ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാനെ, പുള്ളിമാനെ, ആരോടും പറയരുതീ കഥ

പതിവുപോലെ ഒരു ബോറ് ദിനം, പക്ഷെ, കുറെ നാളായി കരുതുന്നു, കാട്ടില്‍ പോയി മാനിന്റെ കുറച്ച് ചിത്രങ്ങള്‍ എടുക്കണമെന്ന്. ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഞാനായിരിയ്ക്കുമെന്ന് ഭാര്യയുടെ അരികെ വീമ്പ് പറയുമ്പോള്‍ അവള്‍ പറയാറുള്ളതാണ്, ഈ പാറ്റേനേം, തവളയെയും പോട്ടം പിടിയ്ക്കുന്ന പോലെയല്ല ഇതെന്ന്.

(എന്നെക്കണ്ട് വാലും പൊക്കിയോടുന്ന കാട്ടുകോഴി(ഫെസന്റ്റ്) മയിലിനെപ്പോലെ നല്ല ഭംഗിയാണ്).

ഓരോ പൊല്ലാപ്പേ, ആണുങ്ങല്‍ക്കീ വാശിയും വൈരാഗ്യബുദ്ധീം ഉണ്ടാക്കിക്കൊടുക്കുന്നതിവരാ... വെറുതെയിരുന്ന എന്നെപ്പിടിച്ച് വാശി കേറ്റി കാട്ടീക്കയറ്റി. ഇവിടെയിരുന്ന് ചിപ്സും തിന്ന് ബ്ലോഗ് വായിച്ചിരിക്കേണ്ട ഞാനാ... പണ്ടൊരു ഭീമന്‍ ഇതേ പോലെ വലിയാളു ചമഞ്ഞത് ഇത്തരുണത്തില്‍ സ്മരാമി.

എന്തായാലും, പുട്ട്കുറ്റീം(70-300 സൂം ലെന്‍സിനെ ഭാര്യ വിളിയ്ക്കുന്ന പേര്) ചൂട്ട് കറ്റേം ആയി കാട് കയറി. കാടെന്ന് പറയുമ്പോള്‍ കാട് തന്നെ. സംരക്ഷിത വനം. അതിനകത്ത് 2ഓ മൂന്നോ തരം മാനുകള്‍, വിവിധതരം അണ്ണാന്‍, പക്ഷികള്‍, കുറുക്കന്മാര്‍ അങ്ങിനെ പല ജാതി ജന്തു ജീവജാലങ്ങളും കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു. പലപ്പോഴായി പോട്ടം പിടിയ്ക്കുന്ന ചില കൂട്ടുകാര്‍ അവിടെപ്പോയി നല്ല സ്വയമ്പന്‍ ചിത്രങ്ങള്‍ എടുത്ത് കാണിയ്ക്കാറുണ്ട്. അങ്ങിനെയാണീ മാന്റെ പോട്ടം പിടിയ്ക്കുന്ന ചിന്ത തുടങ്ങിയത്. വീടിനടുത്ത് നിന്ന് പത്തുകിലോമീറ്ററെയുള്ളൂ.

കാട്ടീല്‍
കടന്ന് നടന്ന് തുടങ്ങി. ഒരു ഭയം. കമ്പ്ലീറ്റ് നിശ്ശബ്ദത.
അവിടെയവിടെയായി മൃഗങ്ങള്‍ നടന്നതിന്റെ പാട് കാണാം.(ഭാഗ്യം, ഇവിടെ പുലിയും, പാമ്പുമൊന്നുമില്ല). കുറെ നടന്നപ്പോള്‍ മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം കേട്ട് കുനിഞ്ഞ് നിലത്തിരുന്ന് നോക്കി. ഒരു വലിയ പട്ടിയുടെ അത്രയും പോന്ന എന്തോ ഓടിപ്പോകുന്നു. കുറുക്കനായിരിയ്ക്കും. പിന്നേം പേടി. ഇതവന്റെ ഗ്രൊണ്ടാ, എങ്ങാനും ഗ്രൂപ്പായി ആക്രമിച്ചാലോ? പിന്നെ ഒരു വക ഹോളിവുഡ് സിനിമയില്‍ പോലീസ് തീവ്രവാദികളെ പിടിയ്ക്കാന്‍ പോകുന്ന പോലെ, ഒരു സ്റ്റെപ്പ്, മൂന്ന് നോട്ടം, രണ്ടിരിപ്പ്, മുട്ട് കുത്തല്‍, എന്നിങ്ങനെ അടുത്ത നാല് കി.മി നടന്നു. ഇതിനിടയില്‍ വഴിയില്‍ക്കണ്ട പൂക്കളും ഇലകളും പിടിയ്ക്കാന്‍ മറന്നില്ല. ഇത്രേം ദൂരം നടന്നിട്ടും മാന്റെ കാഷ്ടമല്ലാതെ, അതിനെയൊന്ന് കാണാന്‍ പോലും കിട്ടിയില്ലല്ലോ എന്നാലോചിച്ച്, വിഷണ്ണനായി ഞാന്‍ ഒരു വെള്ളച്ചാലിന്റെ അരീത്ത് നില്‍ക്കുമ്പോള്‍ എനിക്കൊരു ക്ലൂ കിട്ടി.
നല്ല ഫ്രഷായ കാല്‍പ്പാടുകള്‍, മഴ കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റി. പിന്നെ അതിന്‍ പുറകെ, ഒരു സ്റ്റെപ്പ്, മൂന്ന് നോട്ടം, രണ്ടിരിപ്പ് എന്നിങ്ങനെ...തിരിച്ച് മൂന്ന് കി.മി. കുറെക്കഴിഞ്ഞ് ബോറടിച്ചപ്പോള്‍ എന്നാപ്പിന്നെ മടങ്ങിപ്പോകാമെന്ന് കരുതി ഒരിടത്ത് കുത്തിയിരിപ്പായി. പെട്ടെന്ന് ഒരൊച്ച കേട്ടു. എന്തോ അമറുന്ന പോലെ, കുറെ നേരം കാത്തിരുന്നപ്പോള്‍ പിന്നെയും അമറല്‍. നടപ്പാതയുടെ പിന്നിലുള്ള കാട്ടില്‍ നിന്നാണ്, ഒന്നും കാണാന്‍ വയ്യ, നല്ല കട്ടിയുള്ള മരങ്ങളും താഴെ വരെയെത്തി നില്‍ക്കുന്ന ചില്ലകളും. പതിയെ പതിയെ, ഒച്ചയുണ്ടാക്കാതനങ്ങാതെ, അതിനകത്തേയ്ക്ക്. ഒരു 50മീറ്റര്‍ പോയിക്കാണും, ഒരു മരത്തിന്റ്റെ മറവില്‍ നിന്ന് പതിയെ പുറത്ത് വന്നപ്പോള്‍ അതാ ഒരു മാന്‍, എന്നെ ത്തന്നെ നോക്കി വണ്ടറടിച്ചങ്ങനെ. ഒരു സെക്കന്റ് നേരത്തെയ്ക്ക് ഞാന്‍ ഒന്ന് ഞെട്ടിപ്പോയി, വൈല്‍ഡ് ലൈഫ് പോട്ടം ഇയറും, ഭീമനെയും പെട്ടെന്നോറ്മ്മ വന്നു. പൂട്ടുകുറ്റി വച്ച് നാല് പെട. അതാ പോകുന്ന് വാലും പൊക്കി മാന്‍. പിന്നെ അതിന്റെ പുറകെ, അതിന്റെ കെട്ടിയോനും, സന്താനങ്ങളും, സഹോദരീ സഹോദരങ്ങളും ഓടി രക്ഷപ്പെട്ടു.
തല്‍ക്കാലം പിടിച്ച് നില്‍ക്കാന്‍ ഒരു പോട്ടം കിട്ടിയല്ലോ എന്നാലോചിച്ച് ഞാന്‍ സന്തോഷമായി വീട്ടിലേയ്ക്ക്..പണ്ടെ വലിച്ച് പിടിച്ച മസില്‍ ശ്രീമതിയെക്കണ്ടപ്പോള്‍ ഒന്നുകൂടി പെരുപ്പിച്ച് വീരകഥ പറയാന്‍ തുടങ്ങി. പക്ഷേ, പറഞ്ഞു തുടങ്ങുന്നതിന് മുന്‍പെ അവള്‍, ‘ ചായ വേണെങ്കി പോയിപ്പാലു വാങ്ങി വാ, പാലു തീര്‍ന്നു പോയി; കഥ അത് കഴിഞ്ഞ്’.
പോരുന്ന വഴിയ്ക്ക് പെട്രോള്‍ സ്റ്റെഷനില്‍ നിന്നും ചായ കുടിക്കാതിരുന്നതിന്‍ എന്നെ പ് രാവി കോട്ട്മെടുത്ത് ഞാന്‍ പുറത്തോട്ട്.
വരട്ടെ, വൈല്‍ഡ് ലൈഫ് പോട്ടം പിടിയ്ക്കല്‍ ഇങ്ങ് വന്നോട്ടെ....
red squirrel, protected species

അഭിപ്രായങ്ങള്‍

  1. മറ്റൊരു പോട്ടം കഥ. ഇത്തവണ, കാട്ടില്‍ പോയത്.

    മറുപടിഇല്ലാതാക്കൂ
  2. ചിത്രങള്‍ ഇഷ്ടായി - പക്ഷെ മാനിന്റേതിനെക്കാള്‍ കൂടുതല്‍ ഇഷ്ടായത് അണ്ണാന്റെ ചിത്രം. സാഹസിക യാത്രകള്‍ ഇനിയും ഉണ്ടാകട്ടെ - നല്ല ഫോട്ടോകളും.. അഭിനന്ദനങള്‍...

    മറുപടിഇല്ലാതാക്കൂ
  3. നല്ല രസം ണ്ട് ട്ടോ.. എവടെയാ ഈ സംരക്ഷിത വനം? നമ്മക്കും, ഒരു പൂതി :)

    മറുപടിഇല്ലാതാക്കൂ
  4. ഈ വൈല്‍ഡ് ലൈഫ് പോട്ടം പിടുത്തം കണ്ടു എനിക്കിത്തിരി കുശുമ്പ് വന്നു...
    നല്ല ചിത്രങ്ങള്‍ കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  5. എല്ലാവര്‍ക്കും നന്ദി.

    ദ് കിഡ്, ഇത് അയര്‍ലന്‍ഡിലെ ലീഷ് എന്ന സ്ഥലത്താണ്. ഈമോ എന്നാണ് സ്ഥലനാമം.

    മറുപടിഇല്ലാതാക്കൂ
  6. നല്ല ചിത്രങ്ങൾ. കൂടുതൽ ഇഷ്ടായത് ഏറ്റവും താഴത്തെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ...

‘ശ്രീ’ എന്നെഴുതാന്‍-പെണ്ണുങ്ങള്‍ക്ക്

മിനി ടിച്ചറുടെ മിനി നര്‍മ്മം എന്ന ബ്ലോഗില്‍ കണ്ട നാരായണീയം-ഹരിശ്രീ എന്ന നര്‍മ്മകഥ അവസാനിച്ചത് രസകരമായിട്ടായിരുന്നു.നമ്മള്‍ തുല്യരാണെന്ന് തെളിയിയ്ക്കാന്‍ ശ്രമിച്ച ഭാര്യയെ ‘ഹരി’ എന്ന് മുറ്റത്ത് മൂത്രമൊഴിച്ച ശേഷം അതുപോലെ ‘ശ്രീ’ എന്നെഴുതാന്‍ തന്റെ ഭാര്യയെ വെല്ലുവിളിച്ച് നാരായണന്‍ മാസ്റ്റര്‍ ചമ്മിപ്പിയ്ക്കുന്ന രംഗം. രസകരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍. ഒരു പക്ഷേ, നാരായണി ടീച്ചറേക്കാള്‍ കടന്നു ചിന്തിച്ച മഹിളാരത്നങ്ങള്‍ ഈ ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. Dragons Den എന്ന ഒരു BBC TV പരിപാടിയില്‍ കണ്ട ഒരു വസ്തുതയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയതും വളരെ സാമ്പത്തികലാഭം ഉണ്ടാക്കുന്നതുമായ ഐഡിയകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അതുവഴി അവരുടെ കമ്പനികളില്‍ പങ്കാളികളാവുന്ന മള്‍ട്ടിമില്യണയര്‍മാരെയാണ് dragon എന്ന് ഇവിടെ വിവക്ഷ. അഞ്ചോ ആറോ multi millionaires ന്റെ മുന്‍പില്‍ ഒരു പുതിയ പ്രൊഡക്റ്റ് അവതരിപ്പിയ്ക്കുകയും അതിന്റെ മാര്‍ക്കറ്റിങ്ങ് സാധ്യത അവരെ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അവരുടെ കാശിറപ്പിയ്ക്കുകയാണ് പരിപാടി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു സ്ത്രീ അവതരിപ്പിച്ച product വളരെയധികം ശ്...

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നു...