പതിവുപോലെ ഒരു ബോറ് ദിനം, പക്ഷെ, കുറെ നാളായി കരുതുന്നു, കാട്ടില്‍ പോയി മാനിന്റെ കുറച്ച് ചിത്രങ്ങള്‍ എടുക്കണമെന്ന്. ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഞാനായിരിയ്ക്കുമെന്ന് ഭാര്യയുടെ അരികെ വീമ്പ് പറയുമ്പോള്‍ അവള്‍ പറയാറുള്ളതാണ്, ഈ പാറ്റേനേം, തവളയെയും പോട്ടം പിടിയ്ക്കുന്ന പോലെയല്ല ഇതെന്ന്. (എന്നെക്കണ്ട് വാലും പൊക്കിയോടുന്ന കാട്ടുകോഴി(ഫെസന്റ്റ്) മയിലിനെപ്പോലെ നല്ല ഭംഗിയാണ്). ഓരോ പൊല്ലാപ്പേ, ആണുങ്ങല്‍ക്കീ വാശിയും വൈരാഗ്യബുദ്ധീം ഉണ്ടാക്കിക്കൊടുക്കുന്നതിവരാ... വെറുതെയിരുന്ന എന്നെപ്പിടിച്ച് വാശി കേറ്റി കാട്ടീക്കയറ്റി. ഇവിടെയിരുന്ന് ചിപ്സും തിന്ന് ബ്ലോഗ് വായിച്ചിരിക്കേണ്ട ഞാനാ... പണ്ടൊരു ഭീമന്‍ ഇതേ പോലെ വലിയാളു ചമഞ്ഞത് ഇത്തരുണത്തില്‍ സ്മരാമി. എന്തായാലും, പുട്ട്കുറ്റീം(70-300 സൂം ലെന്‍സിനെ ഭാര്യ വിളിയ്ക്കുന്ന പേര്) ചൂട്ട് കറ്റേം ആയി കാട് കയറി. കാടെന്ന് പറയുമ്പോള്‍ കാട് തന്നെ. സംരക്ഷിത വനം. അതിനകത്ത് 2ഓ മൂന്നോ തരം മാനുകള്‍, വിവിധതരം അണ്ണാന്‍, പക്ഷികള്‍, കുറുക്കന്മാര്‍ അങ്ങിനെ പല ജാതി ജന്തു ജീവജാലങ്ങളും കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു. പലപ്പോഴായി പോട്ടം പിടിയ്ക്കുന്ന ചില കൂട്ടുകാര്‍ അവിടെപ്പോയി ന...