2008, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

മേരെ ഘര്‍‌ ആയി എക്.......

മഴ തോര്‍ന്ന ഇന്നലെ വീണ്ടും തോട്ടത്തിലിറങ്ങി. ശ്രീമതി നട്ടു പിടിപ്പിച്ച എല്ലാ ചെടികളും, പൂവുകളും ഏതാണ്ട് കൊഴിയാറായി നില്‍ക്കുകയാണ്. അതോരോന്ന് നോക്കി നടക്കുന്നതിനിടയില്‍ പുതിയ കുറെ പ്രാണികളെ കണ്ടു. അവയെയെല്ലാം ക്യാമറയില്‍ ഒപ്പിയെടുത്ത്, നടക്കുമ്പോള്‍ അതാ എന്റ്റെ മുന്നില്‍...........
ഓര്‍മകളെ കുറെ വര്‍ഷങ്ങള്‍ പിറകിലേയ്ക്ക്. മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെയുണ്ടായിരുന്ന ചുവപ്പ് നിറത്തില്‍ കറുത്ത പുള്ളീകളുള്ള ‘ലേഡി ബഗ്’. ഇതിന്റെ പകുതി വലിപ്പമേ വരൂ, എങ്കിലും കുറെയധികം ഉണ്ടായിരുന്നു.
പ്രാണികളുടെ ചിത്രങ്ങള്‍ പിടിയ്ക്കുന്ന ഒട്ടു മിക്ക എല്ലാവരുടെയും സ്നേഹഭാജനമാണീ അരുമ. ചുവപ്പിന്റെയും മഞ്ഞയുടെയും പല ഷെയ്ഡുകളില്‍ ഇവയെ കാണാന്‍ കഴിയും. പച്ചനിറത്തിലുള്ളാ ഇലകളില്‍ ഇരിയ്ക്കുമ്പോള്‍ ഇവയുടെ ഭംഗി കാണേണ്ടത് തന്നെയാണ്. മാക്രോ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ മിയ്ക്കവാറും ഈ പ്രാണികള്‍ തന്നെയായിരിയ്ക്കും വിജയികള്‍.ഓര്‍മകളില്‍ നിന്ന് തിരിച്ചിങ്ങ് പോന്നു, പിന്നെ ഒന്നും നോക്കാതെ, ഈ സുന്ദരിക്കോതയുടെ (അത് ഞാനങ്ങ് തീരുമാനിച്ചു) പല പോസുകള്‍... ഒരു എതിര്‍പ്പും കാണിയ്ക്കാതെ മുഴുവന്‍ നേരവും സഹകരിച്ച്, വെയില്‍ കാഞ്ഞ്, അതങ്ങിനെ....
നിങ്ങള്‍ക്കായി കുറച്ച് കൂടി ചിത്രങ്ങള്‍...

ഇവിടെ വന്നതിനും കണ്ടതിനും നന്ദി.

2008, ഓഗസ്റ്റ് 20, ബുധനാഴ്‌ച

ആപ്പിള്‍‌ തിന്ന കൊതിയന്മാര്‍

കുറെ നാളുകളുടെ കാത്തിരിപ്പിനുശേഷം വീട്ടിലെ ആപ്പിള്‍ മരം പൂവിട്ടു, കായാ‍യി. നാട്ടുകാരെയും, അയല്‍ക്കാരെയും സുഹൃത്തുക്കളെയും ഈ സന്തോഷവര്‍ത്തമാനം വിളിച്ചറിയിക്കുകയും ചെയ്തു. ഓരോന്ന് തിന്നാന്‍ ആഗസ്റ്റില്‍ വരാന്‍ ക്ഷണിയ്ക്കുകയും ചെയ്തപ്പോഴാണ് ഈ കൃഷീവലന്റെ മനസ്സ് കുളിര്‍ത്തത്.
പറഞ്ഞ സമയം കൊണ്ട് ആഗസ്റ്റ് വരികയും ചെയ്തു. ഇതിനിടെ ആപ്പിള്‍ കൊണ്ട് വയ്ക്കാവുന്ന കിച്ചടി, പച്ചടി,തോരന്‍, അവിയല്‍ എന്നിവയെക്കുറിച്ച് വാമഭാഗവും, ആപ്പിള്‍കൊണ്ട് വാറ്റ്, വൈന്‍, ജൂസ് എന്നിവ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഞാനും ബൂലോകത്തില്‍ റിസര്‍ച്ച് ചെയ്തു. ഒന്നര വയസുകാരന്‍ തനയന്‍ ഇതിനിടെ എന്നും രണ്ടു നേരം ആപ്പിളിന്റെ വളര്‍ച്ച നേരിട്ട് ചെക്ക് ചെയ്ത് റിപ്പോര്‍ട്ട് ഉണ്ടാക്കി.
അങ്ങിനെ സന്തോഷപൂര്‍വ്വം പോട്ടം പിടിച്ചും പോസ്റ്റ് ചെയ്തും ഞാന്‍ സംതൃപ്തിയടഞ്ഞു. ഒരു ദിവസം, മഴ പെയ്തതിനു ശേഷം ഒരു ആപ്പിള്‍ വീഴാന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോയി അവനെ പൊട്ടിച്ചെടുത്ത് അവന്റെ കുറച്ച പോട്ടം പിടിച്ചു.
അതിനടുത്ത് നിന്നിരുന്ന ആപ്പിളില്‍ ഒരു വിള്ളല്‍ കണ്ടത് അത്ര കാര്യമാ‍ക്കിയില്ല. പിറ്റെ ദിവസം സൂപ്പര്‍വിഷനുപോയ തനയന്‍ ആപ്പിള്‍ മരത്തിനരികെ വായുവില്‍ വാള്‍പ്പയറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ് എന്തോ കുഴപ്പം മണത്തത്. ഉടനെ തന്നെ, വജ്രായുധം(കേമറ) കയ്യിലെടുത്ത് ഓടി ചെന്നു. ചെന്നപ്പോള്‍ കണ്ട കാഴച് ഹൃദയഭേദകമായിരുന്നു. ആ വിണ്ട ആപ്പിളില്‍ മുഴുവന്‍ കടന്നല്‍ (wasp).
സെക്യൂരിറ്റി ബ്രീച്ചിനെക്കുറിച്ച് ഉടന്‍ തന്നെ ഒരു മറുപടി തരാന്‍ സൂപ്പര്‍വൈസര്‍ക്ക് നിര്‍ദ്ദേശം നല്‍കി, അടുത്ത നടപടിയെന്തെന്ന് തീരുമാനിയ്ക്കാന്‍ അടിയന്തിരമായി ഡയറക്റ്റര്‍ ബോര്‍ഡ് കൂടി. ഭൂരിഭാഗം പേരും (ഞാനും ഭാര്യ്യും) ഒരെണ്ണമല്ലേ, കടന്നലല്ലേ തിന്നോട്ടെ, എന്ന തീരുമാനത്തിലും, മകന്‍, തക്കം കിട്ടീയാല്‍ ഞാനിവറ്റെയെ ചവിട്ടികൊന്നു കളയുമെന്ന് രഹസ്യമായി തീരുമാനിച്ചും യോഗം പിരിഞ്ഞു.
ഇതിനെല്ലാം കാരണം അഛന്റെ പോട്ടം പിടുത്തമാണെന്നും, ഇന്റര്‍നെറ്റില്‍ നിന്ന് ഗൂഗിള്‍ മാപ് നോക്കി കടന്നലുകള്‍ ലൊക്കേഷന്‍ കണ്ടുപിടിച്ച് ആക്രമിച്ചതാണെന്നും റിപ്പോര്‍ട്ട് കിട്ടി. സാമ്പത്തിക വ്യവസ്ഥ തകിടം മറിയ്ക്കാന്‍ അമേരിയ്ക്ക നടത്തിയ ആക്രമണമാണെന്നും, കടന്നലുകള്‍ അപകടത്തിന്റെ പ്രതീകമാണെന്നും രഹസ്യ റിപ്പോര്‍ട്ട് വായിച്ചു. പ്രസ്താ‍വനയിറക്കാന്‍ പിണറായി വിജയനേയോ, ദേവസ്വം മന്ത്രിയേയൊ ഉടന്‍ ബന്ധപ്പെടാനും റിപ്പോര്‍ട്ട് ആഗ്രഹം പ്രകടിപ്പിച്ചു.
അതൊന്നും കാര്യമാക്കാതെ ഞാന്‍ കുറച്ച് കൂടി പോട്ടം പിടിയ്ക്കാമെന്ന് കരുതി. മുകളില്‍ കാണുന്നത് ആപ്പിളിന്റെ ഞെട്ടി(stalk) യാണ്. മാക്രോ രീതിയില്‍ എടുത്തത്. അതിന് ചുറ്റും കാണുന്ന മഞ്ഞയും ചുമപ്പും ആപ്പിളിന്റെ നിറവും.

ആ വിള്ളലില്‍ക്കൂടി അകത്ത് കടന്ന് തിന്ന് കൊണ്ടിരിയ്ക്കുന്ന എല്ലാ അവന്മാരെയും അവളുമാരെയും പോട്ടത്തിലാക്കി. ഇതിനിടയില്‍ രംഗവീക്ഷണം ചെയ്യാന്‍ വന്ന ഒരു കടന്നല്‍ ഹെലികോപ്റ്റര്‍ മകന്‍ വെടിവെച്ചിട്ടു. നിരാലംബനായി നിലത്ത് കിടന്ന അവന്റെ പടമെടുത്ത് അല്‍-ജസീറയ്ക്ക് ഫാക്സ് ചെയ്തു, യുദ്ധത്തില്‍ ഞങ്ങള്‍ വിജയിച്ച് നില്‍ക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട്.
അന്നത്തെ ദിവസം അങ്ങിനെ പോയി, പിറ്റെ ദിവസം ആപ്പിള്‍ കാണാന്‍ കഴിയാത്ത വിധം കടന്നല്‍ മൂടി. ഒരു മീറ്റര്‍ അകലെ വരെ അവയുടെ ‘കറും മുറും’ എന്ന് ചവച്ചരയ്ക്കുന്ന ഒച്ച കേള്‍ക്കാം.
നല്ല വെയിലുള്ളത് കൊണ്ട് തുറന്നിട്ട ജനലിലൂടെ മൂന്ന് കടന്നല്‍ അകത്ത് കയറി, തലേ ദിവസം ഞങ്ങള്‍ പൊട്ടിച്ച് വെച്ചിരുന്ന ആപ്പിള്‍ ലക്ഷ്യ്മായി നീങ്ങി. അതു പോരാതെ, വാങ്ങി വെച്ചിരുന്ന ആപ്പിള്‍ ജൂസിന്റെ ഉള്ളില്‍ തലയിട്ട് പരിശോധിയ്ക്കുകയും ചെയ്തു.
ജൈവായുധം ഉണ്ടോ എന്ന് പരിശോധിയ്ക്കാന്‍ വിട്ട അന്വേഷകരാണെന്ന് മനസ്സിലാക്കി, സദ്ദാമിന് ഉണ്ടായ ഗതി വരാതിരിയ്ക്കാന്‍, ഉടന്‍ തന്നെ എല്ലാ ആപ്പിളും പുറത്തെത്തിച്ചു. അങ്ങിനെ, ആസന്നമായ ഒരു യുദ്ധത്തില്‍ നിന്ന് ഒരു കീഴടങ്ങലിലൂടെ വളരെ നയതന്ത്രപരമായി ഞങ്ങള്‍ രക്ഷപ്പെട്ടു. ബാക്കി, ചിത്രങ്ങളിലൂടെ ഇവിടെ കാണാം. പൊട്ടിച്ച് വെച്ച ആപ്പിള്‍ തിന്ന് കൊണ്ടിരിക്കുന്ന കടന്നല്‍, ഒന്നാം ദിവസം, സി. എന്‍. എന്‍ റിപ്പോര്‍ട്ട് ചെയ്തത്.രണ്ടാം ദിവസം ആപ്പിള്‍ മുഴുവന്‍ തിന്നുതീര്‍ന്ന ചിത്രം.
ഇതിനിടയില്‍ അമേരിയ്ക്കയ്ക്ക് ബ്രിട്ടനെന്ന പോലെ, ഒരീച്ച ആപ്പിളിന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു.പക്ഷെ, എല്ലാം നല്ലതിന് എന്ന പൊരുള്‍ മനസ്സിലാക്കിയതുകൊണ്ട് ഞാനിവരിലൊരുത്തനെകണ്ട് സല്‍മാങ്ഖാന്റെ പോലെയിരിക്കുന്നൂന്ന് തോന്നി പിടിച്ച് ഫ്ലിക്കറിലിടുകയും അവിടെയെല്ലാവരും കൂടി ഇവനെ ലക്ഷം ചിത്രങ്ങളില്‍ നിന്ന് ദിവസവും 500 ചിത്രം തിരഞ്ഞെടുക്കുന്ന പരിപാടിയില്‍(flickr-explore) തിരഞ്ഞെടുക്കുകയും ചെയ്തു(no:480). പോട്ടം പിടിയ്ക്കുന്ന പുലികള്‍ക്ക് അതൊരു പുച്ഛമാണെങ്കിലും, അടിയന്‍ പാവം തുടക്കമാണേ...
യെവനാണവന്‍....................... ഇപ്പോഴത്തെയവസ്ഥ: രണ്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം കടന്നല്‍ തിന്ന് തീര്‍ത്തു. യുദ്ധം കഴിഞ്ഞ ഭൂമിയില്‍ കബന്ധങ്ങള്‍ കിടക്കുന്ന പോലെ ആപ്പിളുകള്‍ മരത്തിന് ചുറ്റും വീണ് കിടപ്പാണ്. കൂടുതലന്വേഷിച്ചപ്പോഴാണ്, എല്ലയിടത്തും ഇതു തന്നെ അവസ്ഥ. ബ്ലൂ ബെറിയും, റാസ്പ് ബേറിയും, ഇതു പോലെ കടന്നല്‍ തിന്ന്, ശരിയായ വിളവെടുക്കാന്‍ കഴിയാതെ വന്നെന്ന് ഒരു കര്‍ഷക സുഹൃത്ത് പറയുകയുണ്ടായി.

ഓണം മലയാളിയുടെ ദേശീയാഘോഷമാണ്. ആണോ????

ഞാനിന്നലെയിട്ട പോസ്റ്റ് ലിസ്റ്റില്‍ വരത്തതുകൊണ്ട് ഇവിടെ പോസ്റ്റുന്നു.

2008, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

ചില ബോറ് പടങ്ങള്‍!

ഈ വേനല്‍ മുഴുവന്‍ മഴയില്‍ കുതിര്‍ന്ന് പോയി. വേനലവധിയെടുത്ത് കുറച്ച് കറങ്ങാമെന്ന് വിചാരിച്ചത് വെറുതെയായി. എന്നാല്‍ പിന്നെ കുറച്ച് പോട്ടം പിടിച്ച് എല്ലാവരെയും കുറച്ച് ബോറടിപ്പിക്കാം എന്ന് കരുതി. ഇതാ...

നാട്ടില്‍ നിന്നും വാങ്ങി വന്ന ആഭരണപ്പെട്ടിയുടെ മുകള്‍ഭാഗം.
മകനെ സോപ്പിടാനുള്ള അഛ്ന്റെയും അമ്മയുടെയും നമ്പരുകളുടെ ഭാഗമായി വാങ്ങി വെച്ചിട്ടുള്ള ചില ഐറ്റംസ്.

കാബേജ് തോരനാവുന്നതിന്‍ മുന്‍പ്...

ബാക്കിയുള്ള എല്ലാ അലവലാതി പടങ്ങളും ഇവിടെ.