചു. പ്രസ്താ‍വനയിറക്കാന്‍ പിണറായി വിജയനേയോ, ദേവസ്വം മന്ത്രിയേയൊ ഉടന്‍ ബന്ധപ്പെടാനും റിപ്പോര്‍ട്ട് ആഗ്രഹം പ്രകടിപ്പിച്ചു.
അതൊന്നും കാര്യമാക്കാതെ ഞാന്‍ കുറച്ച് കൂടി പോട്ടം പിടിയ്ക്കാമെന്ന് കരുതി. മുകളില്‍ കാണുന്നത് ആപ്പിളിന്റെ ഞെട്ടി(stalk) യാണ്. മാക്രോ രീതിയില്‍ എടുത്തത്. അതിന് ചുറ്റും കാണുന്ന മഞ്ഞയും ചുമപ്പും ആപ്പിളിന്റെ നിറവും.

ആ വിള്ളലില്‍ക്കൂടി അകത്ത് കടന്ന് തിന്ന് കൊണ്ടിരിയ്ക്കുന്ന എല്ലാ അവന്മാരെയും അവളുമാരെയും പോട്ടത്തിലാക്കി. ഇതിനിടയില്‍ രംഗവീക്ഷണം ചെയ്യാന്‍ വന്ന ഒരു കടന്നല്‍ ഹെലികോപ്റ്റര്‍ മകന്‍ വെടിവെച്ചിട്ടു. നിരാലംബനായി നിലത്ത് കിടന്ന അവന്റെ പടമെടുത്ത് അല്‍-ജസീറയ്ക്ക് ഫാക്സ് ചെയ്തു, യുദ്ധത്തില്‍ ഞങ്ങള്‍ വിജയിച്ച് നില്‍ക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട്.
അന്നത്തെ ദിവസം അങ്ങിനെ പോയി, പിറ്റെ ദിവസം ആപ്പിള്‍ കാണാന്‍ കഴിയാത്ത വിധം കടന്നല്‍ മൂടി. ഒരു മീറ്റര്‍ അകലെ വരെ അവയുടെ ‘കറും മുറും’ എന്ന് ചവച്ചരയ്ക്കുന്ന ഒച്ച കേള്‍ക്കാം.
നല്ല വെയിലുള്ളത് കൊണ്ട് തുറന്നിട്ട ജനലിലൂടെ മൂന്ന് കടന്നല്‍ അകത്ത് കയറി, തലേ ദിവസം ഞങ്ങള്‍ പൊട്ടിച്ച് വെച്ചിരുന്ന ആപ്പിള്‍ ലക്ഷ്യ്മായി നീങ്ങി. അതു പോരാതെ, വാങ്ങി വെച്ചിരുന്ന ആപ്പിള്‍ ജൂസിന്റെ ഉള്ളില്‍ തലയിട്ട് പരിശോധിയ്ക്കുകയും ചെയ്തു.
ജൈവായുധം ഉണ്ടോ എന്ന് പരിശോധിയ്ക്കാന്‍ വിട്ട അന്വേഷകരാണെന്ന് മനസ്സിലാക്കി, സദ്ദാമിന് ഉണ്ടായ ഗതി വരാതിരിയ്ക്കാന്‍, ഉടന്‍ തന്നെ എല്ലാ ആപ്പിളും പുറത്തെത്തിച്ചു. അങ്ങിനെ, ആസന്നമായ ഒരു യുദ്ധത്തില്‍ നിന്ന് ഒരു കീഴടങ്ങലിലൂടെ വളരെ നയതന്ത്രപരമായി ഞങ്ങള്‍ രക്ഷപ്പെട്ടു. ബാക്കി, ചിത്രങ്ങളിലൂടെ ഇവിടെ കാണാം. പൊട്ടിച്ച് വെച്ച ആപ്പിള്‍ തിന്ന് കൊണ്ടിരിക്കുന്ന കടന്നല്‍, ഒന്നാം ദിവസം, സി. എന്‍. എന്‍ റിപ്പോര്‍ട്ട് ചെയ്തത്.



രണ്ടാം ദിവസം ആപ്പിള്‍ മുഴുവന്‍ തിന്നുതീര്‍ന്ന ചിത്രം.
ഇതിനിടയില്‍ അമേരിയ്ക്കയ്ക്ക് ബ്രിട്ടനെന്ന പോലെ, ഒരീച്ച ആപ്പിളിന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു.പക്ഷെ, എല്ലാം നല്ലതിന് എന്ന പൊരുള്‍ മനസ്സിലാക്കിയതുകൊണ്ട് ഞാനിവരിലൊരുത്തനെകണ്ട് സല്‍മാങ്ഖാന്റെ പോലെയിരിക്കുന്നൂന്ന് തോന്നി പിടിച്ച് ഫ്ലിക്കറിലിടുകയും അവിടെയെല്ലാവരും കൂടി ഇവനെ ലക്ഷം ചിത്രങ്ങളില്‍ നിന്ന് ദിവസവും 500 ചിത്രം തിരഞ്ഞെടുക്കുന്ന പരിപാടിയില്‍(flickr-explore) തിരഞ്ഞെടുക്കുകയും ചെയ്തു(no:480). പോട്ടം പിടിയ്ക്കുന്ന പുലികള്‍ക്ക് അതൊരു പുച്ഛമാണെങ്കിലും, അടിയന്‍ പാവം തുടക്കമാണേ...
യെവനാണവന്‍....................... ഇപ്പോഴത്തെയവസ്ഥ: രണ്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം കടന്നല്‍ തിന്ന് തീര്‍ത്തു. യുദ്ധം കഴിഞ്ഞ ഭൂമിയില്‍ കബന്ധങ്ങള്‍ കിടക്കുന്ന പോലെ ആപ്പിളുകള്‍ മരത്തിന് ചുറ്റും വീണ് കിടപ്പാണ്. കൂടുതലന്വേഷിച്ചപ്പോഴാണ്, എല്ലയിടത്തും ഇതു തന്നെ അവസ്ഥ. ബ്ലൂ ബെറിയും, റാസ്പ് ബേറിയും, ഇതു പോലെ കടന്നല്‍ തിന്ന്, ശരിയായ വിളവെടുക്കാന്‍ കഴിയാതെ വന്നെന്ന് ഒരു കര്‍ഷക സുഹൃത്ത് പറയുകയുണ്ടായി.

അഭിപ്രായങ്ങള്‍

  1. കടന്നലുകള്‍ തിന്ന് തീര്‍ത്ത ആപ്പിളുകളെക്കുറിച്ച് ഒരു ഫോട്ടോ ബ്ലോഗ്.

    മറുപടിഇല്ലാതാക്കൂ
  2. വിശദമായ ലേഖനം.!

    ടെമ്പ്ളേറ്റ് അല്പം കൂടി ലഘുവാക്കുമോ?

    ഇപ്പോഴത്തെ പരുവത്തില്‍ പോസ്റ്റ് വായിക്കുവാന്‍ ഇത്തിരി പ്രയാസമാണു, കമന്റ് സെക്ഷനാണു് നല്ല റെന്‍ഡറിങ്ങ് - ഇതാ സ്ക്രീന്‍ ഷോട്ട് (ഫയര്‍ഫോക്സ്)

    ഇത്രയും നല്ല ലേഖനങ്ങള്ക്ക് റീഡബിലിറ്റിയും അത്യാവശ്യമാണു് - ആയതിലേക്ക് കഴിവതും സിമ്പിളായൊരു ടെംപ്ളേറ്റ് സ്വീകരിക്കുമോ? നന്ദി..!

    മറുപടിഇല്ലാതാക്കൂ
  3. justify mode ലാണ് ബ്ലോഗ് കിടന്നിരുന്നത്. അതുകൊണ്ടാണ് വാചകങ്ങള്‍ തെറ്റിക്കിടന്നിരുന്നത്. ഞാന്‍ അതു മാറ്റി. ഒന്നു കൂടെ ചെക്ക് ചെയ്യാമോ?

    വായിച്ചതിന് സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  4. ഇപ്പോ കുഴപ്പമില്ല, ദാ ഒരു സ്ക്രീന്‍ ഷോട്ട് കൂടി..



    നന്ദി..!

    മറുപടിഇല്ലാതാക്കൂ
  5. കിടു വിവരണം ട്ടോ...ആപ്പിള്‍കൊതിയന്മാരുടെ ആക്രമണ പോട്ടംസ് കണ്ടു ഞെട്ടിപ്പോയി...:)

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാട്ടോ. ആപ്പിള്‍ കടന്നല്‍ തിന്നാലെന്താ ഒരു നല്ല പോസ്റ്റും കുറെ നല്ല ഫോട്ടോസും ഞങ്ങള്‍ക്കു കിട്ടിയില്ലെ? കടന്നലിന്‍റെ കടന്നാക്രമണം... ആ അത് നിങ്ങളെന്താന്ന് വച്ചാ ചെയ്യ് :)

    മറുപടിഇല്ലാതാക്കൂ
  7. അപ്പൊ,കടന്നല്‍ ആപ്പിളും തിന്നും അല്ലെ?
    നല്ല ചിത്രങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  8. ഹേയ് നിങ്ങളുടേ പോസ്റ്റുകളൊരുപാട് ഞാന്‍ കാണാണ്ട് പോയല്ലൊ സച്ചിയേട്ടാ. ഇതൊരു കിടിലന്‍ പോസ്റ്റും പടങ്ങളും തന്നെ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...