ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വാട്ടര്‍മാര്‍ക്കുകളെ കുറിച്ച്

ശുനകന് മൈല്‍ക്കുറ്റി കണ്ടാല്‍ തോന്നുന്ന പോലുള്ള ഒരു വികാരമാണ് ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ചിത്രങ്ങളോട്, ആശയപരമായും ആലങ്കാരികമായും.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലോഗ്ഗില്‍ വന്ന ചില വാട്ടര്‍മാര്‍ക്ക് പരാമര്‍ശങ്ങളും അതിനുകിട്ടിയ ചില മറുപടികളും കണ്ട് എന്റെ ചിത്രങ്ങളുടെ അവതരണത്തില്‍ത്തന്നെ മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിയ്ക്കുകയായിരുന്നു. അതിലേയ്ക്ക് കടക്കുന്നതിനുമുന്‍പ് എന്റെ പരിമിതമായ കാഴ്ചപ്പാടില്‍ ഞാനീവിഷയത്തെ എങ്ങിനെ കാണുന്നുവെന്ന് പറയാം.
വാട്ടര്‍മാര്‍ക്കിങ്ങ് എന്ത്, എന്തിന്?
ചിത്രങ്ങള്‍, ഡോകുമെന്റ്റുകള്‍, സിനിമ തുടങ്ങിയവയ്ക്ക് അവ നിര്‍മിച്ച ആളുകള്‍ക്ക് അവയുടെ മേലുള്ള നിയമപരമായ അവകാശം മറ്റുള്ളവരെ അറിയിയ്ക്കുന്നതിനുവേണ്ടിയുള്ള ഒരു രീതിയാണ് വാട്ടര്‍മാര്‍ക്കിങ്ങ്. പലപ്പോഴും ബ്ലാങ്ക് പേപ്പറില്‍ വെളിച്ചത്തിനുനേരെ പിടിച്ചാല്‍ മാത്രം കാണുന്ന ലോഗോ, ചിത്രങ്ങളുടെ മേല്‍ കാണുന്ന © ചിഹ്നം, വീഡിയോയില്‍ കാണുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സ്ക്രോളിങ്ങ് പേര് എന്നിവ ഈ വിഭാഗത്തില്‍ പെടുത്താം.

വാട്ടര്‍മാര്‍ക്കിങ്ങ് പലതരത്തില്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. ചിത്രത്തിന്റെ ഭംഗി നശിപ്പിയ്ക്കാതെ ഏതെങ്കിലും ഒരു കോണില്‍ മാത്രം © ചിഹ്നമോ അല്ലെങ്കില്‍ ഫോട്ടൊഗ്രാഫറുടെ പേരോ വെബ് അഡ്രസ്സോ ചെറിയ അക്ഷരങ്ങളില്‍ കൊടുക്കുന്ന ഒരു രീതി. © ചിഹ്നമോ അല്ലെങ്കില്‍ ഫോട്ടൊഗ്രാഫറുടെ പേരോ വെബ് അഡ്രസ്സോ ട്രാന്‍സ്പാരന്റായ അക്ഷരങ്ങളില്‍ ചിത്രത്തിന്റെ പ്രധാനഭാഗങ്ങളില്‍ കൊടുക്കുന്നതാണ് മറ്റൊരു രീതി. ചിത്രങ്ങള്‍ വില്‍ക്കുന്ന ചില വെബ്സൈറ്റുകള്‍, ഇ ബേ, തുടങ്ങിയവ ഈ രീതിയിലുള്ള വാട്ടര്‍മാര്‍ക്ക് ഉപയൊഗിക്കുന്നവരാണ്. ഇതിനെ വിസിബിള്‍ വാട്ടര്‍മാര്‍ക്കിങ്ങ് എന്നു പറയും.
ഇന്‍‌വിസിബിള്‍ ആയ്യിട്ടുള്ള വാട്ടര്‍മാര്‍ക്കിങ്ങ് ഒരു ആല്‍ഗൊരിതം ചിത്രത്തില്‍ എഴുതി ചേര്‍ക്കുന്ന രീതിയാണ്. ഇതുവഴി ഫോട്ടോഗ്രാഫറുടെ വിവരങ്ങള്‍, യഥാര്‍ത്ഥ ചിത്രത്തിന്റെ രൂപം എന്നിവ മനസ്സിലാക്കാന്‍ കഴിയും.

എന്തിനാണ് വാട്ടര്‍മാര്‍ക്കിങ്ങ്? എന്റെ ചിത്രങ്ങളുടെ മേലുള്ള എന്റെ പരമാധികാരം , എന്റെ ഉടമസ്ഥാവകാശം എന്നിവ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയാണ് വാട്ടര്‍മാര്‍ക്കിങ്ങ്. (ശുനകനെ ഓര്‍മ്മിയ്ക്കുക). പൊതുജീവിതത്തില്‍ പലപ്പോഴും നമ്മളിത് കാണാറുണ്ട്; നമ്മൂടെ സ്ഥലത്തിന് ചുറ്റും കെട്ടിയ വേലിയായും, മതിലിന്മേല്‍ പതിപ്പിച്ച ‘പരസ്യം അരുത്’ എന്ന പരസ്യമായുമെല്ലാം ഈ അവകാശസം‌രക്ഷണം നമ്മുടെ മുന്നില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. അവ വിളിച്ചുപറയുന്നത് ഒരേ ഒരു കാര്യം മാത്രം, ഇവിടെ കടന്നുകയറരുത്, മോഷ്ടിക്കരുത്. ഇത് സ്വകാര്യസ്മ്പത്താണ്.ഒരു അമേരിയ്ക്കന്‍ കുടുംബത്തിന് സംഭവിച്ചത് ഇവിടെ വായിക്കുക. പൊതുജീവിതത്തില്‍ പലപ്പോഴും ഈ അവകാശങ്ങള്‍ മാനിയ്ക്കപ്പെടറുണ്ടെങ്കിലും വെബ്ബില്‍ അതത്ര പാലിയ്ക്കപ്പെടാറില്ല. സമയമുണ്ടെങ്കില്‍ ഇവിടെ പോയി തെളിവുസഹിതം കാണുക. ഇവയില്‍ പലതും ചെയ്തിരിക്കുന്നത് നമ്മുടെ നാട്ടിലെ പത്രമുത്തശ്ശിമാരും പേരുകേട്ട ശ്ശിങ്കങ്ങളുമാണെന്നറിഞ്ഞാല്‍ ഞെട്ടാതെ തരമില്ല. പിടിയ്ക്കപ്പെട്ടപ്പോള്‍ പലരും രഹസ്യമായി ഒതുക്കിതീര്‍ത്തെന്നത് വേറെ കാര്യം.

ഇവിടെ നടന്ന ചര്‍ച്ചകളില്‍ ഫോട്ടോഗ്രാഫര്‍മാര്‍ വാട്ടര്‍മാര്‍ക്കുകള്‍ ഉപയൊഗിയ്ക്കുന്നതിനോട് ആ‍ര്‍ക്കും എതിര്‍പ്പുള്ളതായിപ്പറഞ്ഞതായി അറിവില്ല. എതിര്‍പ്പ് പലപ്പോഴും ചിത്രത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുമ്പോഴാണ്. ആസ്വാദനഭംഗം വരുത്തുന്ന രീതിയില്‍ ചിത്രത്തിന്റെ നടുക്ക്തന്നെ വാട്ടര്‍മാര്‍ക്കിങ്ങ് വരുമ്പോഴാണ് പ്രശ്നം. പക്ഷേ, ഞാനടക്കം മറ്റുപലരും എന്തിനീ കൊലപാതകം ചെയ്യുന്നുവെന്ന് അല്ലെങ്കില്‍ അതിന് നിര്‍ബന്ധിക്കപ്പെടുന്നുവെന്ന് നോക്കാം.

1. പ്രശസ്തരല്ലാത്ത ആളുകള്‍ (ഞാന്‍) തങ്ങളുടെ സൃഷ്ടി മഹത്തരമാണെന്നും ലോകോത്തരമാണെന്നും തോന്നുമ്പോള്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ഒരു കോപ്പിറൈറ്റ് ചിഹ്നവും പേരുമെല്ലാം എഴുതിചേര്‍ക്കാറുണ്ട്.
2. ഫോട്ടോകള്ളന്മാരായ സുഹൃത്തുക്കള്‍, ഈ ചിത്രങ്ങള്‍ അവര്‍ എടുത്തതാണെന്നും പറഞ്ഞ് സുഹൃത്തുക്കളെ കാണിയ്ക്കുന്നതും അവകാശം നടിയ്ക്കുന്നതും ഒഴിവാക്കാന്‍.(എന്റെ ഒരു സുഹൃത്തിന് എന്റെ മെമ്മറികാര്‍ഡ് മുഴുവന്‍ കോപ്പി ചെയ്യണം, പുള്ളീയ്യുടെ ലാപ്റ്റോപ്പിലേയ്ക്ക്, ഹൂം, കിട്ടിയത് തന്നെ ).
3. കോപ്പിറൈറ്റും പേരും ഒരു വശത്ത് എഴുതിചേര്‍ത്താല്‍ അത് ക്രോപ്പ് ചെയ്യുകയോ ക്ലോണ്‍ ചെയ്യുകയൊ ചെയ്യാം. നേരത്തെ കാണിച്ച ലിങ്കില്‍ ഒരു ലോകോത്തര ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളാണ് ഒരു മലയാളി അടിച്ചുമാറ്റി സ്വന്തമാക്കി സ്വന്തം ഫ്ലിക്കര്‍ സൈറ്റിലിട്ടിരിയ്ക്കുന്നത്. ചിതങ്ങള്‍ ശ്രദ്ധിച്ചാല്‍ വാട്ടര്‍മാര്‍ക്കിങ്ങ് ഉള്ള താഴ്ഭാഗം മുറിച്ച് മാറ്റിയത് കാണാന്‍ കഴിയും.
4. പ്രശസ്തരായ മറ്റു ചിലര്‍ക്ക് പറ്റിയത് പറ്റാതിരിയ്ക്കാന്‍. പറ്റിയത് ഇവിടെ, ഇവിടെ, ഇവിടെ

മുകളിലുള്ള ലിങ്കുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും പ്രശ്നത്തിന്റെ നില എത്ര ഗുരുതരമാണെന്ന്. പലപ്പോഴും ചിത്രങ്ങള്‍ മോഷ്ടിയ്ക്കുന്നത് ഗ്രാഫിക് ഡിസൈനര്‍മാരാണ്. 800 * 600 വലുപ്പമുള്ള ചിത്രം അടിച്ചുമാറ്റി ഫോട്ടോഗ്രാഫര്‍മാരുടെ പേര് ക്ലോണ്‍ ചെയ്ത് കളഞ്ഞ് 1/4 പേജ് വരെ വലുപ്പത്തില്‍ പ്രിന്റ് ചെയ്യാന്‍ പാകത്തില്‍ മിടുക്കന്മാരാണ് ഇവരില്‍ പലരും. നല്ല ചിത്രങ്ങള്‍ ഫ്ലിക്കറില്‍ കാണുമ്പോള്‍ അടിച്ചുമാറ്റാനുള്ള പ്രേരണ, ഈ വാട്ടര്‍മാര്‍ക്കുകള്‍ കാണുമ്പോള്‍ ഒരുപക്ഷേ ഇല്ലാതാകുമായിരിയ്ക്കും. ചിത്രത്തിന്റെ അസ്വാദനത്തെ ഇത്തരത്തിലുള്ള വാട്ടര്‍മാര്‍ക്കിങ്ങ് ബാധിയ്ക്കുമെന്ന് പറയാതെ വയ്യ. പക്ഷേ, ഇത്തരത്തിലുള്ള കള്ളന്മാരെയും വിവരദോഷികളെയും ഒഴിവാക്കാന്‍ ഇതല്ലാതെ വേറെ വഴിയുണ്ടെന്ന് തോന്നുന്നില്ല.
ഇന്‍‌വിസിബിള്‍ വാട്ടര്‍മാര്‍ക്കിങ്ങിനെക്കുറിച്ച് ചില പരാമര്‍ശങ്ങളും കാണുകയുണ്ടായി. അതിന്റെ പ്രാധാന്യം തള്ളിക്കളയാന്‍ വയ്യ, എന്നാലും നല്ല ഒരു സോഫ്റ്റ്വെയര്‍ വാങ്ങാന്‍ 200-300 പൌണ്ട് ഓളം ചെലവ് വരും, പിന്നെ പ്രിന്റ് മീഡിയയില്‍ വരുന്ന ചിത്രങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ കഴിയില്ല(no traceability) എന്ന വലിയ പോരായ്മയും ഇതിനുണ്ട്. കണ്ടുപിടിയ്ക്കപ്പെട്ടാല്‍ കോടതിയില്‍ തെളിയിക്കാന്‍ ഇത് ഉപകരിയ്ക്കുമെന്നത് സമ്മതിയ്ക്കാതെ വയ്യ.

വേറെയൊന്ന്, ഒരു ബ്ലോഗില്‍ നിന്നും സാമ്പാറുണ്ടാക്കുന്നത് മോഷ്ടിച്ചാല്‍, അത് മോഷ്ടിച്ചവനെയും അവന്റെ കുടുംബത്തയും(IP address)വരെ കണ്ടെത്തി കുറ്റവിചാരണ ചെയ്ത് ഒന്നന്നര കാതം ഉപന്യസിയ്ക്കുന്ന ബൂലോകര്‍ തങ്ങളുടെ സൈറ്റുകളില്‍ ഉപയോഗിയ്ക്കുന്ന ചിത്രങ്ങള്‍ മോഷണവസ്തുക്കളാണോ എന്ന് തിരക്കാറില്ല എന്നത് ഖേദകരമാണ്.

ചിത്രങ്ങള്‍ ഫ്രീയായി വേണമെന്നുള്ളവര്‍ക്ക് creative commons ലൈസന്‍സ് ഉള്ള ചിത്രങ്ങള്‍ ഉപയോഗിയ്ക്കാവുന്നതേയുള്ളൂ..

എനിയ്ക്ക് ഫോട്ടോഗ്രാഫി ഹോബിയാണ്. ഞാന്‍ ഒരു പ്രോഫഷണല്‍ അല്ല.  എന്റെ ചിത്രങ്ങള്‍, എനിയ്ക്ക് വളരെ പ്രിയപ്പെട്ടതാകുന്നു, കാരണം, ഒരു നല്ല സൂര്യോദയം കിട്ടാന്‍ ഞാന്‍ 3 മണിയ്ക്ക് എഴുന്നേല്‍ക്കുകയും, 2 മണിക്കൂര്‍ ഡ്രൈവ് ചെയ്ത് കടല്‍തീരത്തും മലയടിവാരത്തും കറങ്ങിയടിച്ച് എടുക്കുന്ന 50 ചിത്രങ്ങളില്‍ 10 മാത്രമേ പുറം‌ലോകം കാണുള്ളുവെങ്കിലും, അതിനുവേണ്ടി ഞാന്‍ ചിലവിട്ട നിമിഷങ്ങള്‍ വളരെ വിലപ്പെട്ടതാണ്. പല ഫോട്ടോഗ്രാഫര്‍മാരും ഉപയൊഗിയ്ക്കുന്ന ക്യാമറകളും ലെന്‍സുകളും ലക്ഷങ്ങളോളം വില വരും. അതുകൊണ്ടൊക്കെത്തന്നെ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിയ്ക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് പലപ്പോഴും കുപ്പത്തൊട്ടിയില്‍ വീഴാനുള്ള ഭാഗ്യമേയുള്ലുവെങ്കിലും അതെടുത്ത ആള്‍ക്ക് അത് ഒരു മഹാസംഭവം തന്നെയാണ്. അതിനെ നിങ്ങള്‍ക്ക് മാനിയ്ക്കുകയോ, അപമാനിയ്ക്കുകയോ ചെയ്യാം.



polassery - View my most interesting photos on Flickriver

അഭിപ്രായങ്ങള്‍

  1. തീർച്ചയായും താങ്കളോടു അനുകൂലിക്കുന്നു ,ആസ്വാദനത്തിനു ഭംഗം വരുന്നു എന്നു താങ്കൾ തന്നെ സമ്മതിക്കുന്നല്ലൊ .മോഷ്ടിക്കുന്നവനെ പിടിക്കാൻ ഒരു പുതിയ മാർഗ്ഗം തെളിയട്ടെ എന്നല്ലാതെ എനിക്കു കൂടുതൽ ഈ വിഷയത്തിൽ അറിവില്ല .താങ്കളുടെ ഈ ഉത്സാഹത്തിനെ അഭിനന്ദിക്കുന്നു ,എല്ലാ ആശംസകളൂം ആത്മാർഥയോടെ
    സജി

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ ചുമ്മാ ഈ വഴിക്കിറങ്ങിയതാണ്, ബട്ടെ ഇതൊന്നു വായിച്ചപ്പോള്‍ ചങ്കീകൊണ്ടു കെട്ടോ !!!! നുമ്മ ഒരു ചെറ്യേ പടം പിടുത്തക്കാരനാണ്, അതോണ്ടാവും !!!

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കിടുവയെപ്പിടിയ്ക്കുന്ന കടുവകള്‍

പലതവണ പത്രങ്ങളിലും ബ്ലോഗുകളിലും നൈജീരിയന്‍ തട്ടിപ്പുകാരെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇന്ന് മനോരമയില്‍ കണ്ട വാര്‍ത്തയാണ് ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്. നിങ്ങളില്‍ പലര്‍ക്കും താഴെക്കാണുന്ന പോലുള്ള മെയിലുകള്‍ ലഭിച്ചിട്ടുണ്ടാകും. പലരും അത് അപ്പോള്‍ തന്നെ ദിലീറ്റ് ചെയ്യുകയോ സ്പാം ഫോള്‍ഡറിലേയ്ക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടാകും. വേറെ ചിലര്‍ അതില്‍ കാണുന്ന പോലെ വന്‍‌തുകകള്‍ സ്വന്തമാക്കാന്‍ കയ്യിലിരിയ്ക്കുന്ന കാശ് മുഴുവന്‍ പല തട്ടിപ്പുകാര്‍ക്കും അയച്ച് കൊടുക്കുകയും ചെയ്യും. അങ്ങിനെ ഒരു ആയുര്‍വേദഡോക്റ്റര്‍ക്ക് പറ്റിയ അക്കിടിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് രണ്ട് നൈജീരിയക്കാരെ പിടിയ്ക്കാന്‍ സഹായമായത്. എന്നാല്‍ ഇനിയും ഒരു കൂട്ടരുണ്ട്. അവരെക്കുറിച്ചാണ് ഈ പോസ്റ്റ്. The Palace of King of Ogoni Kingdom, Ogoni Oil producing community, Rivers State Nigeria. Dear Sir, I am Princess blessing , daughter of HRH King Solomon Abonime, the king of Ogoni Kingdom. I am 25 years old and a graduate of Mass Communication. My father was the king of Ogoni Kingdom the highest oil producing area in Nigeria. He w...

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

ഹോള്‍ഗാ- നിന്നെക്കുറിച്ച്

Copyright @ Eddie Mallin. www.monosnaps.com Eddie Mallin എന്ന ഫോട്ടോഗ്രാഫറെ പരിചയപ്പെടുന്നതിന് മുന്‍പ് ബ്ലാക് & വൈറ്റ് ഫിലിം ഫോട്ടോഗ്രാഫിയൊട് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയിരുന്നില്ല. ഫിലിം ഫോട്ടോഗ്രാഫിയോട് എന്ന് മാത്രമല്ല, ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ ചില പോര്‍ട്രെറ്റ് ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും മാത്രമേ ഉപകരിയ്ക്കൂ എന്ന ഒരു മുന്‍‌വിധിയും ഉണ്ടായിരുന്നുവോ എന്ന് സംശയമുണ്ട്. എങ്കിലും പലപ്പോഴായി കാണുന്ന പ്രദര്‍ശനങ്ങളില്‍ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുടെ മികവ് അത്ഭുതപ്പെടുത്താതിരുന്നിട്ടീല്ല. ഒരു പക്ഷെ, മലയാളം ഫോട്ടോ ബ്ലോഗുകളില്‍ ധൈര്യപ്പെട്ട് ഒരു മോണോ ചിത്രം പ്രസിദ്ധീകരിയ്ക്കുന്നവര്‍ കുറവാണെന്നതിന് കാരണം നിറങ്ങളുമായുള്ള അഭിരമിയ്ക്കല്‍ കാഴ്ചയുടെ രസമുകുളങ്ങളെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നത് കൊണ്ടാവാനേ സാധ്യതയുള്ളൂ. ആസ്വാദകരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ചിത്രങ്ങളെടുക്കാനും അവയ്ക്ക് ‘പഞ്ച്’ ഉള്ള തലക്കെട്ടുകളിടാനും അത് കിട്ടിയില്ലെങ്കില്‍ ചിത്രത്തിനുതാഴെ നാലുവരി കവിതയെഴുതി വിമര്‍ശകരുടെ നാവടപ്പിയ്ക്കാനുമെല്ലാം നമ്മുടെ കച്ചവടബുദ്ധികള്‍ പലപ്പോഴായി ഉറക്കമൊഴിയ്...