2009, ജൂലൈ 26, ഞായറാഴ്‌ച

എന്റെ കാശുപോകുന്ന വഴി

പ്രലോഭനങ്ങള്‍ മനുഷ്യനെ ആദികാലം തൊട്ടേ കബളിപ്പിയ്ക്കാറുണ്ട്. ആദത്തിനും ഹവ്വയ്ക്കും തോന്നിയതും പ്രലോഭനമാണല്ലോ. ഭൂമിയില്‍ ഇന്നുവരെ കാണപ്പെട്ട എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ആഗ്രഹങ്ങള്‍ തന്നെ. പ്രലോഭനങ്ങളില്‍ പെടാതെ ജീവിയ്ക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ബുദ്ധനായി, വികാരങ്ങളടക്കി ഈ പ്രപഞ്ചസത്യങ്ങള്‍ മനസ്സിലാക്കി വെറും ഒരു ജീവനായി ജീവിച്ചുതീരും.

പറഞ്ഞുവന്നത് എനിയ്ക്ക് അങ്ങിനെ താല്‍പ്പര്യമില്ലായെന്ന്. അതുകൊണ്ട് തന്നെ കയ്യില്‍ നിന്ന് കാശുകളയാനുള്ള എല്ലാ വഴികളും ഞാനന്വേഷിയ്ക്കാതെ തന്നെ എന്നെ തേടിവരും. അതില്‍ ഏറ്റവും പുതിയതാണ് ഇവിടെ പറയുന്നത്.

വീട്ടില്‍ bay watch (E-BAY) നിഷിദ്ധമായതുകൊണ്ട് ഓഫീസിലാണ് പലപ്പോഴും bay watch. കൂടാതെ ഇനി e bay യില്‍ നിന്നെങ്കിലും വാങ്ങിയാല്‍ addressee moved എന്നു പറഞ്ഞ് തിരിച്ചയയ്ക്കുമെന്ന് ഒരു ഭീഷണി കളത്രം വക ഉള്ളതുകൊണ്ട് കുറച്ചുനാളായി അത് കുറച്ചിരിയ്ക്കുകയായിരുന്നു. പക്ഷെ, പണി പറ്റിച്ചത് മാത്രുഭൂമിയിലെ ജ്യോതിഷക്കാരനാണ്. പുള്ളിയുടെ കവടിയുടെ കിടപ്പനുസരിച്ച് എനിയ്ക്ക് ഈയാഴ്ച കാശുകുറെകിട്ടാനുള്ള വകുപ്പുണ്ട്. അതും ചൂതാട്ടം, കറക്കികുത്ത്, മുച്ചീട്ട് തുടങ്ങിയ അധോലോക നമ്പരുകള്‍ വഴി. അവിടെയാണ് ഞാന്‍ പറഞ്ഞ പ്രലോഭനത്തിന്റെ വിളി. പിന്നെ ഉറക്കമില്ല, കറക്കമില്ല, ഒന്നുമില്ല. അങ്ങിനെ കാശുകിട്ടാനുള്ള വഴി തേടി ഞാനലഞ്ഞുനടന്നു. പലതവണ e bay യെക്കുറിച്ച് ആലോചിച്ചുവെങ്കിലും ഒന്നും ആവശ്യമുള്ളതായി തോന്നിയില്ല.
എനിയ്ക്ക് പരിചയമുള്ള പല auction site കളുമുണ്ട്.e bayയിലാണേങ്കില്‍ നമ്മള്‍ വാങ്ങിയാല്‍ മാത്രമേ കാശു പോകൂ. വേറെ പല പോക്കര്‍ സൈറ്റുകളും, ബെറ്റിങ്ങ് സൈറ്റുകളും ഓണ്‍ലൈന്‍ ലോട്ടറികളും വീട്ടിലിരുന്ന് തന്നെ കാശുകളയാനുള്ള മാര്‍ഗ്ഗങ്ങള്‍ റെഡിയാക്കിത്തരാറുണ്ട്. അതുകൊണ്ട് തലയില്‍ മുണ്ടിട്ട് ബുക്കീസിന്റെ അടുത്ത് പോകേണ്ട അവസ്ഥയില്ല.ഇന്റര്‍നെറ്റിന്റെ ഓരോ ഗുണങ്ങളേ...

അപ്പോ പറഞ്ഞുവന്നത്, ഞാന്‍ കണ്ട പുതിയ അവതാരത്തെ പറ്റി. ജൂലായ് ഒന്നിന് www.bidrivals.com എന്ന ഒരു പുതിയ bidding site 16 രാജ്യങ്ങളിലായിത്തുടങ്ങി. അതിന്റെ TV ad കണ്ടപ്പോള്‍ തന്നെ ഞാന്‍ തലയും കുത്തി വീണു. ദാ..ദിവിടെ.കലക്കന്‍. ഇവനാണ് ചൂതാട്ടത്തിന്റെ അന്തിക്രിസ്തു. എന്നാല്‍ പിന്നെ ഒന്ന് കാണുക തന്നെ.
www.bidrivals.com ഉടനെ പോയിക്കണ്ടു. കലക്കന്‍, ആ പച്ചയും വെള്ളയും ഹൌ. ഒറ്റയിരുപ്പിന് മുഴുവന്‍ വായിച്ചു, അവര് ഒരു bid, free ആയികൊടുക്കുന്നുണ്ടത്രേ. സന്തോഷായി. ഏകദേശം e bay പോലെ തന്നെ. നമ്മുടെ e bay experience ഇതിലിട്ട് ഒരു പെട പെടയ്ക്കാം, യേത്. ഒരു കുളിര്, അതങ്ങിനെ മേലാസകലം ഇക്കിളിയിട്ടു കളിച്ചു. ഒരു വ്യത്യാസം മാത്രം. e bay യില്‍ നമുക്ക് ഒരു guarantee യുമില്ല, നല്ല സാധനം കിട്ടുമെന്ന്. ഡുപ്ലിയാണോ, refurbished ആണോ, കുന്നംകുളമാണോ എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ, ഈ പുതിയവന്‍ വില്‍ക്കുന്ന എല്ലാം branded items. 32ഇഞ്ച് ടീ.വി സംസ്ങ്ങ്, wee, sony playstation, canon 50D camera, Nikon 90, Canon Cam corder, എന്നു വേണ്ട എനിയ്ക്ക് വേണ്ടാത്ത എല്ലാ സാധനങ്ങളും ഒരു യുറോയ്ക്കും രണ്ടു യുറോയ്ക്കും വില്‍ക്കാന്‍ വെച്ചിരിയ്ക്കുന്നു. ആവശ്യമില്ലാത്ത സാധങ്ങളാണെങ്കിലും ഒരെണ്ണം വാങ്ങിയാല്‍ ഒരെണ്ണം free എന്ന് കണ്ടാല്‍ പിന്നെ എന്റെ പോക്കറ്റിലെ കാശ് താനെ ഇറങ്ങിപ്പോയി എനിയ്ക്ക് വാങ്ങിത്തരാറുണ്ട്, അല്ലാതെ ഞാനായിട്ട് വാങ്ങിയ്ക്കാറില്ല. ആ സെറ്റപ്പായതുകൊണ്ട് ഉടനെതന്നെ ചാടിക്കേറി രജിസ്റ്റര്‍ ചെയ്തു.
വളരെയധികം impressive ആണ് സെറ്റപ്പ്. bid start ചെയ്യുന്നത് 0.01 യുറോയില്‍ നിന്ന്. അല്ലെങ്കില്‍ അതിനനുസരിച്ച currency യില്‍. ആസ്ത്രേലിയായിലും യു.കെ യിലും കറന്‍സിയ്ക്കനുസരിച്ച് മാറ്റം വരാം. ഒരു bid ന് 0.50 euro ആണ് ചാര്‍ജ്. ഓരോതവണ ബിഡ് ചെയ്യുമ്പോഴും 0.01 യൂറോ വച്ച് കൂടിക്കൊണ്ടിരിയ്ക്കും. ഉദാഹരണത്തിന് ഇപ്പോള്‍ കാണുന്ന ടി.വിയുടെ വില 0.01 യുറോ. ഓരോ തവണ ബിഡ് ചെയ്യുമ്പോഴും അത് 0.01 യൂറൊ കൂടിക്കൊണ്ടിരിയ്ക്കും. അപ്പോള്‍ ടി.വിയുടെ യഥാര്‍ത്ഥ വില 1300 യുറോ ആണെങ്കിലും നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ 1 യൂറോയ്ക്ക് ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. ഈ സാധ്യതയാണ് ഞാന്‍ മേലെപ്പറഞ്ഞ പ്രലോഭനം. 32 ഇഞ്ച് സാംസങ്ങ് ടി.വി ഒരു യുറോയ്ക്ക്. അങ്ങിനെ ഒരു 10 യൂറോയ്ക്ക് വീടുമുഴുവന്‍ പലതരം സാധനങ്ങള്‍, ഉറക്കം വര്വോ?
ടി.വി അപ്പോഴും 1 യൂറോ ആയിട്ടില്ല. പത്തുപതിനഞ്ച് പേര്‍ തകര്‍ത്ത് ബിഡ് ചെയ്യുന്നുണ്ട്. അപ്പോഴാണ് എന്റെ ബ്രെയിനിന്റെ കണക്കു വിഭാഗം ഓണായത്. അവന്‍ കണ്ടുപിടിച്ചത് ഇങ്ങിനെ.
ഒരു ബിഡ് ചെയ്യാന്‍ ബിഡ്ഡര്‍ക്ക് ചാര്‍ജ് 0.50 euro.
bidd increment after every bid 0.01 euro.
ബിഡ്ഡിങ്ങ് 100 euro ആകുമ്പോള്‍ ആകെ ബിഡ്ഡ് = 100/0.01 =10000.
10000 ബിഡ്ഡിന് വേണ്ട ചാര്‍ജ് = 10000 * 0.50 = 5000 euro.
ഒരു ടി.വിയുടെ വില = 1300 euro.

കമ്പനിയ്ക്ക് ലാഭം = 3700 യൂറൊ. ഹോ...ഇതെന്റെ ബുദ്ധിയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി.

പക്ഷേ, വര്‍ഷങ്ങളായി കാശുകളഞ്ഞ് പരിചയമുള്ളത് കൊണ്ട് ഒന്ന് detailed ആയി വായിച് പഠിച്ചിട്ട് മതിയെന്ന് ആരോ പറഞ്ഞ പോലെ. എന്നാപ്പിന്നെ അങ്ങിനെ,ഗൂഗിള്‍ പുസ്തകം തുറന്നു, വായന തുടങ്ങി. പലതവണ കാശു പോയ ചങ്ങാതിമാര്‍ മറ്റുള്ളവര്‍ക്ക് ഒരു റെഫറന്‍സിനുവേണ്ടി ഇതുപോലെ ഓരോ കഥകള്‍ എഴുതിവിടാറുണ്ട്. അതൊക്കെ പരതി തിരിച്ചു വന്നു. അതോടെ എന്റെ ധൈര്യം ചോര്‍ന്ന് പോയി. എനി ബാക്കിയുള്ളവര്‍ കാശുകളയുന്നത് കണ്ടിരിയ്ക്കാം എന്ന് കരുതി. അതാ വരുന്നു, എന്റെ ഇഷ്ടപ്പെട്ട കേമറ.Canon EOS 50D with 18-200mm Lens. Market Price 1600 Euro. ബിഡ്ഡിങ്ങ് തുടങ്ങുന്നത് വെള്ളിയാഴ്ച 13.30 ന്. ഇതിന് മുന്‍പ് ആ ക്യാമറ വിറ്റു പോയത് 58 യൂറോയ്ക്ക്.

ബാല്‍ക്കെണിയില്‍ തന്നെ സീറ്റ് പിടിച്ച് കാഴ്ച തുടങ്ങി. 23 പേര്‍ മുട്ടനിടിയാണ്, ഈ ക്യാമറയ്ക്ക് വേണ്ടി. ഞാനും കൂടിയേനെ. പക്ഷെ, ധൈര്യമില്ലല്ലോ. അതില്‍ ഒരു മണിക്കൂറിനു ശേഷവും രണ്ട് പേരുകള്‍ ഞാന്‍ ശ്രദ്ധിച്ചു. orbitalmotion നും ponti6 ഉം.കുറെക്കഴിഞ്ഞ് നോക്കിയപ്പോള്‍ പരിചയമുള്ള പേരില്‍ orbitalmotion മാത്രം ബാക്കിയുണ്ട്. ഇങ്ങിനെ ആക്രാന്തം കാണിയ്ക്കുന്നത് ബിഡ്ഡിങ്ങിലെ ഒരു തന്ത്രമാണ്, താന്‍ ഇത് വാങ്ങിയിട്ടേ അടങ്ങൂ എന്ന ഒരു message ലോകത്തിന് കൊടുക്കാനും, ബാക്കിയുള്ളവരൊക്കെ വിട്ടുപോടാ എന്ന് പറയാനും. അതോടെ ഞാന്‍ ഉറപ്പിച്ചു, ഓ ഇതവന്‍ കൊണ്ട് പോയി.
ഇന്ന് ഞായറാഴ്ച. ആ കേമറയില്‍ ബിഡ്ഡീങ്ങ് തുടങ്ങിയിട്ട് രണ്ടു ദിവസമായി. orbitalmotion ഇപ്പോഴും ബിഡ്ഡ് ചെയ്യുന്നുണ്ട്. ഇതിനിടയ്ക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പല തവണ ഞാന്‍ കയറി നോക്കിയപ്പോഴും പുള്ളിയുണ്ട്.
ഇന്നത്തെ സ്ഥിതി വിവരക്കണക്ക്. ബിഡ്ഡിങ്ങ് നടക്കുന്നത് = 189 യുറൊ.
അതായത് 18900 ബിഡ്ഡുകള്‍.
ആള്‍ക്കാര്‍ ചിലവാക്കിയത് 18900*0.50 യൂറോ = 9450 യൂറോ.
കേമറയുടെ വില = 1600 യൂറോ.
കമ്പനിയ്ക്ക് ലാഭം = 9450-1600 =7850 യുറോ.

ഇനി orbitalmotion എന്ന ചങ്ങാതിയ്ക്ക് എന്ത് സംഭവിച്ചെന്ന് നോക്കാം.
ഓരോ തവണ ബിഡ് ചെയ്യുമ്പോഴും 15 സെക്കന്റായി ബിഡ്ഡിങ്ങ് റ്റൈം റിസെറ്റ് ചെയ്യും. ആ സമയത്തിനുള്ളില്‍ ആരും ബിഡ് ചെയ്തില്ലെങ്കില്‍ സാധനം നമുക്ക് സ്വന്തം. പക്ഷെ, ഈ കേസില്‍ അങ്ങിനെ സംഭവിച്ചില്ല. ആരെങ്കിലും കയറി ബിഡ്ഡ് ചെയ്തുകളയും. ഈ സൈറ്റില്‍ ഒരു ബിഡ് ഏജന്റ് എന്ന് ഒപ്ഷനുണ്ട്. അതില്‍ സെറ്റ് ചെയ്താല്‍ അവന്‍ നമുക്ക് വേണ്ടി ബിഡ്ഡ് ചെയ്തുകൊള്ളും. കണക്ക് കൂട്ടുകയാണേങ്കില്‍ ഒരു മിനുട്ടില്‍ 4 തവണ ബിഡ്ഡ് ചെയ്യാം. ഒരു മണിക്കൂറില്‍ 240 തവണ. ഇതില്‍ മൂന്നിലൊന്ന് orbitalmotion എന്ന ബിഡ്ഡറുടെതാണേങ്കില്‍ ഒരു മണിക്കൂറില്‍ 80 ബിഡ്ഡ്. അങ്ങിനെ 48 മണിക്കൂറില്‍ 3840 ബിഡ്ഡ്.
അതായത് 3840 * 0.50 യൂറോ = 1920യൂറോ.
കേമറയുടെ വില 1600 യൂറോ.
ഇപ്പോള്‍ orbitalmotion ബിഡ്ഡില്‍ ജയിക്കുകയാണെങ്കില്‍ അയാള്‍ക്ക് ചിലവാകുന്നത് 1920 യൂറോ + 189 യൂറോ(current bid price) = 2109 യൂറോ.
പുള്ളി കടയില്‍ പോയി വാങ്ങുകയാണെങ്കില്‍ 1600 യൂറോയ്ക്ക് സാധനം കയ്യിലിരുന്നേനെ. ഇനിയിപ്പോ ഇട്ടിട്ട് പോകാന്‍ പറ്റുമോ? 1920 യൂറോ ചിലവാക്കിയതല്ലേ? ഇനിയും ബിഡ്ഡ് ചെയ്യുക തന്നെ.....ഹാ...കഷ്ടം.
ഇപ്പോള്‍ കിട്ടിയത് : Orbitalmotion, camera സ്വന്തമാക്കി, 2126 + 207.50 യുറോ കൊടുത്ത്. മാര്‍ക്കറ്റ് വാല്യൂവിനേക്കാള്‍ 733 യൂറോ കൂടുതല്‍ കൊടുത്ത്.

അപ്പോള്‍ പറഞ്ഞുവന്നത് പ്രലോഭനം...ഹാ, അതുകാരണം ഞാന്‍ ഇതാ ഇവിടെ ഈ സൈറ്റും തുറന്ന് വെച്ച് സ്ഥിതിവിവരക്കണക്ക് നോക്കി(റബ്ബറിന്റെയല്ല) ഇങ്ങിനെയിരിയ്ക്കുന്നു.മുട്ടനാടിന്റെ ഇടി കണ്ട് രസിയ്ക്കുന്ന കുറുക്കനെ പ്പോലെ...
എപ്പോഴാണോ എന്തോ......

പിന്നെ,കാശുകളയലിന്റെ അസുഖമുള്ള ചേട്ടന്മാരും ചേച്ചിമാരും ഒന്നു പോയി നോക്കിക്കൊള്ളൂ.. http://www.bidrivals.com/
.


Another example of bad bidding.


2009, ജൂലൈ 22, ബുധനാഴ്‌ച

ജീവനോടെ തൊലിയുരിച്ചാല്‍

ഇന്ന് മെയിലില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കുറിയ്ക്കുന്നു.
ലോകത്ത്, വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലും മൃഗങ്ങളുടെ തൊലിയ്ക്ക് ഇന്നും നല്ല ഡിമാന്‍ഡാണ്. പ്രത്യേകിച്ച് യുറോപ്യന്‍, അമേരിയ്ക്കന്‍ രാജ്യങ്ങളില്‍. തണുപ്പ് കാലത്ത് പ്രതേകിച്ചും. പലപ്പോഴും മൃഗസ്നേഹികള്‍ ഇത്തരം വസ്ത്രം ധരിച്ചവരെ പിടിച്ചുനിറുത്തി ബ്ലേഡ് കൊണ്ട് വരയുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എനിയ്ക്ക് പരിചയമുള്ള ഒരു സ്ത്രീയുടെ ഫര്‍ കോട്ട് ഒരു വിവാഹത്തിനിടയ്ക്ക് ഊരിയിട്ടത് നടുവെ കീറിയിരുന്ന സംഭവം ഓര്‍മ്മ വരുന്നു. എന്തൊക്കെയാലും രോമക്കോട്ടിനോടുള്ള പ്രണയം കുറയുന്നില്ല തന്നെ. അതുകൊണ്ട് എത്രയും കൂടുതല്‍ ഫര്‍ കയറ്റിയയയ്ക്കാന്‍ ചില രാജ്യങ്ങള്‍ തയാറാവുന്നു.
ആഗോളമാര്‍ക്കറ്റായി ലോകം ചുരുങ്ങിയ ശേഷം എവിടെ നിന്നാണ് ഇവ വരുന്നത് എന്ന് ചിലപ്പോള്‍ ട്രേസ് ചെയ്യാന്‍ കഴിയാതെ വരും. ഭൂരിപക്ഷവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ചൈനയില്‍ നിന്നുമാണെന്ന് കരുതപ്പെടുന്നു. കൂടുതല്‍ ഉത്പാദനം നടക്കുന്ന സ്ഥലങ്ങളില്‍ ചൂഷണം അത്ര രഹസ്യമാവാറില്ല. കുട്ടികളെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്നതും മൃഗങ്ങളെ ഉപദ്രവിയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദനം എന്നതാണല്ലോ ഏതൊരു ബിസിനസ്സ്കാരന്റെയും സ്വപ്നം. ഇങ്ങിനെ നടക്കുന്ന ചൂഷണങ്ങളെ സ്വരാജ്യങ്ങളിലെ അധികാരികള്‍ കണ്ടില്ലെന്ന് നടിയ്ക്കാറുണ്ട്. അതിനെതിരെ ആഗോള മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം വരുമ്പോഴുമേ അവര്‍ കണ്ണൂ തുറക്കാറുള്ളൂ.

ചൈന എന്ന മധുര മനോജ്ഞ രാജ്യം ഇതിനകം പല തരത്തിലുള്ള ചൂഷണങ്ങള്‍ക്കും പേരെടുത്തുകഴിഞ്ഞു. Made in India എന്ന ലേബലില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരുന്നുകച്ചവടം നടത്തിയതാണ് ഏറ്റവും പുതിയ സംഭവം. കാണാതെ പോയ ചില ക്രൂരതകള്‍ കാട്ടിത്തരാന്‍ ചില സംഘടനകള്‍ ശ്രമിച്ചതിന്റെ ഭാഗമായി ഒളിക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ചില ക്രൂരചലനചിത്രങ്ങള്‍ താഴെ.

Pledge to go fur-free at PETA.org.

രോമക്കോട്ടുകള്‍ ഉപേക്ഷിയ്ക്കൂ, മൃഗങ്ങളെ രക്ഷിയ്ക്കൂ

മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത കാണുവാന്‍ ഈ പേജ് വായിയ്ക്കൂ

2009, ജൂലൈ 18, ശനിയാഴ്‌ച

കൊടുങ്ങല്ലൂര്‍ക്കാവില്‍ കണ്ടത്


2009 ലെ ഭരണിക്കാവില്‍ നിന്ന് :

ഭരണിക്കാവിലെ നിലപാടുതറകള്‍ പോലെ തന്നെ പ്രശസ്തിയുള്ളതാണ് പല വീട്ടുകാര്‍ക്കുമുള്ള അവകാശങ്ങള്‍. ഇതില്‍ കിഴക്കെ നടയില്‍ തള്ളുന്ന നേര്‍ച്ചക്കോഴികളുടെമേല്‍ ആര്‍ക്കെങ്കിലും അവകാശം ഉണ്ടോ എന്നെനിയ്ക്കറിയില്ല.

ഇനി ഞാന്‍ കണ്ട കാര്യം : ഭക്തര്‍ ദേവിയ്ക്ക് നിവേദിയ്ക്കുന്ന കോഴികളെ ഈ വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാരനും സുഹൃത്തുക്കളും മതില്‍ക്കെട്ടിനകത്തുനിന്നും പിടിച്ചുകൊണ്ട് പോകുന്നത് കാണാന്‍ കഴിഞ്ഞിരുന്നു. അത് അവരുടെ അവകാശമാണോ അതൊ തെമ്മാടിത്തരമാണോ എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. നേര്‍ച്ചക്കോഴികളുടെ മേലുള്ള അവകാശം പലപ്പോഴും അടിപിടിയുടെ വക്കില്‍ വരെ എത്തിയിട്ടും കണ്ടതായി സമീപത്തുള്ള പോലീസും ഗൌനിച്ചില്ല.
എന്തായാലും ജീവിതം മുഴുവന്‍ ഓര്‍ത്തിരിയ്ക്കാന്‍ ഈ ചെറുപ്പക്കാരന് ചില മുറിവുകള്‍ സമ്മാനിച്ചുകൊണ്ട് ഒരു കോഴി രക്ഷപ്പെട്ടു. ആ ചലന ചിത്രങ്ങളാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.

2009, ജൂലൈ 7, ചൊവ്വാഴ്ച

വാട്ടര്‍മാര്‍ക്കുകളെ കുറിച്ച്

ശുനകന് മൈല്‍ക്കുറ്റി കണ്ടാല്‍ തോന്നുന്ന പോലുള്ള ഒരു വികാരമാണ് ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ചിത്രങ്ങളോട്, ആശയപരമായും ആലങ്കാരികമായും.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലോഗ്ഗില്‍ വന്ന ചില വാട്ടര്‍മാര്‍ക്ക് പരാമര്‍ശങ്ങളും അതിനുകിട്ടിയ ചില മറുപടികളും കണ്ട് എന്റെ ചിത്രങ്ങളുടെ അവതരണത്തില്‍ത്തന്നെ മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിയ്ക്കുകയായിരുന്നു. അതിലേയ്ക്ക് കടക്കുന്നതിനുമുന്‍പ് എന്റെ പരിമിതമായ കാഴ്ചപ്പാടില്‍ ഞാനീവിഷയത്തെ എങ്ങിനെ കാണുന്നുവെന്ന് പറയാം.
വാട്ടര്‍മാര്‍ക്കിങ്ങ് എന്ത്, എന്തിന്?
ചിത്രങ്ങള്‍, ഡോകുമെന്റ്റുകള്‍, സിനിമ തുടങ്ങിയവയ്ക്ക് അവ നിര്‍മിച്ച ആളുകള്‍ക്ക് അവയുടെ മേലുള്ള നിയമപരമായ അവകാശം മറ്റുള്ളവരെ അറിയിയ്ക്കുന്നതിനുവേണ്ടിയുള്ള ഒരു രീതിയാണ് വാട്ടര്‍മാര്‍ക്കിങ്ങ്. പലപ്പോഴും ബ്ലാങ്ക് പേപ്പറില്‍ വെളിച്ചത്തിനുനേരെ പിടിച്ചാല്‍ മാത്രം കാണുന്ന ലോഗോ, ചിത്രങ്ങളുടെ മേല്‍ കാണുന്ന © ചിഹ്നം, വീഡിയോയില്‍ കാണുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സ്ക്രോളിങ്ങ് പേര് എന്നിവ ഈ വിഭാഗത്തില്‍ പെടുത്താം.

വാട്ടര്‍മാര്‍ക്കിങ്ങ് പലതരത്തില്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. ചിത്രത്തിന്റെ ഭംഗി നശിപ്പിയ്ക്കാതെ ഏതെങ്കിലും ഒരു കോണില്‍ മാത്രം © ചിഹ്നമോ അല്ലെങ്കില്‍ ഫോട്ടൊഗ്രാഫറുടെ പേരോ വെബ് അഡ്രസ്സോ ചെറിയ അക്ഷരങ്ങളില്‍ കൊടുക്കുന്ന ഒരു രീതി. © ചിഹ്നമോ അല്ലെങ്കില്‍ ഫോട്ടൊഗ്രാഫറുടെ പേരോ വെബ് അഡ്രസ്സോ ട്രാന്‍സ്പാരന്റായ അക്ഷരങ്ങളില്‍ ചിത്രത്തിന്റെ പ്രധാനഭാഗങ്ങളില്‍ കൊടുക്കുന്നതാണ് മറ്റൊരു രീതി. ചിത്രങ്ങള്‍ വില്‍ക്കുന്ന ചില വെബ്സൈറ്റുകള്‍, ഇ ബേ, തുടങ്ങിയവ ഈ രീതിയിലുള്ള വാട്ടര്‍മാര്‍ക്ക് ഉപയൊഗിക്കുന്നവരാണ്. ഇതിനെ വിസിബിള്‍ വാട്ടര്‍മാര്‍ക്കിങ്ങ് എന്നു പറയും.
ഇന്‍‌വിസിബിള്‍ ആയ്യിട്ടുള്ള വാട്ടര്‍മാര്‍ക്കിങ്ങ് ഒരു ആല്‍ഗൊരിതം ചിത്രത്തില്‍ എഴുതി ചേര്‍ക്കുന്ന രീതിയാണ്. ഇതുവഴി ഫോട്ടോഗ്രാഫറുടെ വിവരങ്ങള്‍, യഥാര്‍ത്ഥ ചിത്രത്തിന്റെ രൂപം എന്നിവ മനസ്സിലാക്കാന്‍ കഴിയും.

എന്തിനാണ് വാട്ടര്‍മാര്‍ക്കിങ്ങ്? എന്റെ ചിത്രങ്ങളുടെ മേലുള്ള എന്റെ പരമാധികാരം , എന്റെ ഉടമസ്ഥാവകാശം എന്നിവ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയാണ് വാട്ടര്‍മാര്‍ക്കിങ്ങ്. (ശുനകനെ ഓര്‍മ്മിയ്ക്കുക). പൊതുജീവിതത്തില്‍ പലപ്പോഴും നമ്മളിത് കാണാറുണ്ട്; നമ്മൂടെ സ്ഥലത്തിന് ചുറ്റും കെട്ടിയ വേലിയായും, മതിലിന്മേല്‍ പതിപ്പിച്ച ‘പരസ്യം അരുത്’ എന്ന പരസ്യമായുമെല്ലാം ഈ അവകാശസം‌രക്ഷണം നമ്മുടെ മുന്നില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. അവ വിളിച്ചുപറയുന്നത് ഒരേ ഒരു കാര്യം മാത്രം, ഇവിടെ കടന്നുകയറരുത്, മോഷ്ടിക്കരുത്. ഇത് സ്വകാര്യസ്മ്പത്താണ്.ഒരു അമേരിയ്ക്കന്‍ കുടുംബത്തിന് സംഭവിച്ചത് ഇവിടെ വായിക്കുക. പൊതുജീവിതത്തില്‍ പലപ്പോഴും ഈ അവകാശങ്ങള്‍ മാനിയ്ക്കപ്പെടറുണ്ടെങ്കിലും വെബ്ബില്‍ അതത്ര പാലിയ്ക്കപ്പെടാറില്ല. സമയമുണ്ടെങ്കില്‍ ഇവിടെ പോയി തെളിവുസഹിതം കാണുക. ഇവയില്‍ പലതും ചെയ്തിരിക്കുന്നത് നമ്മുടെ നാട്ടിലെ പത്രമുത്തശ്ശിമാരും പേരുകേട്ട ശ്ശിങ്കങ്ങളുമാണെന്നറിഞ്ഞാല്‍ ഞെട്ടാതെ തരമില്ല. പിടിയ്ക്കപ്പെട്ടപ്പോള്‍ പലരും രഹസ്യമായി ഒതുക്കിതീര്‍ത്തെന്നത് വേറെ കാര്യം.

ഇവിടെ നടന്ന ചര്‍ച്ചകളില്‍ ഫോട്ടോഗ്രാഫര്‍മാര്‍ വാട്ടര്‍മാര്‍ക്കുകള്‍ ഉപയൊഗിയ്ക്കുന്നതിനോട് ആ‍ര്‍ക്കും എതിര്‍പ്പുള്ളതായിപ്പറഞ്ഞതായി അറിവില്ല. എതിര്‍പ്പ് പലപ്പോഴും ചിത്രത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുമ്പോഴാണ്. ആസ്വാദനഭംഗം വരുത്തുന്ന രീതിയില്‍ ചിത്രത്തിന്റെ നടുക്ക്തന്നെ വാട്ടര്‍മാര്‍ക്കിങ്ങ് വരുമ്പോഴാണ് പ്രശ്നം. പക്ഷേ, ഞാനടക്കം മറ്റുപലരും എന്തിനീ കൊലപാതകം ചെയ്യുന്നുവെന്ന് അല്ലെങ്കില്‍ അതിന് നിര്‍ബന്ധിക്കപ്പെടുന്നുവെന്ന് നോക്കാം.

1. പ്രശസ്തരല്ലാത്ത ആളുകള്‍ (ഞാന്‍) തങ്ങളുടെ സൃഷ്ടി മഹത്തരമാണെന്നും ലോകോത്തരമാണെന്നും തോന്നുമ്പോള്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ഒരു കോപ്പിറൈറ്റ് ചിഹ്നവും പേരുമെല്ലാം എഴുതിചേര്‍ക്കാറുണ്ട്.
2. ഫോട്ടോകള്ളന്മാരായ സുഹൃത്തുക്കള്‍, ഈ ചിത്രങ്ങള്‍ അവര്‍ എടുത്തതാണെന്നും പറഞ്ഞ് സുഹൃത്തുക്കളെ കാണിയ്ക്കുന്നതും അവകാശം നടിയ്ക്കുന്നതും ഒഴിവാക്കാന്‍.(എന്റെ ഒരു സുഹൃത്തിന് എന്റെ മെമ്മറികാര്‍ഡ് മുഴുവന്‍ കോപ്പി ചെയ്യണം, പുള്ളീയ്യുടെ ലാപ്റ്റോപ്പിലേയ്ക്ക്, ഹൂം, കിട്ടിയത് തന്നെ ).
3. കോപ്പിറൈറ്റും പേരും ഒരു വശത്ത് എഴുതിചേര്‍ത്താല്‍ അത് ക്രോപ്പ് ചെയ്യുകയോ ക്ലോണ്‍ ചെയ്യുകയൊ ചെയ്യാം. നേരത്തെ കാണിച്ച ലിങ്കില്‍ ഒരു ലോകോത്തര ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളാണ് ഒരു മലയാളി അടിച്ചുമാറ്റി സ്വന്തമാക്കി സ്വന്തം ഫ്ലിക്കര്‍ സൈറ്റിലിട്ടിരിയ്ക്കുന്നത്. ചിതങ്ങള്‍ ശ്രദ്ധിച്ചാല്‍ വാട്ടര്‍മാര്‍ക്കിങ്ങ് ഉള്ള താഴ്ഭാഗം മുറിച്ച് മാറ്റിയത് കാണാന്‍ കഴിയും.
4. പ്രശസ്തരായ മറ്റു ചിലര്‍ക്ക് പറ്റിയത് പറ്റാതിരിയ്ക്കാന്‍. പറ്റിയത് ഇവിടെ, ഇവിടെ, ഇവിടെ

മുകളിലുള്ള ലിങ്കുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും പ്രശ്നത്തിന്റെ നില എത്ര ഗുരുതരമാണെന്ന്. പലപ്പോഴും ചിത്രങ്ങള്‍ മോഷ്ടിയ്ക്കുന്നത് ഗ്രാഫിക് ഡിസൈനര്‍മാരാണ്. 800 * 600 വലുപ്പമുള്ള ചിത്രം അടിച്ചുമാറ്റി ഫോട്ടോഗ്രാഫര്‍മാരുടെ പേര് ക്ലോണ്‍ ചെയ്ത് കളഞ്ഞ് 1/4 പേജ് വരെ വലുപ്പത്തില്‍ പ്രിന്റ് ചെയ്യാന്‍ പാകത്തില്‍ മിടുക്കന്മാരാണ് ഇവരില്‍ പലരും. നല്ല ചിത്രങ്ങള്‍ ഫ്ലിക്കറില്‍ കാണുമ്പോള്‍ അടിച്ചുമാറ്റാനുള്ള പ്രേരണ, ഈ വാട്ടര്‍മാര്‍ക്കുകള്‍ കാണുമ്പോള്‍ ഒരുപക്ഷേ ഇല്ലാതാകുമായിരിയ്ക്കും. ചിത്രത്തിന്റെ അസ്വാദനത്തെ ഇത്തരത്തിലുള്ള വാട്ടര്‍മാര്‍ക്കിങ്ങ് ബാധിയ്ക്കുമെന്ന് പറയാതെ വയ്യ. പക്ഷേ, ഇത്തരത്തിലുള്ള കള്ളന്മാരെയും വിവരദോഷികളെയും ഒഴിവാക്കാന്‍ ഇതല്ലാതെ വേറെ വഴിയുണ്ടെന്ന് തോന്നുന്നില്ല.
ഇന്‍‌വിസിബിള്‍ വാട്ടര്‍മാര്‍ക്കിങ്ങിനെക്കുറിച്ച് ചില പരാമര്‍ശങ്ങളും കാണുകയുണ്ടായി. അതിന്റെ പ്രാധാന്യം തള്ളിക്കളയാന്‍ വയ്യ, എന്നാലും നല്ല ഒരു സോഫ്റ്റ്വെയര്‍ വാങ്ങാന്‍ 200-300 പൌണ്ട് ഓളം ചെലവ് വരും, പിന്നെ പ്രിന്റ് മീഡിയയില്‍ വരുന്ന ചിത്രങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ കഴിയില്ല(no traceability) എന്ന വലിയ പോരായ്മയും ഇതിനുണ്ട്. കണ്ടുപിടിയ്ക്കപ്പെട്ടാല്‍ കോടതിയില്‍ തെളിയിക്കാന്‍ ഇത് ഉപകരിയ്ക്കുമെന്നത് സമ്മതിയ്ക്കാതെ വയ്യ.

വേറെയൊന്ന്, ഒരു ബ്ലോഗില്‍ നിന്നും സാമ്പാറുണ്ടാക്കുന്നത് മോഷ്ടിച്ചാല്‍, അത് മോഷ്ടിച്ചവനെയും അവന്റെ കുടുംബത്തയും(IP address)വരെ കണ്ടെത്തി കുറ്റവിചാരണ ചെയ്ത് ഒന്നന്നര കാതം ഉപന്യസിയ്ക്കുന്ന ബൂലോകര്‍ തങ്ങളുടെ സൈറ്റുകളില്‍ ഉപയോഗിയ്ക്കുന്ന ചിത്രങ്ങള്‍ മോഷണവസ്തുക്കളാണോ എന്ന് തിരക്കാറില്ല എന്നത് ഖേദകരമാണ്.

ചിത്രങ്ങള്‍ ഫ്രീയായി വേണമെന്നുള്ളവര്‍ക്ക് creative commons ലൈസന്‍സ് ഉള്ള ചിത്രങ്ങള്‍ ഉപയോഗിയ്ക്കാവുന്നതേയുള്ളൂ..

എനിയ്ക്ക് ഫോട്ടോഗ്രാഫി ഹോബിയാണ്. ഞാന്‍ ഒരു പ്രോഫഷണല്‍ അല്ല.  എന്റെ ചിത്രങ്ങള്‍, എനിയ്ക്ക് വളരെ പ്രിയപ്പെട്ടതാകുന്നു, കാരണം, ഒരു നല്ല സൂര്യോദയം കിട്ടാന്‍ ഞാന്‍ 3 മണിയ്ക്ക് എഴുന്നേല്‍ക്കുകയും, 2 മണിക്കൂര്‍ ഡ്രൈവ് ചെയ്ത് കടല്‍തീരത്തും മലയടിവാരത്തും കറങ്ങിയടിച്ച് എടുക്കുന്ന 50 ചിത്രങ്ങളില്‍ 10 മാത്രമേ പുറം‌ലോകം കാണുള്ളുവെങ്കിലും, അതിനുവേണ്ടി ഞാന്‍ ചിലവിട്ട നിമിഷങ്ങള്‍ വളരെ വിലപ്പെട്ടതാണ്. പല ഫോട്ടോഗ്രാഫര്‍മാരും ഉപയൊഗിയ്ക്കുന്ന ക്യാമറകളും ലെന്‍സുകളും ലക്ഷങ്ങളോളം വില വരും. അതുകൊണ്ടൊക്കെത്തന്നെ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിയ്ക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് പലപ്പോഴും കുപ്പത്തൊട്ടിയില്‍ വീഴാനുള്ള ഭാഗ്യമേയുള്ലുവെങ്കിലും അതെടുത്ത ആള്‍ക്ക് അത് ഒരു മഹാസംഭവം തന്നെയാണ്. അതിനെ നിങ്ങള്‍ക്ക് മാനിയ്ക്കുകയോ, അപമാനിയ്ക്കുകയോ ചെയ്യാം.polassery - View my most interesting photos on Flickriver