ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വാട്ടര്‍മാര്‍ക്കുകളെ കുറിച്ച്

ശുനകന് മൈല്‍ക്കുറ്റി കണ്ടാല്‍ തോന്നുന്ന പോലുള്ള ഒരു വികാരമാണ് ഫോട്ടോഗ്രാഫര്‍ക്ക് തന്റെ ചിത്രങ്ങളോട്, ആശയപരമായും ആലങ്കാരികമായും.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ബ്ലോഗ്ഗില്‍ വന്ന ചില വാട്ടര്‍മാര്‍ക്ക് പരാമര്‍ശങ്ങളും അതിനുകിട്ടിയ ചില മറുപടികളും കണ്ട് എന്റെ ചിത്രങ്ങളുടെ അവതരണത്തില്‍ത്തന്നെ മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിയ്ക്കുകയായിരുന്നു. അതിലേയ്ക്ക് കടക്കുന്നതിനുമുന്‍പ് എന്റെ പരിമിതമായ കാഴ്ചപ്പാടില്‍ ഞാനീവിഷയത്തെ എങ്ങിനെ കാണുന്നുവെന്ന് പറയാം.
വാട്ടര്‍മാര്‍ക്കിങ്ങ് എന്ത്, എന്തിന്?
ചിത്രങ്ങള്‍, ഡോകുമെന്റ്റുകള്‍, സിനിമ തുടങ്ങിയവയ്ക്ക് അവ നിര്‍മിച്ച ആളുകള്‍ക്ക് അവയുടെ മേലുള്ള നിയമപരമായ അവകാശം മറ്റുള്ളവരെ അറിയിയ്ക്കുന്നതിനുവേണ്ടിയുള്ള ഒരു രീതിയാണ് വാട്ടര്‍മാര്‍ക്കിങ്ങ്. പലപ്പോഴും ബ്ലാങ്ക് പേപ്പറില്‍ വെളിച്ചത്തിനുനേരെ പിടിച്ചാല്‍ മാത്രം കാണുന്ന ലോഗോ, ചിത്രങ്ങളുടെ മേല്‍ കാണുന്ന © ചിഹ്നം, വീഡിയോയില്‍ കാണുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സ്ക്രോളിങ്ങ് പേര് എന്നിവ ഈ വിഭാഗത്തില്‍ പെടുത്താം.

വാട്ടര്‍മാര്‍ക്കിങ്ങ് പലതരത്തില്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. ചിത്രത്തിന്റെ ഭംഗി നശിപ്പിയ്ക്കാതെ ഏതെങ്കിലും ഒരു കോണില്‍ മാത്രം © ചിഹ്നമോ അല്ലെങ്കില്‍ ഫോട്ടൊഗ്രാഫറുടെ പേരോ വെബ് അഡ്രസ്സോ ചെറിയ അക്ഷരങ്ങളില്‍ കൊടുക്കുന്ന ഒരു രീതി. © ചിഹ്നമോ അല്ലെങ്കില്‍ ഫോട്ടൊഗ്രാഫറുടെ പേരോ വെബ് അഡ്രസ്സോ ട്രാന്‍സ്പാരന്റായ അക്ഷരങ്ങളില്‍ ചിത്രത്തിന്റെ പ്രധാനഭാഗങ്ങളില്‍ കൊടുക്കുന്നതാണ് മറ്റൊരു രീതി. ചിത്രങ്ങള്‍ വില്‍ക്കുന്ന ചില വെബ്സൈറ്റുകള്‍, ഇ ബേ, തുടങ്ങിയവ ഈ രീതിയിലുള്ള വാട്ടര്‍മാര്‍ക്ക് ഉപയൊഗിക്കുന്നവരാണ്. ഇതിനെ വിസിബിള്‍ വാട്ടര്‍മാര്‍ക്കിങ്ങ് എന്നു പറയും.
ഇന്‍‌വിസിബിള്‍ ആയ്യിട്ടുള്ള വാട്ടര്‍മാര്‍ക്കിങ്ങ് ഒരു ആല്‍ഗൊരിതം ചിത്രത്തില്‍ എഴുതി ചേര്‍ക്കുന്ന രീതിയാണ്. ഇതുവഴി ഫോട്ടോഗ്രാഫറുടെ വിവരങ്ങള്‍, യഥാര്‍ത്ഥ ചിത്രത്തിന്റെ രൂപം എന്നിവ മനസ്സിലാക്കാന്‍ കഴിയും.

എന്തിനാണ് വാട്ടര്‍മാര്‍ക്കിങ്ങ്? എന്റെ ചിത്രങ്ങളുടെ മേലുള്ള എന്റെ പരമാധികാരം , എന്റെ ഉടമസ്ഥാവകാശം എന്നിവ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയാണ് വാട്ടര്‍മാര്‍ക്കിങ്ങ്. (ശുനകനെ ഓര്‍മ്മിയ്ക്കുക). പൊതുജീവിതത്തില്‍ പലപ്പോഴും നമ്മളിത് കാണാറുണ്ട്; നമ്മൂടെ സ്ഥലത്തിന് ചുറ്റും കെട്ടിയ വേലിയായും, മതിലിന്മേല്‍ പതിപ്പിച്ച ‘പരസ്യം അരുത്’ എന്ന പരസ്യമായുമെല്ലാം ഈ അവകാശസം‌രക്ഷണം നമ്മുടെ മുന്നില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. അവ വിളിച്ചുപറയുന്നത് ഒരേ ഒരു കാര്യം മാത്രം, ഇവിടെ കടന്നുകയറരുത്, മോഷ്ടിക്കരുത്. ഇത് സ്വകാര്യസ്മ്പത്താണ്.ഒരു അമേരിയ്ക്കന്‍ കുടുംബത്തിന് സംഭവിച്ചത് ഇവിടെ വായിക്കുക. പൊതുജീവിതത്തില്‍ പലപ്പോഴും ഈ അവകാശങ്ങള്‍ മാനിയ്ക്കപ്പെടറുണ്ടെങ്കിലും വെബ്ബില്‍ അതത്ര പാലിയ്ക്കപ്പെടാറില്ല. സമയമുണ്ടെങ്കില്‍ ഇവിടെ പോയി തെളിവുസഹിതം കാണുക. ഇവയില്‍ പലതും ചെയ്തിരിക്കുന്നത് നമ്മുടെ നാട്ടിലെ പത്രമുത്തശ്ശിമാരും പേരുകേട്ട ശ്ശിങ്കങ്ങളുമാണെന്നറിഞ്ഞാല്‍ ഞെട്ടാതെ തരമില്ല. പിടിയ്ക്കപ്പെട്ടപ്പോള്‍ പലരും രഹസ്യമായി ഒതുക്കിതീര്‍ത്തെന്നത് വേറെ കാര്യം.

ഇവിടെ നടന്ന ചര്‍ച്ചകളില്‍ ഫോട്ടോഗ്രാഫര്‍മാര്‍ വാട്ടര്‍മാര്‍ക്കുകള്‍ ഉപയൊഗിയ്ക്കുന്നതിനോട് ആ‍ര്‍ക്കും എതിര്‍പ്പുള്ളതായിപ്പറഞ്ഞതായി അറിവില്ല. എതിര്‍പ്പ് പലപ്പോഴും ചിത്രത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുമ്പോഴാണ്. ആസ്വാദനഭംഗം വരുത്തുന്ന രീതിയില്‍ ചിത്രത്തിന്റെ നടുക്ക്തന്നെ വാട്ടര്‍മാര്‍ക്കിങ്ങ് വരുമ്പോഴാണ് പ്രശ്നം. പക്ഷേ, ഞാനടക്കം മറ്റുപലരും എന്തിനീ കൊലപാതകം ചെയ്യുന്നുവെന്ന് അല്ലെങ്കില്‍ അതിന് നിര്‍ബന്ധിക്കപ്പെടുന്നുവെന്ന് നോക്കാം.

1. പ്രശസ്തരല്ലാത്ത ആളുകള്‍ (ഞാന്‍) തങ്ങളുടെ സൃഷ്ടി മഹത്തരമാണെന്നും ലോകോത്തരമാണെന്നും തോന്നുമ്പോള്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ഒരു കോപ്പിറൈറ്റ് ചിഹ്നവും പേരുമെല്ലാം എഴുതിചേര്‍ക്കാറുണ്ട്.
2. ഫോട്ടോകള്ളന്മാരായ സുഹൃത്തുക്കള്‍, ഈ ചിത്രങ്ങള്‍ അവര്‍ എടുത്തതാണെന്നും പറഞ്ഞ് സുഹൃത്തുക്കളെ കാണിയ്ക്കുന്നതും അവകാശം നടിയ്ക്കുന്നതും ഒഴിവാക്കാന്‍.(എന്റെ ഒരു സുഹൃത്തിന് എന്റെ മെമ്മറികാര്‍ഡ് മുഴുവന്‍ കോപ്പി ചെയ്യണം, പുള്ളീയ്യുടെ ലാപ്റ്റോപ്പിലേയ്ക്ക്, ഹൂം, കിട്ടിയത് തന്നെ ).
3. കോപ്പിറൈറ്റും പേരും ഒരു വശത്ത് എഴുതിചേര്‍ത്താല്‍ അത് ക്രോപ്പ് ചെയ്യുകയോ ക്ലോണ്‍ ചെയ്യുകയൊ ചെയ്യാം. നേരത്തെ കാണിച്ച ലിങ്കില്‍ ഒരു ലോകോത്തര ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളാണ് ഒരു മലയാളി അടിച്ചുമാറ്റി സ്വന്തമാക്കി സ്വന്തം ഫ്ലിക്കര്‍ സൈറ്റിലിട്ടിരിയ്ക്കുന്നത്. ചിതങ്ങള്‍ ശ്രദ്ധിച്ചാല്‍ വാട്ടര്‍മാര്‍ക്കിങ്ങ് ഉള്ള താഴ്ഭാഗം മുറിച്ച് മാറ്റിയത് കാണാന്‍ കഴിയും.
4. പ്രശസ്തരായ മറ്റു ചിലര്‍ക്ക് പറ്റിയത് പറ്റാതിരിയ്ക്കാന്‍. പറ്റിയത് ഇവിടെ, ഇവിടെ, ഇവിടെ

മുകളിലുള്ള ലിങ്കുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും പ്രശ്നത്തിന്റെ നില എത്ര ഗുരുതരമാണെന്ന്. പലപ്പോഴും ചിത്രങ്ങള്‍ മോഷ്ടിയ്ക്കുന്നത് ഗ്രാഫിക് ഡിസൈനര്‍മാരാണ്. 800 * 600 വലുപ്പമുള്ള ചിത്രം അടിച്ചുമാറ്റി ഫോട്ടോഗ്രാഫര്‍മാരുടെ പേര് ക്ലോണ്‍ ചെയ്ത് കളഞ്ഞ് 1/4 പേജ് വരെ വലുപ്പത്തില്‍ പ്രിന്റ് ചെയ്യാന്‍ പാകത്തില്‍ മിടുക്കന്മാരാണ് ഇവരില്‍ പലരും. നല്ല ചിത്രങ്ങള്‍ ഫ്ലിക്കറില്‍ കാണുമ്പോള്‍ അടിച്ചുമാറ്റാനുള്ള പ്രേരണ, ഈ വാട്ടര്‍മാര്‍ക്കുകള്‍ കാണുമ്പോള്‍ ഒരുപക്ഷേ ഇല്ലാതാകുമായിരിയ്ക്കും. ചിത്രത്തിന്റെ അസ്വാദനത്തെ ഇത്തരത്തിലുള്ള വാട്ടര്‍മാര്‍ക്കിങ്ങ് ബാധിയ്ക്കുമെന്ന് പറയാതെ വയ്യ. പക്ഷേ, ഇത്തരത്തിലുള്ള കള്ളന്മാരെയും വിവരദോഷികളെയും ഒഴിവാക്കാന്‍ ഇതല്ലാതെ വേറെ വഴിയുണ്ടെന്ന് തോന്നുന്നില്ല.
ഇന്‍‌വിസിബിള്‍ വാട്ടര്‍മാര്‍ക്കിങ്ങിനെക്കുറിച്ച് ചില പരാമര്‍ശങ്ങളും കാണുകയുണ്ടായി. അതിന്റെ പ്രാധാന്യം തള്ളിക്കളയാന്‍ വയ്യ, എന്നാലും നല്ല ഒരു സോഫ്റ്റ്വെയര്‍ വാങ്ങാന്‍ 200-300 പൌണ്ട് ഓളം ചെലവ് വരും, പിന്നെ പ്രിന്റ് മീഡിയയില്‍ വരുന്ന ചിത്രങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ കഴിയില്ല(no traceability) എന്ന വലിയ പോരായ്മയും ഇതിനുണ്ട്. കണ്ടുപിടിയ്ക്കപ്പെട്ടാല്‍ കോടതിയില്‍ തെളിയിക്കാന്‍ ഇത് ഉപകരിയ്ക്കുമെന്നത് സമ്മതിയ്ക്കാതെ വയ്യ.

വേറെയൊന്ന്, ഒരു ബ്ലോഗില്‍ നിന്നും സാമ്പാറുണ്ടാക്കുന്നത് മോഷ്ടിച്ചാല്‍, അത് മോഷ്ടിച്ചവനെയും അവന്റെ കുടുംബത്തയും(IP address)വരെ കണ്ടെത്തി കുറ്റവിചാരണ ചെയ്ത് ഒന്നന്നര കാതം ഉപന്യസിയ്ക്കുന്ന ബൂലോകര്‍ തങ്ങളുടെ സൈറ്റുകളില്‍ ഉപയോഗിയ്ക്കുന്ന ചിത്രങ്ങള്‍ മോഷണവസ്തുക്കളാണോ എന്ന് തിരക്കാറില്ല എന്നത് ഖേദകരമാണ്.

ചിത്രങ്ങള്‍ ഫ്രീയായി വേണമെന്നുള്ളവര്‍ക്ക് creative commons ലൈസന്‍സ് ഉള്ള ചിത്രങ്ങള്‍ ഉപയോഗിയ്ക്കാവുന്നതേയുള്ളൂ..

എനിയ്ക്ക് ഫോട്ടോഗ്രാഫി ഹോബിയാണ്. ഞാന്‍ ഒരു പ്രോഫഷണല്‍ അല്ല.  എന്റെ ചിത്രങ്ങള്‍, എനിയ്ക്ക് വളരെ പ്രിയപ്പെട്ടതാകുന്നു, കാരണം, ഒരു നല്ല സൂര്യോദയം കിട്ടാന്‍ ഞാന്‍ 3 മണിയ്ക്ക് എഴുന്നേല്‍ക്കുകയും, 2 മണിക്കൂര്‍ ഡ്രൈവ് ചെയ്ത് കടല്‍തീരത്തും മലയടിവാരത്തും കറങ്ങിയടിച്ച് എടുക്കുന്ന 50 ചിത്രങ്ങളില്‍ 10 മാത്രമേ പുറം‌ലോകം കാണുള്ളുവെങ്കിലും, അതിനുവേണ്ടി ഞാന്‍ ചിലവിട്ട നിമിഷങ്ങള്‍ വളരെ വിലപ്പെട്ടതാണ്. പല ഫോട്ടോഗ്രാഫര്‍മാരും ഉപയൊഗിയ്ക്കുന്ന ക്യാമറകളും ലെന്‍സുകളും ലക്ഷങ്ങളോളം വില വരും. അതുകൊണ്ടൊക്കെത്തന്നെ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിയ്ക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് പലപ്പോഴും കുപ്പത്തൊട്ടിയില്‍ വീഴാനുള്ള ഭാഗ്യമേയുള്ലുവെങ്കിലും അതെടുത്ത ആള്‍ക്ക് അത് ഒരു മഹാസംഭവം തന്നെയാണ്. അതിനെ നിങ്ങള്‍ക്ക് മാനിയ്ക്കുകയോ, അപമാനിയ്ക്കുകയോ ചെയ്യാം.polassery - View my most interesting photos on Flickriver

അഭിപ്രായങ്ങള്‍

  1. തീർച്ചയായും താങ്കളോടു അനുകൂലിക്കുന്നു ,ആസ്വാദനത്തിനു ഭംഗം വരുന്നു എന്നു താങ്കൾ തന്നെ സമ്മതിക്കുന്നല്ലൊ .മോഷ്ടിക്കുന്നവനെ പിടിക്കാൻ ഒരു പുതിയ മാർഗ്ഗം തെളിയട്ടെ എന്നല്ലാതെ എനിക്കു കൂടുതൽ ഈ വിഷയത്തിൽ അറിവില്ല .താങ്കളുടെ ഈ ഉത്സാഹത്തിനെ അഭിനന്ദിക്കുന്നു ,എല്ലാ ആശംസകളൂം ആത്മാർഥയോടെ
    സജി

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ ചുമ്മാ ഈ വഴിക്കിറങ്ങിയതാണ്, ബട്ടെ ഇതൊന്നു വായിച്ചപ്പോള്‍ ചങ്കീകൊണ്ടു കെട്ടോ !!!! നുമ്മ ഒരു ചെറ്യേ പടം പിടുത്തക്കാരനാണ്, അതോണ്ടാവും !!!

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ത്രിശ്ശൂര്‍ കാഴ്ച ബംഗ്ലാവ് - ഒരു വ്യസനം

മ്ലാവ് (Sambar Deer)

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് zoo ല്‍ പോയി. പഴയതിന്റെ ഒരു അസ്ഥിപഞ്ജരം മാത്രമെ കാണാന്‍ കഴിഞ്ഞുള്ളൂ...
അതിനിടെ, സൂ ഇവിടെ നിന്ന് മാറ്റി വേറെ എവിടെയോ സ്ഥാപിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയനേതാക്കളും മറ്റും ഘോര ഘോരം സെമിനാറുകള്‍ നടത്തുന്നു.
സൂവില്‍ പല കൂടുകളും ഒഴിവാണ്, ചത്തുപോയിക്കാണും. ഇന്നത്തെ അവസ്ഥക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം കാരണം ചില തമിഴ് ടൂറിസ്റ്റുകളെയല്ലാതെ മറ്റാരും അവിടെ കണ്ടില്ല.
വാഹനം പാര്‍ക്ക് ചെയ്യാന്‍ കോര്‍പ്പറെഷന്‍ വാങ്ങിക്കുന്ന 10 രൂപ കൂടാതെ, പ്രവേശനത്തിന് 8 രൂപ, ക്യാമറയ്ക്ക് 15 എന്നിങ്ങനെ വില നിലവാര പട്ടിക, പുറത്ത് തന്നെയുണ്ട്.
പല മൃഗങ്ങളും അസുഖങ്ങള്‍ കൊണ്ടും സഞ്ചാര സ്വാതന്ത്രമില്ലയ്മ കൊണ്ടും ബുദ്ധിമുട്ടുന്നത് കാണാം.
ഞാന്‍ കാണണമെന്ന് വിചാരിച്ചത് പാമ്പുകളിലെ രാജവെമ്പാലയെയായിരുന്നു, പക്ഷെ, അവന്‍ പണ്ടെ ചത്തിരുന്നു. പിന്നെ കുറെ മൂര്‍ഖന്‍മാരുണ്ട്.
സൂ ഇവിടെ നിന്ന് മാറ്റുമ്പോള്‍ ഏറ്റവും വ്യസനിയ്ക്കുക മൃഗങ്ങളോ, മൃഗസ്നേഹികളോ ആയിരിക്കില്ലാ, ക്ലാസ് കട്ട് ചെയ്ത് വരുന്ന ചില കാമുകീ കാമുകന്മാരയിരിക്കും.
ഞാന്‍ ദൃക്‌സാക്ഷ്യം വഹിച്ച ഒരു കൂട്ടം പറയാതെ വയ്യ.
കണ്ടപ്പോള്‍…

ഫോട്ടോഷോപ്പില്‍ മലയാളം എഴുതുന്നതെങ്ങിനെ?

എനിയ്ക്കറിയില്ല,

അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരൂ...

എന്റെ font list ല്‍ Anjali ഉണ്ടെങ്കിലും ഉപയോഗിയ്ക്കുമ്പോള്‍ മറുഭാഷയാണ് വരുന്നത്.

അറിയാവുന്നവര്‍ പറഞ്ഞുതരിക.

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍?
Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു.എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി?

മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടിരിക…