2008, ഡിസംബർ 22, തിങ്കളാഴ്‌ച

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍

ശ്രീ പരിയാനം‌പറ്റ ക്ഷേത്രത്തിലെ കുറച്ചുകൂടി ചിത്രങ്ങള്‍. നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് വിചാരിയ്ക്കുന്നു. കുറച്ച് നാള്‍ മുന്‍പ് ഒരു ബ്ലോഗര്‍ ഈ ക്ഷേത്രത്തിന്റെ ചരിത്രം വിശദമായി എഴുതിയിരുന്നു. അത് കിട്ടിയാല്‍ ഇവിടെ ലിങ്ക് ചെയ്യാം. ശ്രീ മൂകാംബിക ദേവി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നതെന്നാണ് വിശ്വാസം.
ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ട ഒരു ഉത്സവമായിരുന്നു ഇത്. തൃശൂര്‍ ഭാഗത്ത് കാണാത്ത ചില പ്രതേകതകള്‍ ഇവിടെ കണ്ടിരുന്നു. ഒരു കാര്യം കൂട്ടിചേര്‍ക്കട്ടെ, പതിനാല് ആനകളുള്ള മംഗലാംകുന്ന് ആനത്തറവാട് ഈ ക്ഷേത്രത്തില്‍ നിന്ന് ഒന്നൊ രണ്ടൊ കി.മി അകലെയാണ്. മംഗലാംകുന്ന് കര്‍ണ്ണനെ അറിയാത്ത ആനപ്രേമികളില്ല. ഇ ഫൊര്‍ എലിഫെന്റ് എന്ന പ്രോഗ്രാം കൈരളിയില്‍ കണ്ടവര്‍ കര്‍ണ്ണനെ പ്രത്യേകം ശ്രദ്ധിച്ചുകാണും.

നൂറോളം ചവിട്ട്പടികള്‍ കാണണം താഴോട്ട്. ആനകള്‍ ഇത്രയും പടികള്‍ ഇറങ്ങിയാണ് ഇവിടെയെത്തുന്നത്. കുതിരകളെയും കാളകളെയും മരത്തിലുണ്ടാക്കി അത് ചുമന്ന് ക്ഷേത്രത്തില്‍ കൊണ്ടു വരുന്നതും ഒരു ആചാരമാണ്. രാത്രിയിലെ കാളവേലയ്ക്ക് കൊഴുപ്പ് കൂടും. കണ്ണടയ്ക്കുകയും ചെവിയാട്ടുകയും ചെയ്യുന്ന കാളകള്‍ ഒരു കാഴ്ച തന്നെയാണ്.ഈ ചിത്രങ്ങള്‍ സംയോജിപ്പിച്ചത് പികാസ വഴി. ഇതിലെ ചിത്രങ്ങളോട് നീതി പുലര്‍ത്താത്ത പ്ശ്ചാത്തലസംഗീതം ഉപയോഗിച്ചതിന്‍ ക്ഷമ ചോദിയ്ക്കട്ടെ.

പറ്റുമെങ്കില്‍ അടുത്ത വര്‍ഷവും അവിടെ പോകാന്‍ കഴിയുമെന്ന വിശ്വാസത്തോടെ.

2008, ഡിസംബർ 21, ഞായറാഴ്‌ച

ഇതാണ് കവിത

ഇതാണ് കവിത. ആളിക്കത്തുന്ന പ്രണയത്തിന്റെ നാമ്പുകള്‍2008, ഡിസംബർ 16, ചൊവ്വാഴ്ച

പരിയാനം‌പറ്റ ക്ഷേത്രത്തിലെ ഉത്സവദൃശ്യങ്ങള്‍

മുഖമെഴുത്ത്-


പരിയാനം‌പറ്റ ക്ഷേത്രത്തിലെ ഉത്സവദൃശ്യങ്ങള്‍ഈ ചിത്രങ്ങള്‍ 2008 ലെ ഉത്സവത്തിന്റേതാണ്. കുംഭം 1-6 വരെയാണ് അടുത്ത വര്‍ഷത്തെ ഉത്സവമെന്ന് തോന്നുന്നു.
എന്നെ ആകര്‍ഷിച്ചത് ഗ്രാമീണതയും കല്ര്പ്പില്ലാത്ത സ്നേഹവും കൊണ്ട് വീര്‍പ്പുമുട്ടിയ്ക്കുന്ന നാട്ടൂകാരാണ്. ക്ഷേത്രം വളരെയധികം പ്രശസ്തമാണ്, സിനിമകളിലൂടെയും അല്ലാതെയും.
മുഖമെഴുതിയ വേഷങ്ങള്‍ അറിയപ്പെടുന്നത്, പ്രാചീനകലാരൂപമെന്നാണ്. ദേവാസുരയുദ്ധമെന്ന പേരില്‍ ഒരു നടനമായിരുന്നു അവിടെ കണ്ടത്. മൂന്ന് ദേവീ വേഷങ്ങളും മൂന്ന് അസുരവേഷങ്ങളും.
വിശദമായി മറ്റൊരിയ്ക്കല്‍ എഴുതാം..

2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

ഹല്ലോവീന്‍

എല്ലാവര്‍ക്കും ഹാലോവീന്‍ ആശംസകള്‍!

2008, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

മാനെ, പുള്ളിമാനെ, ആരോടും പറയരുതീ കഥ

പതിവുപോലെ ഒരു ബോറ് ദിനം, പക്ഷെ, കുറെ നാളായി കരുതുന്നു, കാട്ടില്‍ പോയി മാനിന്റെ കുറച്ച് ചിത്രങ്ങള്‍ എടുക്കണമെന്ന്. ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഞാനായിരിയ്ക്കുമെന്ന് ഭാര്യയുടെ അരികെ വീമ്പ് പറയുമ്പോള്‍ അവള്‍ പറയാറുള്ളതാണ്, ഈ പാറ്റേനേം, തവളയെയും പോട്ടം പിടിയ്ക്കുന്ന പോലെയല്ല ഇതെന്ന്.

(എന്നെക്കണ്ട് വാലും പൊക്കിയോടുന്ന കാട്ടുകോഴി(ഫെസന്റ്റ്) മയിലിനെപ്പോലെ നല്ല ഭംഗിയാണ്).

ഓരോ പൊല്ലാപ്പേ, ആണുങ്ങല്‍ക്കീ വാശിയും വൈരാഗ്യബുദ്ധീം ഉണ്ടാക്കിക്കൊടുക്കുന്നതിവരാ... വെറുതെയിരുന്ന എന്നെപ്പിടിച്ച് വാശി കേറ്റി കാട്ടീക്കയറ്റി. ഇവിടെയിരുന്ന് ചിപ്സും തിന്ന് ബ്ലോഗ് വായിച്ചിരിക്കേണ്ട ഞാനാ... പണ്ടൊരു ഭീമന്‍ ഇതേ പോലെ വലിയാളു ചമഞ്ഞത് ഇത്തരുണത്തില്‍ സ്മരാമി.

എന്തായാലും, പുട്ട്കുറ്റീം(70-300 സൂം ലെന്‍സിനെ ഭാര്യ വിളിയ്ക്കുന്ന പേര്) ചൂട്ട് കറ്റേം ആയി കാട് കയറി. കാടെന്ന് പറയുമ്പോള്‍ കാട് തന്നെ. സംരക്ഷിത വനം. അതിനകത്ത് 2ഓ മൂന്നോ തരം മാനുകള്‍, വിവിധതരം അണ്ണാന്‍, പക്ഷികള്‍, കുറുക്കന്മാര്‍ അങ്ങിനെ പല ജാതി ജന്തു ജീവജാലങ്ങളും കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു. പലപ്പോഴായി പോട്ടം പിടിയ്ക്കുന്ന ചില കൂട്ടുകാര്‍ അവിടെപ്പോയി നല്ല സ്വയമ്പന്‍ ചിത്രങ്ങള്‍ എടുത്ത് കാണിയ്ക്കാറുണ്ട്. അങ്ങിനെയാണീ മാന്റെ പോട്ടം പിടിയ്ക്കുന്ന ചിന്ത തുടങ്ങിയത്. വീടിനടുത്ത് നിന്ന് പത്തുകിലോമീറ്ററെയുള്ളൂ.

കാട്ടീല്‍
കടന്ന് നടന്ന് തുടങ്ങി. ഒരു ഭയം. കമ്പ്ലീറ്റ് നിശ്ശബ്ദത.
അവിടെയവിടെയായി മൃഗങ്ങള്‍ നടന്നതിന്റെ പാട് കാണാം.(ഭാഗ്യം, ഇവിടെ പുലിയും, പാമ്പുമൊന്നുമില്ല). കുറെ നടന്നപ്പോള്‍ മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം കേട്ട് കുനിഞ്ഞ് നിലത്തിരുന്ന് നോക്കി. ഒരു വലിയ പട്ടിയുടെ അത്രയും പോന്ന എന്തോ ഓടിപ്പോകുന്നു. കുറുക്കനായിരിയ്ക്കും. പിന്നേം പേടി. ഇതവന്റെ ഗ്രൊണ്ടാ, എങ്ങാനും ഗ്രൂപ്പായി ആക്രമിച്ചാലോ? പിന്നെ ഒരു വക ഹോളിവുഡ് സിനിമയില്‍ പോലീസ് തീവ്രവാദികളെ പിടിയ്ക്കാന്‍ പോകുന്ന പോലെ, ഒരു സ്റ്റെപ്പ്, മൂന്ന് നോട്ടം, രണ്ടിരിപ്പ്, മുട്ട് കുത്തല്‍, എന്നിങ്ങനെ അടുത്ത നാല് കി.മി നടന്നു. ഇതിനിടയില്‍ വഴിയില്‍ക്കണ്ട പൂക്കളും ഇലകളും പിടിയ്ക്കാന്‍ മറന്നില്ല. ഇത്രേം ദൂരം നടന്നിട്ടും മാന്റെ കാഷ്ടമല്ലാതെ, അതിനെയൊന്ന് കാണാന്‍ പോലും കിട്ടിയില്ലല്ലോ എന്നാലോചിച്ച്, വിഷണ്ണനായി ഞാന്‍ ഒരു വെള്ളച്ചാലിന്റെ അരീത്ത് നില്‍ക്കുമ്പോള്‍ എനിക്കൊരു ക്ലൂ കിട്ടി.
നല്ല ഫ്രഷായ കാല്‍പ്പാടുകള്‍, മഴ കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റി. പിന്നെ അതിന്‍ പുറകെ, ഒരു സ്റ്റെപ്പ്, മൂന്ന് നോട്ടം, രണ്ടിരിപ്പ് എന്നിങ്ങനെ...തിരിച്ച് മൂന്ന് കി.മി. കുറെക്കഴിഞ്ഞ് ബോറടിച്ചപ്പോള്‍ എന്നാപ്പിന്നെ മടങ്ങിപ്പോകാമെന്ന് കരുതി ഒരിടത്ത് കുത്തിയിരിപ്പായി. പെട്ടെന്ന് ഒരൊച്ച കേട്ടു. എന്തോ അമറുന്ന പോലെ, കുറെ നേരം കാത്തിരുന്നപ്പോള്‍ പിന്നെയും അമറല്‍. നടപ്പാതയുടെ പിന്നിലുള്ള കാട്ടില്‍ നിന്നാണ്, ഒന്നും കാണാന്‍ വയ്യ, നല്ല കട്ടിയുള്ള മരങ്ങളും താഴെ വരെയെത്തി നില്‍ക്കുന്ന ചില്ലകളും. പതിയെ പതിയെ, ഒച്ചയുണ്ടാക്കാതനങ്ങാതെ, അതിനകത്തേയ്ക്ക്. ഒരു 50മീറ്റര്‍ പോയിക്കാണും, ഒരു മരത്തിന്റ്റെ മറവില്‍ നിന്ന് പതിയെ പുറത്ത് വന്നപ്പോള്‍ അതാ ഒരു മാന്‍, എന്നെ ത്തന്നെ നോക്കി വണ്ടറടിച്ചങ്ങനെ. ഒരു സെക്കന്റ് നേരത്തെയ്ക്ക് ഞാന്‍ ഒന്ന് ഞെട്ടിപ്പോയി, വൈല്‍ഡ് ലൈഫ് പോട്ടം ഇയറും, ഭീമനെയും പെട്ടെന്നോറ്മ്മ വന്നു. പൂട്ടുകുറ്റി വച്ച് നാല് പെട. അതാ പോകുന്ന് വാലും പൊക്കി മാന്‍. പിന്നെ അതിന്റെ പുറകെ, അതിന്റെ കെട്ടിയോനും, സന്താനങ്ങളും, സഹോദരീ സഹോദരങ്ങളും ഓടി രക്ഷപ്പെട്ടു.
തല്‍ക്കാലം പിടിച്ച് നില്‍ക്കാന്‍ ഒരു പോട്ടം കിട്ടിയല്ലോ എന്നാലോചിച്ച് ഞാന്‍ സന്തോഷമായി വീട്ടിലേയ്ക്ക്..പണ്ടെ വലിച്ച് പിടിച്ച മസില്‍ ശ്രീമതിയെക്കണ്ടപ്പോള്‍ ഒന്നുകൂടി പെരുപ്പിച്ച് വീരകഥ പറയാന്‍ തുടങ്ങി. പക്ഷേ, പറഞ്ഞു തുടങ്ങുന്നതിന് മുന്‍പെ അവള്‍, ‘ ചായ വേണെങ്കി പോയിപ്പാലു വാങ്ങി വാ, പാലു തീര്‍ന്നു പോയി; കഥ അത് കഴിഞ്ഞ്’.
പോരുന്ന വഴിയ്ക്ക് പെട്രോള്‍ സ്റ്റെഷനില്‍ നിന്നും ചായ കുടിക്കാതിരുന്നതിന്‍ എന്നെ പ് രാവി കോട്ട്മെടുത്ത് ഞാന്‍ പുറത്തോട്ട്.
വരട്ടെ, വൈല്‍ഡ് ലൈഫ് പോട്ടം പിടിയ്ക്കല്‍ ഇങ്ങ് വന്നോട്ടെ....
red squirrel, protected species

2008, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

വിഷക്കണ്ടന്‍

ഇത് വിഷക്കണ്ടന്‍ തെയ്യം. തെയ്യം എന്ന് വിളിയ്ക്കാമോ എന്നെനിയ്ക്കറിയില്ല. ശ്രീകൃഷ്ണപുരം പനയമ്പറ്റ ദേവീ ക്ഷേത്രത്തില്‍ ഈ വര്‍ഷം നിരന്ന തെയ്യങ്ങളില്‍ ഒന്ന്.
ഈ വേഷങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ ദയവായി എഴുതുക.
2008, ഒക്‌ടോബർ 5, ഞായറാഴ്‌ച

ആനയിറക്കം

ശ്രീ പനയമ്പറ്റ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിയ്ക്കാന്‍ കൊണ്ടുവരുന്ന കൊമ്പന്‍.

2008, ഒക്‌ടോബർ 4, ശനിയാഴ്‌ച

അമ്മയുടെ വേദന


ഒരു പത്തുമുപ്പത് വര്‍ഷം മുന്‍പൊരു കര്‍ക്കിടകത്തില്‍ കുറച്ച് തവളക്കുട്ടികള്‍
കളിയ്കാനിറങ്ങി. മഴ നനയേണ്ടേന്ന് പല പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ..
പുറത്തുള്ള കുളിമുറിയുടെ പുറകില്‍ ഒളിച്ച് കളിയ്ക്കുന്നതിനിടെ ഒരു കുരുത്തം കെട്ട ചെക്കന്‍, വന്ന് കുട്ടിത്തവളകളെ പിടിച്ച് കുപ്പിയിലാക്കി.
അന്നത്തെ അവന്റെ തവള കളക്ഷന്‍ വളരെയധികമായിരുന്നു. കാരണം, പറഞ്ഞാല്‍ കേക്കാത്ത കുരുത്തം കെട്ട, ചൊല്ലുവിളിയില്ലാത്ത കുറെ തവളക്കുട്ടികള്‍ മഴയത്ത് കളിയ്ക്കാനിറങ്ങിയത് കൊണ്ട്. കുരുത്തം കെട്ട ചെക്കന്‍, ഒരു മഞ്ഞത്തവളക്കുട്ടിയെ കാലില്‍ത്തൂക്കിയെടുത്ത് കറക്കി മുകളിലേയ്ക്കെറിഞ്ഞു. പാതി ജീവന്‍ പോയ തവളക്കുട്ടിയെ പെറുക്കിയെടുത്ത് പഴയൊരു മോരുംകുപ്പിയില്‍ വെള്ളം നിറച്ച് അതിലിട്ടു.
പിന്നെ, കുപ്പി മറന്ന് വെച്ച് ചെക്കന്‍ ഗോട്ടി കളിയ്ക്കാന്‍ പോയി. അപ്പോഴെല്ലാം പാതി ജീവന്‍ പോയ മഞ്ഞത്തവളയും ജീവന്‍ പോകാത്ത ബാക്കി കുട്ടിത്തവളകളും ശ്വാസം കിട്ടാന്‍ പാടുപെട്ട് കുപ്പിയില്‍ പരാക്രമം കാണിച്ചു, കരഞ്ഞ് കാറി അമ്മയെ വിളിച്ചു.
വൈകുന്നേരം വന്ന അച്ഛനെക്കാണിയ്ക്കാന്‍ ചെക്കന്‍ തവളക്കുട്ടികളെ കൊണ്ടുവന്നു. അന്നത്തെ വീര സാഹസിക തവളപിടുത്തം, കുപ്പിയിലടച്ച രീതി എല്ലാം വിവരിച്ച് തവളക്കുട്ടികളെ കാണിച്ചു.
ആദ്യം ചെക്കന് ഒരു പൊതി മിട്ടായി കൊടുത്തു, അച്ഛന്‍. പിന്നെ മഴ പെയ്യുന്ന ഇറയത്തെയ്ക്ക് നടന്നു. അവനെയെടുത്ത് മടിയില്‍ വെച്ച് നിറഞ്ഞൊഴുകുന്ന തോടും കുളവും കാണിച്ച് കൊടുത്തു. ചെക്കന്റെ കയ്യിലെ കുപ്പിയില്‍ തവളക്കുട്ടികള്‍ അര്‍ദ്ധപ്രാണനായി അപ്പോളും കരഞ്ഞുകൊണ്ടിരുന്നു.
കുളത്തിലെ പോളകളെ നോക്കി, അച്ഛന്‍ പറഞ്ഞു, അവിടെയൊരമ്മത്തവള അതിന്റെ മക്കളെ കാണാതെ, അലമുറയിട്ട് കരയുന്നത് നീ കേട്ടുവോ?
നിന്നെ ആരെങ്കിലും പിടിച്ച് കൊണ്ടുപോയി കുപ്പിയിലടച്ചാല്‍ നീ അമ്മയെക്കാണാന്‍ കരയില്ലേ?
നിന്നെ ആരെങ്ക്ങ്കിലും പിടിച്ച് കൊണ്ടുപോയാല്‍ നിന്റെ അമ്മ വേദനിച്ച് കരയില്ലേ?
മൌനത്തിന്റെ വേദന, അതൊരു കൂരമ്പുപോലെ...
നാലുവയസ്സുകാരന്റെ കണ്ണുകളില്‍ നനവ് പടറ്ന്നു, തന്നെ ആരോ പിടിച്ച് കൊണ്ട് പോകുന്നതും പൂട്ടിയിടുന്നതും അവന്‍ കണ്മുന്നില്‍ ക്കണ്ടു. അടക്കിപ്പീടിച്ച കരച്ചില്‍ പതിയെ ഒരു മഴ പോലെ... അച്ഛന്റെ മടിയില്‍ നിന്ന് അവന്‍ ഇറങ്ങി നടന്നു, ഉറക്കെക്കരഞ്ഞുകൊണ്ട്...കുളത്തിനരികില്‍ വെച്ച് അവന്‍ കുപ്പിയിലെ തവളക്കുട്ടികളെ തുറന്ന് വിട്ടു.
വാവിട്ട് കരഞ്ഞ അവനെ അമ്മ വാരിയെടുത്ത് അകത്തെയ്ക്ക് കൊണ്ടുപോയി.
തവളക്കുട്ടികളെ തവള അമ്മയും കൊണ്ടുപോയിക്കാണും...

സ്നേഹത്തിന്റെ മനശ്ശാസ്ത്രം എന്നെ പഠിപ്പിച്ച അച്ഛനും സ്നേഹിച്ച് എനിയ്ക്ക് മതിവരാത്ത എന്റെ അമ്മയ്ക്കും...(എന്റെ മകന് അവന്റെ അമ്മയോടുള്ള സ്നേഹക്കൂടുതല്‍ കണ്ട് അസൂയ മൂത്ത് എഴുതിയത്).

2008, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

മേരെ ഘര്‍‌ ആയി എക്.......

മഴ തോര്‍ന്ന ഇന്നലെ വീണ്ടും തോട്ടത്തിലിറങ്ങി. ശ്രീമതി നട്ടു പിടിപ്പിച്ച എല്ലാ ചെടികളും, പൂവുകളും ഏതാണ്ട് കൊഴിയാറായി നില്‍ക്കുകയാണ്. അതോരോന്ന് നോക്കി നടക്കുന്നതിനിടയില്‍ പുതിയ കുറെ പ്രാണികളെ കണ്ടു. അവയെയെല്ലാം ക്യാമറയില്‍ ഒപ്പിയെടുത്ത്, നടക്കുമ്പോള്‍ അതാ എന്റ്റെ മുന്നില്‍...........
ഓര്‍മകളെ കുറെ വര്‍ഷങ്ങള്‍ പിറകിലേയ്ക്ക്. മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെയുണ്ടായിരുന്ന ചുവപ്പ് നിറത്തില്‍ കറുത്ത പുള്ളീകളുള്ള ‘ലേഡി ബഗ്’. ഇതിന്റെ പകുതി വലിപ്പമേ വരൂ, എങ്കിലും കുറെയധികം ഉണ്ടായിരുന്നു.
പ്രാണികളുടെ ചിത്രങ്ങള്‍ പിടിയ്ക്കുന്ന ഒട്ടു മിക്ക എല്ലാവരുടെയും സ്നേഹഭാജനമാണീ അരുമ. ചുവപ്പിന്റെയും മഞ്ഞയുടെയും പല ഷെയ്ഡുകളില്‍ ഇവയെ കാണാന്‍ കഴിയും. പച്ചനിറത്തിലുള്ളാ ഇലകളില്‍ ഇരിയ്ക്കുമ്പോള്‍ ഇവയുടെ ഭംഗി കാണേണ്ടത് തന്നെയാണ്. മാക്രോ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ മിയ്ക്കവാറും ഈ പ്രാണികള്‍ തന്നെയായിരിയ്ക്കും വിജയികള്‍.ഓര്‍മകളില്‍ നിന്ന് തിരിച്ചിങ്ങ് പോന്നു, പിന്നെ ഒന്നും നോക്കാതെ, ഈ സുന്ദരിക്കോതയുടെ (അത് ഞാനങ്ങ് തീരുമാനിച്ചു) പല പോസുകള്‍... ഒരു എതിര്‍പ്പും കാണിയ്ക്കാതെ മുഴുവന്‍ നേരവും സഹകരിച്ച്, വെയില്‍ കാഞ്ഞ്, അതങ്ങിനെ....
നിങ്ങള്‍ക്കായി കുറച്ച് കൂടി ചിത്രങ്ങള്‍...

ഇവിടെ വന്നതിനും കണ്ടതിനും നന്ദി.

2008, ഓഗസ്റ്റ് 20, ബുധനാഴ്‌ച

ആപ്പിള്‍‌ തിന്ന കൊതിയന്മാര്‍

കുറെ നാളുകളുടെ കാത്തിരിപ്പിനുശേഷം വീട്ടിലെ ആപ്പിള്‍ മരം പൂവിട്ടു, കായാ‍യി. നാട്ടുകാരെയും, അയല്‍ക്കാരെയും സുഹൃത്തുക്കളെയും ഈ സന്തോഷവര്‍ത്തമാനം വിളിച്ചറിയിക്കുകയും ചെയ്തു. ഓരോന്ന് തിന്നാന്‍ ആഗസ്റ്റില്‍ വരാന്‍ ക്ഷണിയ്ക്കുകയും ചെയ്തപ്പോഴാണ് ഈ കൃഷീവലന്റെ മനസ്സ് കുളിര്‍ത്തത്.
പറഞ്ഞ സമയം കൊണ്ട് ആഗസ്റ്റ് വരികയും ചെയ്തു. ഇതിനിടെ ആപ്പിള്‍ കൊണ്ട് വയ്ക്കാവുന്ന കിച്ചടി, പച്ചടി,തോരന്‍, അവിയല്‍ എന്നിവയെക്കുറിച്ച് വാമഭാഗവും, ആപ്പിള്‍കൊണ്ട് വാറ്റ്, വൈന്‍, ജൂസ് എന്നിവ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഞാനും ബൂലോകത്തില്‍ റിസര്‍ച്ച് ചെയ്തു. ഒന്നര വയസുകാരന്‍ തനയന്‍ ഇതിനിടെ എന്നും രണ്ടു നേരം ആപ്പിളിന്റെ വളര്‍ച്ച നേരിട്ട് ചെക്ക് ചെയ്ത് റിപ്പോര്‍ട്ട് ഉണ്ടാക്കി.
അങ്ങിനെ സന്തോഷപൂര്‍വ്വം പോട്ടം പിടിച്ചും പോസ്റ്റ് ചെയ്തും ഞാന്‍ സംതൃപ്തിയടഞ്ഞു. ഒരു ദിവസം, മഴ പെയ്തതിനു ശേഷം ഒരു ആപ്പിള്‍ വീഴാന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോയി അവനെ പൊട്ടിച്ചെടുത്ത് അവന്റെ കുറച്ച പോട്ടം പിടിച്ചു.
അതിനടുത്ത് നിന്നിരുന്ന ആപ്പിളില്‍ ഒരു വിള്ളല്‍ കണ്ടത് അത്ര കാര്യമാ‍ക്കിയില്ല. പിറ്റെ ദിവസം സൂപ്പര്‍വിഷനുപോയ തനയന്‍ ആപ്പിള്‍ മരത്തിനരികെ വായുവില്‍ വാള്‍പ്പയറ്റ് ചെയ്യുന്നത് കണ്ടപ്പോഴാണ് എന്തോ കുഴപ്പം മണത്തത്. ഉടനെ തന്നെ, വജ്രായുധം(കേമറ) കയ്യിലെടുത്ത് ഓടി ചെന്നു. ചെന്നപ്പോള്‍ കണ്ട കാഴച് ഹൃദയഭേദകമായിരുന്നു. ആ വിണ്ട ആപ്പിളില്‍ മുഴുവന്‍ കടന്നല്‍ (wasp).
സെക്യൂരിറ്റി ബ്രീച്ചിനെക്കുറിച്ച് ഉടന്‍ തന്നെ ഒരു മറുപടി തരാന്‍ സൂപ്പര്‍വൈസര്‍ക്ക് നിര്‍ദ്ദേശം നല്‍കി, അടുത്ത നടപടിയെന്തെന്ന് തീരുമാനിയ്ക്കാന്‍ അടിയന്തിരമായി ഡയറക്റ്റര്‍ ബോര്‍ഡ് കൂടി. ഭൂരിഭാഗം പേരും (ഞാനും ഭാര്യ്യും) ഒരെണ്ണമല്ലേ, കടന്നലല്ലേ തിന്നോട്ടെ, എന്ന തീരുമാനത്തിലും, മകന്‍, തക്കം കിട്ടീയാല്‍ ഞാനിവറ്റെയെ ചവിട്ടികൊന്നു കളയുമെന്ന് രഹസ്യമായി തീരുമാനിച്ചും യോഗം പിരിഞ്ഞു.
ഇതിനെല്ലാം കാരണം അഛന്റെ പോട്ടം പിടുത്തമാണെന്നും, ഇന്റര്‍നെറ്റില്‍ നിന്ന് ഗൂഗിള്‍ മാപ് നോക്കി കടന്നലുകള്‍ ലൊക്കേഷന്‍ കണ്ടുപിടിച്ച് ആക്രമിച്ചതാണെന്നും റിപ്പോര്‍ട്ട് കിട്ടി. സാമ്പത്തിക വ്യവസ്ഥ തകിടം മറിയ്ക്കാന്‍ അമേരിയ്ക്ക നടത്തിയ ആക്രമണമാണെന്നും, കടന്നലുകള്‍ അപകടത്തിന്റെ പ്രതീകമാണെന്നും രഹസ്യ റിപ്പോര്‍ട്ട് വായിച്ചു. പ്രസ്താ‍വനയിറക്കാന്‍ പിണറായി വിജയനേയോ, ദേവസ്വം മന്ത്രിയേയൊ ഉടന്‍ ബന്ധപ്പെടാനും റിപ്പോര്‍ട്ട് ആഗ്രഹം പ്രകടിപ്പിച്ചു.
അതൊന്നും കാര്യമാക്കാതെ ഞാന്‍ കുറച്ച് കൂടി പോട്ടം പിടിയ്ക്കാമെന്ന് കരുതി. മുകളില്‍ കാണുന്നത് ആപ്പിളിന്റെ ഞെട്ടി(stalk) യാണ്. മാക്രോ രീതിയില്‍ എടുത്തത്. അതിന് ചുറ്റും കാണുന്ന മഞ്ഞയും ചുമപ്പും ആപ്പിളിന്റെ നിറവും.

ആ വിള്ളലില്‍ക്കൂടി അകത്ത് കടന്ന് തിന്ന് കൊണ്ടിരിയ്ക്കുന്ന എല്ലാ അവന്മാരെയും അവളുമാരെയും പോട്ടത്തിലാക്കി. ഇതിനിടയില്‍ രംഗവീക്ഷണം ചെയ്യാന്‍ വന്ന ഒരു കടന്നല്‍ ഹെലികോപ്റ്റര്‍ മകന്‍ വെടിവെച്ചിട്ടു. നിരാലംബനായി നിലത്ത് കിടന്ന അവന്റെ പടമെടുത്ത് അല്‍-ജസീറയ്ക്ക് ഫാക്സ് ചെയ്തു, യുദ്ധത്തില്‍ ഞങ്ങള്‍ വിജയിച്ച് നില്‍ക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട്.
അന്നത്തെ ദിവസം അങ്ങിനെ പോയി, പിറ്റെ ദിവസം ആപ്പിള്‍ കാണാന്‍ കഴിയാത്ത വിധം കടന്നല്‍ മൂടി. ഒരു മീറ്റര്‍ അകലെ വരെ അവയുടെ ‘കറും മുറും’ എന്ന് ചവച്ചരയ്ക്കുന്ന ഒച്ച കേള്‍ക്കാം.
നല്ല വെയിലുള്ളത് കൊണ്ട് തുറന്നിട്ട ജനലിലൂടെ മൂന്ന് കടന്നല്‍ അകത്ത് കയറി, തലേ ദിവസം ഞങ്ങള്‍ പൊട്ടിച്ച് വെച്ചിരുന്ന ആപ്പിള്‍ ലക്ഷ്യ്മായി നീങ്ങി. അതു പോരാതെ, വാങ്ങി വെച്ചിരുന്ന ആപ്പിള്‍ ജൂസിന്റെ ഉള്ളില്‍ തലയിട്ട് പരിശോധിയ്ക്കുകയും ചെയ്തു.
ജൈവായുധം ഉണ്ടോ എന്ന് പരിശോധിയ്ക്കാന്‍ വിട്ട അന്വേഷകരാണെന്ന് മനസ്സിലാക്കി, സദ്ദാമിന് ഉണ്ടായ ഗതി വരാതിരിയ്ക്കാന്‍, ഉടന്‍ തന്നെ എല്ലാ ആപ്പിളും പുറത്തെത്തിച്ചു. അങ്ങിനെ, ആസന്നമായ ഒരു യുദ്ധത്തില്‍ നിന്ന് ഒരു കീഴടങ്ങലിലൂടെ വളരെ നയതന്ത്രപരമായി ഞങ്ങള്‍ രക്ഷപ്പെട്ടു. ബാക്കി, ചിത്രങ്ങളിലൂടെ ഇവിടെ കാണാം. പൊട്ടിച്ച് വെച്ച ആപ്പിള്‍ തിന്ന് കൊണ്ടിരിക്കുന്ന കടന്നല്‍, ഒന്നാം ദിവസം, സി. എന്‍. എന്‍ റിപ്പോര്‍ട്ട് ചെയ്തത്.രണ്ടാം ദിവസം ആപ്പിള്‍ മുഴുവന്‍ തിന്നുതീര്‍ന്ന ചിത്രം.
ഇതിനിടയില്‍ അമേരിയ്ക്കയ്ക്ക് ബ്രിട്ടനെന്ന പോലെ, ഒരീച്ച ആപ്പിളിന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു.പക്ഷെ, എല്ലാം നല്ലതിന് എന്ന പൊരുള്‍ മനസ്സിലാക്കിയതുകൊണ്ട് ഞാനിവരിലൊരുത്തനെകണ്ട് സല്‍മാങ്ഖാന്റെ പോലെയിരിക്കുന്നൂന്ന് തോന്നി പിടിച്ച് ഫ്ലിക്കറിലിടുകയും അവിടെയെല്ലാവരും കൂടി ഇവനെ ലക്ഷം ചിത്രങ്ങളില്‍ നിന്ന് ദിവസവും 500 ചിത്രം തിരഞ്ഞെടുക്കുന്ന പരിപാടിയില്‍(flickr-explore) തിരഞ്ഞെടുക്കുകയും ചെയ്തു(no:480). പോട്ടം പിടിയ്ക്കുന്ന പുലികള്‍ക്ക് അതൊരു പുച്ഛമാണെങ്കിലും, അടിയന്‍ പാവം തുടക്കമാണേ...
യെവനാണവന്‍....................... ഇപ്പോഴത്തെയവസ്ഥ: രണ്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം കടന്നല്‍ തിന്ന് തീര്‍ത്തു. യുദ്ധം കഴിഞ്ഞ ഭൂമിയില്‍ കബന്ധങ്ങള്‍ കിടക്കുന്ന പോലെ ആപ്പിളുകള്‍ മരത്തിന് ചുറ്റും വീണ് കിടപ്പാണ്. കൂടുതലന്വേഷിച്ചപ്പോഴാണ്, എല്ലയിടത്തും ഇതു തന്നെ അവസ്ഥ. ബ്ലൂ ബെറിയും, റാസ്പ് ബേറിയും, ഇതു പോലെ കടന്നല്‍ തിന്ന്, ശരിയായ വിളവെടുക്കാന്‍ കഴിയാതെ വന്നെന്ന് ഒരു കര്‍ഷക സുഹൃത്ത് പറയുകയുണ്ടായി.

ഓണം മലയാളിയുടെ ദേശീയാഘോഷമാണ്. ആണോ????

ഞാനിന്നലെയിട്ട പോസ്റ്റ് ലിസ്റ്റില്‍ വരത്തതുകൊണ്ട് ഇവിടെ പോസ്റ്റുന്നു.

2008, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

ചില ബോറ് പടങ്ങള്‍!

ഈ വേനല്‍ മുഴുവന്‍ മഴയില്‍ കുതിര്‍ന്ന് പോയി. വേനലവധിയെടുത്ത് കുറച്ച് കറങ്ങാമെന്ന് വിചാരിച്ചത് വെറുതെയായി. എന്നാല്‍ പിന്നെ കുറച്ച് പോട്ടം പിടിച്ച് എല്ലാവരെയും കുറച്ച് ബോറടിപ്പിക്കാം എന്ന് കരുതി. ഇതാ...

നാട്ടില്‍ നിന്നും വാങ്ങി വന്ന ആഭരണപ്പെട്ടിയുടെ മുകള്‍ഭാഗം.
മകനെ സോപ്പിടാനുള്ള അഛ്ന്റെയും അമ്മയുടെയും നമ്പരുകളുടെ ഭാഗമായി വാങ്ങി വെച്ചിട്ടുള്ള ചില ഐറ്റംസ്.

കാബേജ് തോരനാവുന്നതിന്‍ മുന്‍പ്...

ബാക്കിയുള്ള എല്ലാ അലവലാതി പടങ്ങളും ഇവിടെ.
2008, ഏപ്രിൽ 28, തിങ്കളാഴ്‌ച

ഒരു ഐറിഷ് വാരാന്ത്യ ചിത്രങ്ങള്‍

കുറെ നാളുകള്‍ക്ക് ശേഷം ഒരു വാരാന്ത്യം ചിലവഴിയ്ക്കാന്‍ വീടും കുടുക്കയും പൂട്ടിയിറങ്ങി.
അങ്ങിനെ ഗാല്‍‌വേ എന്ന പ്രകൃതി രമണീയമായ സ്ഥലത്ത് മൂന്ന് ദിവസം.
അവിടെ വളരെ ഭംഗിയുള്ള ഒരു ഭാഗമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് 200 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്ന ക്ലിഫ്സ് ഓഫ് മോഹര്‍. ഇത് (CO.CLARE ലാണ്).
അവിടെ അടുത്താണ് match maker എന്ന സിനിമ എടുത്തത്. നല്ല ഒരു ചിത്രം, ഐറിഷ് ഗ്രാമാന്തരീക്ഷത്തെ അമേരിക്കന്‍ കണ്ണിലൂടെ കാണുന്ന ഒരു ചിത്രം.
അവിടെ ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക (മോഹര്‍ ക്ലിഫ്).

എന്റെ മറ്റു ചില ചിത്രങ്ങള്‍