2007, ഡിസംബർ 29, ശനിയാഴ്‌ച

കമ്മലിട്ട പശു (ചിത്രം)

വഴിയരികില്‍ കണ്ട ഒരു പശുക്കുട്ടി, ഞങ്ങള് പശുക്ടാവെന്ന് പറയും.....
ആളൊരു ഫാഷന്‍‌കാരിയാ...

2007, ഡിസംബർ 27, വ്യാഴാഴ്‌ച

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍...(fox hunting)

ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഞാന്‍ ഫോക്സ് ഹണ്ട് കാണാന്‍ പോകുന്നത്. ഓരോ പ്രാവശ്യം കഴിയുന്തോറും അതിനോടുള്ള എന്റെ അഭിനിവേശം ഒട്ടും കുറയുന്നില്ല. ഇന്നലെ(26.12.07) നടന്ന ഹണ്ടില്‍ ഏകദേശം 50 ഓളം കുതിരക്കാര്‍ പങ്കെടുത്തു.
ഫോക്സ് ഹണ്ടിന് തുടക്കം കുറിച്ചെന്ന് വിശ്വസിക്കുന്ന ബ്രിട്ടനില്‍ അത് നിരോധിച്ചുകഴിഞ്ഞു. തീര്‍ത്തും ന്യായീകരണമില്ലാത്ത ഒരു രക്തം ചീന്തലാണിത്. കുറുക്കനെ കൊല്ലുന്നതോ ‘ഹൌണ്ടുകള്‍’ എന്നറിയപ്പെടുന്ന പ്രത്യേകതരം വേട്ടനായ്ക്കളും. കുറുക്കനെ മണത്ത് പിടിയ്ക്കാനും അവയെ ആക്രമിച്ച് കീഴടക്കാനും ഇവയ്ക്ക് പ്രത്യേക കഴിവാണ്.
കൊല്ലുക എന്ന അക്രമത്തിനപ്പുറം, ഒരു കായികപ്രകടനമായാണ് അധികം ആളുകളും ഇതിനെ കാണുന്നത്. അച്ചടക്കം, കായികശക്തി എന്നിവ ഒരേപോലെ ഉണ്ടെങ്കിലേ കുതിരയ്ക്കും കുതിരക്കാരനും ഇതില്‍ പങ്കെടുക്കാന്‍ ക്ഴിയൂ. കുറുക്കനെ പിടിക്കുന്നതിലുപരി, സ്വന്തം കുതിരയുടെയും, തന്റെയും കഴിവുകള്‍ ജനത്തെ കാണിക്കുക എന്നതാണ് ഈ ഹണ്ടില്‍ ഞാന്‍ കണ്ടത്.
ഈ വര്‍ഷത്തെ ഹണ്ടില്‍ കൂടുതലും പല പ്രായത്തിലുള്ള പെണ്‍കുട്ടികളായിരുന്നു, വേട്ടക്കാര്‍. അവര്‍ സാധാരണ കുതിരസവാരിക്ക് ധരിക്കുന്ന വേഷമാണ് ധരിക്കാറ്. അവരുടെ കൂടെ ചുവന്ന വേഷത്തില്‍ കാണുന്നത്, ഫീല്‍ഡ് മാസ്റ്റര്‍. അയാളുടെ കയ്യില്‍ ഒരു ബ്യൂഗിളുമുണ്ടാവും. ഇത് നായ്ക്കളെ വിളിയ്ക്കാനും കൂടെയുള്ളവരെ ഒരുമിച്ച് കൂ‍ട്ടാനും വേണ്ടിയുള്ളതാണ്. മാസ്റ്ററെ അനുഗമിച്ച് നായ്ക്കളും അതിന് അകമ്പടിയായി 2 പേരും കാണും.
കുറുക്കന്റെ മണം കിട്ടിയാല്‍ ഉടനെതന്നെ നായ്ക്കള്‍ ഉഷാറാവുകയായി. പിന്നെ അവ കുറുക്കനെ കടിച്ച് കീറുന്നതുവരെ കാര്യങ്ങള്‍ നീങ്ങും. ഏതായാലും ഈ വര്‍ഷം കുറുക്കനെ കിട്ടിയില്ല.
ഇതിന്റെ ജനസമ്മിതി ഓരോ വര്‍ഷവും കൂടി വരികയാണെന്ന് തോന്നൂന്നു. നമ്മുടെ നാട്ടില്‍ അമ്പലങ്ങളില്‍ കോഴിയെ കൊല്ലുന്നത് നിരോധിച്ച് പകരം കുമ്പളങ്ങ മുറിയ്ക്കുന്നത് പോലെ കുറുക്കന്‍ വധം ഒഴിവാക്കി കായികാഭ്യാസങ്ങള്‍ മാത്രം നടത്തുവാന്‍ പ്രകൃതിസ്നേഹികള്‍ മുറവിളി കൂട്ടുന്നുണ്ട്.
2007, നവംബർ 18, ഞായറാഴ്‌ച

ഞാന്‍ എങ്ങിനെ തീവ്രവാദിയായി?

ഇടതുപക്ഷ സാഹിത്യം വെള്ളം ചേര്‍ക്കാതെ അടിക്കുമെങ്കിലും ഗ്വാട്ടിമാലയിലെ കാടുകളിലെ ചെഗുവെരെയുടെ ഗറില്ലാമുറകളോ, ശ്രീലങ്കയിലെ തമിഴ്പെങ്കൊടിമാരുടെ കരയാന്‍ മറന്നുപോയ കണ്ണുകളോ അല്ല എന്നെ തീവ്രവാദിയാക്കിയത്; ബാംഗ്ലൂരില്‍ നിന്ന് സ്രുഹുത്ത് വാങ്ങിച്ചയച്ചുതന്ന തല മൂടി, മുട്ടുവരെയെത്തുന്ന കറുത്ത നീളന്‍ കോട്ടാണ്. പിന്നെ അഞ്ചു യൂറോയ്ക്ക് ഞാന്‍ വാങ്ങിച്ച ഒരു ബാഗൂം.
സീന്‍ : ഡബ്ലിന്‍ ബസ് സ്റ്റേഷന്റെ അര കി.മി. അകലെ.
സമയം, ദിവസം: 2003 ഡിസംബര്‍ 26, ഒരു തണുത്ത വെള്ളിയാഴ്ച വൈകീട്ട് 5.45
ഡിസംബര്‍ 26, രാവിലെ കുറുക്കനെ പിടിക്കാന്‍(fox hunting) പോയ ശേഷം, അസാരം മദ്യപാനികളെ പരിചയപ്പെട്ട് സായൂജ്യമടഞ്ഞ് ഇനിയെന്ത് എന്നാലോചിച്ചിരിക്കുമ്പോഴാണ് ഡബ്ലിനില്‍ നിന്ന് കൂട്ടുകാരെന്റെ വിളി വന്നത്, അങ്ങോട്ട് ചെല്ലാന്‍. മറ്റൊന്നും ആലോചിക്കാതെ കയ്യില്‍ കിട്ടിയതെല്ലാം വലിച്ചു പെറുക്കി കറുത്ത ബാഗിനകത്താക്കി, അടുത്ത വണ്ടി കേറി നേരെ വിട്ടു. നല്ല തണുപ്പായതുകൊണ്ട് ഉള്ളില്‍ കമ്പിളി പിടിപ്പിച്ച തല മുതല്‍ മുട്ടു വരെ നീളുന്ന കറുത്ത കോട്ടും കരുതിയിരുന്നു. അവന്‍ ഡബ്ലിനിലെ പ്രധാന റോഡില്‍, ഒരു കി .മി ചുറ്റളവില്‍ എവിടെ നിന്ന് നോകിയാലും കഴിയുന്ന കുന്തത്തിന്റെ (Spire) ചുവട്ടില്‍ 6 മണിയാവുമ്പോള്‍ കാണാമെന്ന് പറഞ്ഞിരുന്നു.
ആ കുന്തത്തിനെക്കുറിച്ച് അല്‍പ്പം: 2002 ഡിസംബറില്‍ ആണത് നിര്‍മ്മിക്കപ്പെട്ടത്, 120 മീറ്റര്‍ പൊക്കം, അടിയില്‍ മൂന്നു മീറ്റര്‍ വ്യാസം. ഇതേ സ്ഥലത്ത് നിന്നിരുന്ന 150 വര്‍ഷത്തോളം പഴക്കമുള്ള ഒരു പില്ലര്‍ 1966 ല്‍ IRA (Irish Republican Army) ബോംബു വച്ചു തകര്‍ത്തിരുന്നു. അതിന് 134 അടി പൊക്കമുണ്ടായിരുന്നു, 1900 ല്‍ ലോകത്തില്‍ തന്നെ പൊക്കത്തില്‍ നാലാം സ്ഥാനത്തായിരുന്നു നെത്സണ്‍ പില്ലര്‍. ഈ പില്ലറിനു മുകളില്‍ കാണുന്ന പ്രതിമ ബ്രിട്ടീഷ് ദേശാഭിമാനത്തിന്റെ പ്രതീകമായ ലോര്‍ഡ് നെത്സന്റേതാണ്. ബ്രിട്ടീഷുകാരുടെ എക്കാലത്തെയും വലിയ നാവിക യുദ്ധവീരനായിരുന്നു നെത്സണ്‍, അതുകൊണ്ടുതന്നെ അയാളുടെ പ്രതിമ തങ്ങളുടെ തലക്കുമുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നത് ഐറിഷുകാര്‍ക്ക് ഇഷ്ടപ്പെടാത്തത് സ്വാഭാവികം. എന്തായാലും ഐറിഷ് ഗവര്‍മ്മെന്റ് 35 വര്‍ഷങ്ങള്‍ക്കുശേഷം അതു നിന്ന സ്ഥലത്ത് ഈ പുതിയ കുന്തം സ്ഥാപിക്കുകയായിരുന്നു.
ഏന്തൊക്കെയായാലും ബസില്‍ ഇരുന്ന് ഉറങ്ങിപ്പോയ കാരണം കുന്തത്തിനു മുന്നില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല, പകരം ലാസ്റ്റ് സ്റ്റോപ്പായ ബസ്റ്റാന്റില്‍ പോയി ഇറങ്ങേണ്ടി വന്നു. അവിടെ നിന്ന് ഒരഞ്ചു മിനുട്ട് നടക്കാനുണ്ട് തിരിച്ച്. ആദ്യമായാണ് ഇതുവഴി നടപ്പ്, ഈ പ്രദേശം അത്ര നല്ലതല്ല എന്നു കേട്ടിരുന്നതിന്റെ ഒരു ധൈര്യക്കുറവുമുണ്ട്. ഇവിടെ ഭീഷണിപ്പേടുത്തി പണം തട്ടുന്ന ഒരു പരിപാടി നടക്കാറുണ്ടെന്ന് ഒരു പോലീസുകാരന്‍ കുറച്ച് നാള്‍ മുന്‍പ് ഒറ്റക്കുനടക്കുകയായിരുന്ന മറ്റൊരു കൂട്ടുകാരനെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഷ്ടകാലമെന്നു പറഞ്ഞാല്‍ മതി, എനിക്കു വഴിതെറ്റി. രണ്ടു നിലയുള്ള ഒരു കെട്ടിടത്തിന്റെ അരികെയായതു കാരണം 120 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കുന്തം കാണാന്‍ കഴിയുന്നുമില്ല. എന്നാല്‍ പിന്നെ എത്തുന്നോടത്ത് എത്തട്ടെ എന്ന മട്ടില്‍ വച്ചു പിടിച്ചു. 10 മിനിട്ടില്‍ എത്തിയില്ലെങ്കില്‍ ടാസ്കി പിടിയ്ക്കാം എന്ന് കരുതി ഒരു വളവെടുത്തു. മൂന്നു ചെറുപ്പം പിള്ളാര്‍ നടന്നു വരുന്നുണ്ട്, അവരോട് വഴി ചോദിയ്ക്കാം എന്നുകരുതിയപ്പോള്‍ വീണ്ടും ഒരു പേടി. വഴി ചോദിച്ചാല്‍ തല്ലും തന്ന് ബാഗും തട്ടിയെടുത്ത് പോയാലോ? ലവമ്മാരെ കണ്ടാല്‍ ഒരു കൊണവുമില്ല, വണ്ടി വേറെ വഴി പോട്ടെ...
ഒരു 50 മീറ്റര്‍ നടന്നുകാണും, ഒരു 55 -60 വയസ്സു തോന്നുന്ന മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ നടന്നുവരുന്നതുകണ്ടു. ഐറിഷ്കാര്‍ മലയാളികളെപ്പോലെ തന്നെ മര്യാദയുള്ളവരാണ്, വഴി ചോദിച്ചാല്‍ വീട്ടില്‍കൊണ്ടാക്കിയിട്ടേ പോവൂ..എന്നാല്‍ പിന്നെ ചോദിക്കുക തന്നെ.
വളരെ ഭവ്യതയോടെ, തലയിലെ തൊപ്പി മാറ്റി, വിഷ് ചെയ്ത് കാര്യം അവതരിപ്പിച്ചു, ഈ കുന്തം എവിടെയാണ്? ദയവായി ഏറ്റവും എളുപ്പമുള്ള വഴി പറഞ്ഞുതരൂ..
അര്‍ദ്ധനിമിഷം പോലുമെടുക്കാതെ മറുപടി വന്നു, ഒപ്പം മദ്യത്തിന്റെ മണവും..വീണ്ടും വീണ്ടും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ തിരക്കിട്ട് നടന്നു. തിരിയുന്നതിന് മുന്‍പ് പുറകില്‍ നിന്ന് ചോദ്യം വന്നു, നിന്റെ ബാഗിലെന്താണ്? ബോംബാണോ?
ഒന്നു ഞെട്ടിപ്പോയ ഞാന്‍ എന്റ്റെ ബാഗിലേക്കു നോക്കി, കുത്തി നിറച്ച കാരണം, വല്ലാതെ വീര്‍ത്തിരിക്കുന്നു.പക്ഷെ ഐറിഷുകാരുടെ ഹാസ്യം വളരെ പ്രശസ്തമാണ്, എവിടെയാണ്, എങ്ങിനെയാണ് പ്രയോഗിക്കുക എന്നു പറയാന്‍ വയ്യ...നമ്മളും വിട്ടുകൊടുക്കാന്‍ പാടില്ലല്ലോ? ഒരു ചിരിയോടെ ഞാന്‍ വച്ച് കാച്ചി, ‘ഒന്നോ, രണ്ടെണ്ണമുണ്ടിതില്‍’.
അയാള്‍ഓടി മാറി, എന്നിട്ട് തൊണ്ടപൊട്ടുന്ന ഉറക്കെ വിളിച്ചുകൂവി, ‘ഇവന്റെ കയ്യില്‍ രണ്ടു ബോംബുണ്ട്, കുന്തം ബോംബ്ബുവെച്ചു തകര്‍ക്കാന്‍ പോവുകയാണ്’. ഒരു നിമിഷം, ആ നിമിഷം വളരെ ദൈര്‍ഘ്യമേറിയതായിരുന്നു, ആ തെരുവു മുഴുവന്‍ സ്തംഭിച്ചു നിന്നൂ എന്നെ നോക്കി. ഒരാളും അനങ്ങുന്നില്ല.
പുറകില്‍ നിന്ന മനുഷ്യന്‍ പെട്ടെന്ന് എന്നെ തല്ലാന്‍ വരുന്ന പോലെ ഓടി വന്നു. ഞാന്‍ വേഗം നടന്നു,പതിയെ ഓടി..അയാള്‍ തൊട്ടു പുറകെയുണ്ട്. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ കല്ലുകള്‍ക്ക് വേണ്ടി റോഡു മുഴുവന്‍ പരതുകയാണ്, എന്റമ്മോ..പക്ഷേ കല്ലൊന്നും കിട്ടാന്‍ സാധ്യത കുറവാണ്, അത്ര നല്ല തെരുവാണ്, എന്റെ ഭാഗ്യം. പക്ഷെ, അയാള്‍ വിടാന്‍ ഉദ്ദേശിചിട്ടില്ല, കോട്ടൂരി എന്നെ അടിയ്ക്കാന്‍ പാഞ്ഞടുക്കുകയാണയാള്‍,ഒപ്പം വിളിച്ചുകൂവുന്നുമുണ്ട് . ഞാന്‍ തിരിഞ്ഞു നിന്നു. കോട്ടുകൊണ്ട് അയാള്‍ അടിയ്കാന്‍ നോക്കു‌മ്പോള്‍ എല്ലാവരും എന്നെത്തെന്നെ സംശയത്തോടെ നോക്കിനില്‍ക്കുന്നു. ഞാന്‍ തിരിഞ്ഞു നിന്ന് കൈ ആഞ്ഞ് വീശി, അയാള്‍ക്ക് കൊണ്ടോ അതോ അടിയില്‍ നിന്ന് ഒഴിഞ്ഞു മാറിയപ്പോള്‍ തെന്നിയോ, അയാള്‍ താഴെ വീണു. എന്റെ പകുതി ജീവനും, ബാഗും കയ്യില്പിടിച്ച് ഞാന്‍ ഓടി, ഒരു ടാക്സിക്ക് കൈ കാണിച്ചു. ഈ നാടകം മുഴുവന്‍ കണ്ടുകൊണ്ടുവരികയായിരുന്ന ടാക്സിക്കാരന്‍, രണ്ടു കള്ളുകുടിയന്മാര്‍ തമ്മിലുള്ള പ്രശ്നം എന്നതില്‍ കവിഞ്ഞ് ഇതിന് വലിയ പ്രാധാന്യം കൊടുക്കാത്ത കാരണം ടാക്സി നിറുത്താതെ പോയി. അതോടെ എന്റെ മുഴുവന്‍ ജീവനും പോയി, എന്നാല്‍ പിന്നെ, അടിയെങ്കില്‍ അടി എന്നു കരുതി, ഒറ്റ ഓട്ടം വെച്ചുകൊടുത്തു. ഇതിനകം കോട്ടു ഊരി പോയ എന്റെ എതിരാളി, എന്റെ പുറകെ വെച്ചു പിടിക്കുന്നുണ്ട്. ഏതോ കുരുത്തത്തിന് 50 മീറ്റരിനുള്ളില്‍ ട്രാഫിക് സിഗ്നല്‍ കിട്ടി ടാക്സി നിറുത്തി, പിന്നെയൊരു പറക്കലായിരുന്നു. 10-12 കൊല്ലം മുന്‍പ് രാവിലെ ഓടാന്‍ പോയപ്പോള്‍ കാക്കാത്തുരുത്തി പാലത്തിന്‍ മുകളില്‍ വെച്ച് പട്ടി ഓടിച്ചപ്പോള്‍ മാത്രമാണ് ഇതേ പോലെ എന്റെ ജീവനും കൊണ്ടോടിയത്.
എന്തായാലും ടാക്സിയില്‍ക്കയറി വാതിലടച്ചു. അതാ വരുന്നു മറ്റവന്‍, ഓടി കാറിനു മുന്നില്‍ കയറി ഡ്രൈവറോട് എന്റെ കൈയില്‍ ബോംബുണ്ടെന്ന് വിളിച്ചുകൂവി, ഒപ്പം ഞാന്‍ കുന്തം ബോംബു വെച്ച് തകര്‍ക്കാന്‍ പോകുകയാണെന്നും. പിന്നെ അയാള്‍ കാറിനു മുന്നില്‍ നിലത്ത് കിടന്നു.
ഡ്രൈവര്‍ കാര്‍ പുറകോട്ടെടുത്ത് തിരിച്ച് ഓടിച്ച് പോയി, എനിയ്ക്കപ്പോഴും പേടിയായിരുന്നു, അയാള്‍ പുറകെ ഓടി വരുന്നുണ്ടോ എന്ന്. ഒരു വളവ് തിരിഞ്ഞപ്പോഴേക്കും കുന്തം എനിക്ക് കാണാന്‍ പറ്റി.

അതിന് താഴെ കാര്‍ നിറുത്തിയപ്പോള്‍ ഞാന്‍ 10 യൂറൊ എടുത്ത് അയാള്‍ക്ക് നല്‍കി. പൈസ വേണ്ടെന്ന് പറഞ് ചിരിച്ചുകൊണ്ട് അയാള്‍ എന്നോടു പറഞ്ഞു ‘ ഇതാണ് കുന്തം, നീ പോയി ബോംബു വെയ്ക്ക്’....

എനിക്കിപ്പോഴും അറിയില്ല, എന്നെ എന്തുകൊണ്ട് അയാള്‍ സംശയിച്ചെന്ന്, 2005ന് ശേഷമായിരുന്നെങ്കില്‍ ലണ്ടന്‍ ബോംബിഗിന്റെ ശേഷപത്രമാണെന്ന് ധരിക്കാമായിരുന്നു...ഈ സംഭവം നടന്നത്, ലണ്ടനിലായിരുന്നെങ്കില്‍ ഒരു പക്ഷേ ആ ബ്രസീല്‍ കാരനെപ്പോലെ ആറൊ ഏഴോ ബുള്ളറ്റുമായി ഞാന്‍ കിടന്നേനെ...


general gambling news

gambling newsVisitor Map
Create your own visitor map!

2007, സെപ്റ്റംബർ 4, ചൊവ്വാഴ്ച

2007, ജൂലൈ 22, ഞായറാഴ്‌ച

ചായക്കോപ്പഇതു നിങ്ങളു വിചാരിക്കുന്നതുപോലെ ഒരു വലിയ കഥയൊന്നുമല്ല. എന്റെ മൂന്നാമത്തെ ചായക്കോപ്പയും ഓഫീസില്‍ നിന്ന് കാണാതായപ്പോള്‍ (അടിച്ചു മാറ്റപ്പെട്ടപ്പോള്‍) ഞാന്‍ വാങ്ങിയ മഞ്ഞക്കോപ്പ പെയിന്റടിച്ച് വൃത്തികേടാക്കിയതാണ് നിങ്ങള്‍ കാണുന്നത്. അങ്ങിനെയെങ്കിലും ഇത് അടിച്ചുമാറ്റപ്പെടാതിരിക്കട്ടേ!!!

2007, ജൂലൈ 11, ബുധനാഴ്‌ച

എന്റെ ആദ്യത്തെ ഭാര്യ...

ഇന്നലെ ജോലി കഴിഞ്ഞുവന്നയുടനെ ലാപ്ടോപ് എടുത്ത് മടിയില്‍ വെച്ച് മെയില്‍ ചെക്കു ചെയ്യുകയായിരുന്നു. വാതില്‍ തുറന്ന ശബ്ദം കേട്ട് തനയന്‍, വന്നതാര് എന്നു തിരക്കാന്‍ ലിവിങ്‌റൂമില്‍ അമ്മയുടെ അരികില്‍ നിന്ന്, മുട്ടുകാലിലിഴഞ്ഞ് ഹാളിലേക്ക് വന്നു, കൂടെ മാതാശ്രീയും. അവിടെ ആരെയും കാണാതായപ്പോള്‍ വച്ചു പിടിച്ചു സ്റ്റ്ഡിറുമിലേക്ക്. എന്നെക്കണ്ട വഴി എണീറ്റിരുന്നൊരു ചാട്ടം, അത് എന്നെ എടുത്ത്കൊള്ളൂ എന്നുള്ളതിന്റെ സൂചനയാണ്.
അപ്പോഴാണ് വാമഭാഗത്തിന്റെ കമന്റ്, ‘ഉണ്ണ്യേ, അച്ഛന്‍ ആദ്യഭാര്യേട കൂടെയാണെടാ, വെറുതെ വിടണ്ടാ’(കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഈ ലാപ്റ്റൊപ് അവള്‍ക്ക് എന്റെ ആദ്യഭാര്യയാണ്). എന്നിട്ട് എന്നോട്, യുദ്ധത്തിനിറങ്ങുന്നതിന് മുമ്പ് തിട്ടൂരം വായിക്കുന്നതുപോലെ, ‘ഇന്ന് ഞങ്ങള് ശരിയാക്കിത്തരാം’ എന്നൊരു ഭീഷണീം. പ്രതിപക്ഷ ബഹുമാനം എനിക്കിഷ്ടപ്പെട്ടു, ധര്‍മയുദ്ധമായിരിക്കുമല്ലോ, പറഞ്ഞിട്ടാണല്ലോ തല്ലാന്‍ പോകുന്നത്...
കേട്ട പാതി, കേള്‍ക്കാത്ത പാതി, തനയന്‍ തന്റെ ഭൂതഗണങ്ങളായ ടെഡി ബെയര്‍ വേതാളം, പീക് അ പൂ ഡോഗ് ഭൈരവന്‍, സ്കൂബിഡൂ ഭൈരവന്‍, ആല്‍‌ഫി ഡോള്‍ കാളി തുടങ്ങിയവരുമായി അണിനിരന്ന് കഴിഞ്ഞു. പിന്നെ യുദ്ധമുറയില്‍ അണികള്‍ക്ക് എന്തൊക്കെയൊ നിര്‍ദ്ദേശം കൊടുത്ത്, പാര്‍വതീ തനയന്‍, അച്ഛനല്ല സാക്ഷാല്‍ പരമശിവന്‍ പറഞ്ഞാല്‍ പോലും ഇനി ഒരു ചുവട് പുറകോട്ടില്ല എന്ന മട്ടീല്‍ ഒരു നോട്ടം. അപ്പോള്‍ ശ്രീമതി, വാതില്‍ക്കല്‍ നിന്ന്, പണ്ട് ടിപ്പു സുല്‍ത്താന്‍ സീരിയലില്‍ സുല്‍ത്താന്‍ വാളെടുത്ത് പടയ്ക്ക് ആജ്ഞ കൊടുക്കുന്ന പോലെ, റിമോട്ടെടുത്ത് മുന്നോട്ട് നീട്ടി പറഞ്ഞു ‘ചെല്ല് കണ്ണാ’. ആഞ്ജനേയന്‍ സൂര്യഭഗവാനെ പിടിയ്ക്കാന്‍ ചാടിയപോ‍ലെ ഒരു വരവായിരുന്നു പിന്നെ, കയ്യില്‍ ഏറ്റവും ചെറിയ ഭൂതമായ സ്ക്കുബി ഡൂ ഭൈരവനും.
ആദ്യം അരികെ വന്ന് കാലുതൊട്ടു, തെറ്റിദ്ധരിച്ച ഞാന്‍‌‍, കുരുക്ഷേത്രത്തില്‍ അനുഗ്രഹം വാങ്ങാന്‍ വന്ന ധര്‍മപുത്രരെ ഭിഷ്മര്‍ അനുഗ്രഹിച്ച് പറയുന്ന പോലെ, ‘ഹും, എന്റെ കാലു പിടിച്ചത് നന്നായി, ഇല്ലെങ്കില്‍ നിനക്ക് ഗുരുശാപം കിട്ടിയേനെ’ എന്നു പറഞ്ഞ് പൊക്കിയെടുത്ത് സമീപത്തിരുത്തി. ഇരുത്തിയ വശം രണ്ടാം ഭാര്യയുടെ മകന്‍ ഒന്നാം ഭാര്യയെ ഒരു തൊഴി. പിന്നെ മൌസ് എടുത്ത് ഒരു കടി.. അരിശം തീരാത്ത പോലെ മുട്ടില്‍ എണിറ്റ് നിന്ന് കീ പാഡില്‍ കൈയമര്‍ത്തി അതുവരെ റ്റൈപ്പു ചെയ്തതെല്ലാം ഒറ്റയടിക്ക് ഡിലീറ്റ് ചെയ്തു കളഞ്ഞു. പിന്നെ എന്റെ മുഖത്തേക്കു നോക്കി, ഒരു ഗ്വാ‍..ഗ്വാ വിളിയായിരുന്നു. യുദ്ധം ജയിച്ച മകന് അമ്മ ബദാമും ഈന്തപ്പഴവും പാലും ഓഫര്‍ ചെയ്തു.
യുദ്ധത്തില്‍ തോറ്റ അച്ഛനെ ആദ്യഭാര്യയുടെ അരികില്‍ നിന്ന് അമ്മയും മകനും കൂടി വലിച്ചിഴച്ച് ഡൈനിങ്ങ് റൂമിലേക്ക് കൊണ്ടുപോയി, പഞ്ചസാരയില്ലാത്ത ചായ കുടിപ്പിക്കാന്‍.......

2007, ജൂൺ 28, വ്യാഴാഴ്‌ച

കത്തീം മുള്ളും സായിപ്പും

പണ്ടൊരിക്കല്‍, എന്നു പറഞ്ഞാല്‍ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നു ചെത്താന്‍ കിട്ടിയ ചാന്‍സൊന്നും കളയാതെ, കയ്യില്‍ അഞ്ചുറുപ്പേന്റെ കാശില്ലെങ്കിലും, കടം വാങ്ങിച്ചെങ്കിലും അടിച്ചു പൊളിച്ചു നടക്കാന്‍ ശ്രമിക്കുന്ന.., ന്ന്‌ച്ചാല്‍, ഞാന്‍ കാളീജില്‍ പഠിക്കുംമ്പൊ...
വായീനോക്കി നടന്നു തളരുമ്പോള്‍ ഏതെങ്കിലും ജ്വല്ലറിയില്‍ കയറി, മാല മാറ്റാനെന്ന ഭാവേന A/C യില്‍ കുറേ നേരമിരുന്ന നേരം, അവരു തരുന്ന ജൂസും കുടിച്ചു, ഒന്നും ഇഷ്ടമായില്ലെന്നും പറഞ്ചു കൂളായി ഇറങ്ങി പോന്നിരുന്ന സുന്ദര സുരഭില കാലം.

എറണാകുളം മരീന്‍‌ഡ്രൈവില്‍, അന്ന് ഇന്നത്തെപ്പോലെ ചോന്ന പെയിന്റടിച്ച കസേരയൊന്നുമില്ല, പാലത്തിന്റെ രണ്ടു വശവും വെളക്കുംകാലുകളും പിന്നെ ദാരിദ്ര്യം പിടിച്ച കൊറെ മരങ്ങളും മാത്രം. ക്രിത്യം 5.15 എന്നൊരു സമയമുണ്ടെങ്കില്‍, പാലത്തിന്റവിടന്ന് നാലാമത്തെ വിളക്കുംകാലിന്റെ കീഴില്‍ രജിസ്റ്റ്രില്‍ ഒപ്പിട്ട ശേഷം കപ്പലണ്ടീം കൊറിച്ചു ഞങ്ങളിരിപ്പുണ്ടാവും, രാത്രി എട്ടര വരെ. ചര്‍ച്ച, ലോക കാര്യങ്ങള്‍. ലോകത്തിനിന്നു കാണുന്ന പോലത്ര പരപ്പും വിസ്താരോന്നും അന്നില്ല, മൂന്നോ നാലോ പെണ്‍പിള്ളേരും കാളീജും ഈ കാണുന്ന മറീന്‍ ഡ്രൈവും മാത്രം. പക്ഷെ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടം പോലെ വിഷയം ഉണ്ടായിരുന്നു താനും. അങ്ങിനെ അവിടെ ഇരുന്നു നോക്കിയാല്‍‌ ഒരു വശത്തു കായലും മറുവശത്ത് മേനകേം. വല്ലപ്പോഴും തട്ടുകട ഒഴിവാക്കി, കാണാന്‍ ഭംഗിയുള്ള കസേരേം, കണ്ണാടിയൊക്കെയുളള ഹൊട്ടെലില്‍‌, തലയില്‍ തൊപ്പിവെച്ച ചേട്ടന്മാര്‍ തരുന്ന അലവലാതി ഭക്ഷണം കഴിച്ചു വയറു കേടാക്കുക എന്നത് ഒരു ഒഴിച്ചു കൂടാനാവാത്ത ജാഡ മാത്ര മായിരുന്നില്ല, പിറ്റെ ദിവസം പെണ്‍പിള്ളേരുടെ മുന്നില്‍ വീമ്പു പറയാനുള്ള ഒരവസരം കൂടിക്കിട്ടുന്നതുകൊണ്ടായിരുന്നു. 32 തരം ദോശയും, നോക്കിനില്‍ക്കെ ചുട്ടു തരുന്ന ചപ്പാത്തിയും കോഴിം, കപ്പേം ഗ്രീന്‍പീസും മുട്ടയും കൂട്ടിയുള്ള കൊത്തിപ്പൊരിയുമൊക്കെയുപേക്ഷിച്ച് ഒന്നൊന്നര മണിക്കൂര്‍, കിട്ടാന്‍ പോകുന്ന വയറിനു പിടിക്കാത്ത വടക്കേയിന്‍ഡ്യന്‍ ഭക്ഷണത്തെയൊര്‍ത്തും അവസാനം കൊണ്ടുത്തരാന്‍ പോകുന്ന ബില്ലിനെക്കുറിച്ചോര്‍ത്തും ടെന്‍ഷനടിച്ച്, രസമുണ്ടെങ്കിലും ഹൃദയമിടിപ്പു കാരണം മുഖത്ത് നവരസങ്ങള്‍ മാറി മാറി വരും. കണ്ടു നില്‍ക്കുന്നവന്‍ വിചാരിക്കും, ഇത്ര നന്നായി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവന്‍ ഈ ലോകത്ത് വേറെയില്ലെന്ന്.
അങ്ങിനെയൊരു ദിവസം, വായിനോക്കാന്‍ കമ്പനിയില്ലാത്ത ഒരു വൈകുന്നേരം ഞാന്‍ വിചാരിച്ചു, ഇന്ന് ബിംബീസ്. അന്നുവരെ ബിംബിസില്‍ പോയിട്ടില്ല. പലപ്പോഴും അതിലെ നടന്നു പോകുമ്പോള്‍ മേലോട്ട് നോക്കി വെള്ളമിറക്കിയിട്ടുള്ളതല്ലാതെ അതിനകത്തു പോയൊരു 3 course dinner അടിക്കാന്‍‌ എന്റെ സാമ്പത്തിക ഭദ്രത എന്നെ അനുവദിച്ചിട്ടില്ല. ഒരു കാര്യം ഞാന്‍‌ ശ്രദ്ധിച്ചിരുന്നു, ഒന്നാം നിലയിലെ ജനാലയ്ക്കടുത്തിരുന്നാല്‍ മേനക മുഴുവനും കാണാം. നമ്മളെ നാലുപേരു കാണേം ചെയ്യും. ഉള്ള ധൈര്യമെല്ലാം വലിച്ചുകേറ്റി, നേരെ വിട്ടു. കയറിചെന്നപ്പൊ ആദ്യം നോക്കിയത്‌ ജനാല സീറ്റാണ്‌. ആദ്യം‌ കാണുന്ന സീറ്റില്‍ ഒരു സായിപ്പിരിക്കുന്നൊണ്ട്‌. പിന്നെയുള്ള ജനാലയ്ക്കടുത്ത് ഒരു സീറ്റില്‍‌ പോയി ഇരുന്നു. തറവാടി സായിപ്പന്മാര്‍ക്ക് ഒരു ഗുണമുണ്ട്. പൊതുസ്ഥലത്തും‌ വ്യക്തിത്വം‌ സൂക്ഷിക്കും. ഒരു സാധാരണ ഭാരതിയന്‍ / മലയാളി എതിര്‍വശത്തിരിക്കുന്ന ചേട്ടനെ നോക്കി ‘എന്തെഡ?’ എന്നമട്ടിലും ചേച്ചിയേ നോക്കി ചോര കുടിക്കുന്ന പോലേം‌ തറവാടി സായിപ്പന്‍ ചെയ്യില്ല. എന്റെ മുന്നിലിരുന്ന സായിപ്പു തറവാടിയെന്ന്‌, താനിരിക്കുന്ന കസേരയും മേശയും ഉള്‍ക്കൊള്ളുന്ന വായുസ്തൂപത്തിനപ്പുറത്ത്‌ വേറൊരു ലോകമില്ലെന്ന ഭാവത്തിലിരിക്കുന്ന അയാളെ കണ്ടപ്പോഴേ എനിക്കു തോന്നി. ഞാന്‍ വന്നിരിക്കുമ്പോള്‍ത്തന്നെ തലയില്‍ തൊപ്പിവെക്കാത്തൊരു ചേട്ടന്‍ കഴുത്തില്‍ കെട്ടിയ ടൈകൊണ്ട് മേശ തുടക്കുംവിധം ഭവ്യതയോടെ സായിപ്പിന്റെ ഓര്‍ഡറെടുത്തിട്ട് പോയി.

ഇന്നുവരെ സായിപ്പു ഭക്ഷണം കഴിക്കുന്നത് സിനിമയിലല്ലാതെ നേരില്‍ കണ്ടിട്ടില്ലാത്തതുകൊണ്ടും നമ്മുടെ എരിവുള്ള ഭക്ഷണം ഇയാളെങ്ങിനെ കഴിക്കും എന്ന അതിരുകടന്ന ജിജ്ഞാസയിലിരിക്കുകയുമായിരുന്ന എന്റെ മുന്നിലേക്ക് കത്തിയും മുള്ളുമായി ഒരു ബട്‌ലര്‍ കടന്നുവന്നു. മെനു ഒരു സൈഡിലൊതുക്കി, ഭംഗിയായി മടക്കിയ നാപ്കിന്‍ എന്റെ മുന്നില്‍ വെച്ച് അതിനു മോളില്‍ കത്തിം മുള്ളൂം വെച്ചു പഹേന്‍ കയ്ചിലാക്കി. ഇങ്ങിനെയൊരു ഉഡായിപ്പീസിനെക്കുറിച്ച് ഞാന്‍ സ്വപ്നത്തില്‍ പോലും ആലോചിച്ചിരുന്നില്ല. പലവിധത്തില്‍, നീളത്തില്‍ ഉള്ള കരണ്ടികള്‍ കൊണ്ട് കഞ്ഞി കുടിച്ചിട്ടുള്ളതായിരിക്കും, കൈ ഉപയോഗിക്കാതെ ഉള്ള എന്റെ പരീക്ഷണങ്ങളുടെ അങ്ങേയറ്റം.
എന്റായാലും എണ്ണ തേച്ചു, ഇനി കുളിച്ചു കയറുക തന്നെ. കൈയില്‍ കിട്ടിയ മെനു ഇടത്തു നിന്ന് വലത്തോട്ടും മുകളില്‍ നിന്ന് താഴോട്ടും രണ്ടു മൂന്നു തവണ വായിച്ചു തീര്‍ത്തു. വായില്‍ കൊള്ളാത്ത പേരുള്ള കുറെ സാധനങ്ങള്‍. ഓര്‍ഡറെടുക്കാന്‍ ബട്‌ലന്‍ വന്നപ്പോള്‍, ഞാന്‍ നോക്കുന്ന സാധനം ഇതില്‍ കാണുന്നില്ലല്ലോ എന്ന മട്ടില്‍ ഒന്നൂടെ നോക്കീട്ട്, സായിപ്പിനെ ഓട്ടക്കണ്ണീട്ട് നോക്കി, ബട്‌ലനോട് ചോദിച്ചു.
‘ചില്ലിചിക്കനുണ്ടോ’? ഉടനെ ബട്‌ലന്‍, ‘ഹാഫോ, ഫുള്ളോ’?. അതിനു കൂടെ, ‘വിത്ത് ബോണോ, അതോ ബോണ്‍ലെസ്സോ?‘ എന്റായാലും തിന്നാനെന്തെങ്കിലും തന്നാല്‍മതി ചേട്ടാ, എന്ന മട്ടില്‍ ഞാന്‍ ഒരു ചില്ലിചിക്കനും ഫ്രൈഡ് റൈസും, ശകലം മേമ്പൊടിയായിക്കൊള്ളട്ടെ എന്നു കരുതി ഒരു മുന്തിരി ജ്യൂസും ഓര്‍ഡറ് ചെയ്തു. പിന്നെയങ്ങോട്ട് അരമണിക്കുര്‍, കാര്‍ഗിലില്‍ പാക് പട്ടാളം ആക്രമിച്ചപ്പോള്‍ പ്രത്യാക്രമണം എങ്ങിനെ നടത്തണമെന്ന് ഇന്ത്യന്‍ ആര്‍മി ആലോചിച്ചതിലും കൂലങ്കൂഷമായി ഞാന്‍ എന്റെ ഭക്‍ഷ്യതന്ത്രം ആസൂത്രണം ചെയ്തു.
സായിപ്പിന്റെ മുന്നില്‍ കൊച്ചാകാന്‍ പാടില്ലല്ലോ. അല്ലേലും ഇവനൊക്കെ ഒരു ധാ‍രണയുണ്ട്, ഇന്ത്യക്കാരൊക്കെ വെറും കഞ്ഞികളാണെന്ന്. നമ്മുടെ സായിപ്പാണെങ്കില്‍ ഇങ്ങിനെയൊരു യുദ്ധതന്ത്രം ഇവിടെ നടക്കുന്നതൊന്നും അറിയാ‍തെ, ‘ഹിന്ദു‘വും വായിച്ചിരിപ്പാണ്. 5 മിനിട്ടു കഴിഞ്ഞു കാണും, രണ്ടു പേര്‍ ചേര്‍ന്ന് കുറെ സാധനങ്ങള്‍ താങ്ങിപിടിച്ചുകൊണ്ടു സായിപ്പിന്റെ മേശമേല്‍ വച്ചു. പനമ്പായ കൊന്ണ്ടു നെയ്ത ചെറിയ കുട്ടകള്‍, ഒന്നില്‍ പറോട്ട പോലെ(നാന്‍ എന്നു വിവക്‍ഷ്യം) എന്തൊ ഒന്ന്. പിന്നൊന്നില്‍ ചോറ്. പിന്നെയൊരു കൊഴിക്കാല്‍ വറുത്തത്. ചുമന്ന (ചെമല യെന്ന് തിരോന്തരം ഭാഷ്യം) നിറത്തില്‍ ഒന്നൊ രണ്ടൊ കറി. മുന്നിലെ കറികളൊക്കെ ഒന്നു നോക്കിയശേഷം, സായിപ്പ് കൂടെയിരിക്കുന്ന സഹമുറിയന്മാരെയൊന്ന് കണ്ണോടിച്ചു. എന്റെ വലതുവശത്തൊരു മൂലയിലിരിക്കുന്ന, ആരോ ഇക്കിളിയിട്ടിട്ടെന്നവണ്ണം ചിരിക്കുന്ന ചേച്ചിയെയും ഇക്കിളിയാക്കുന്ന മധ്യവയസ്കനായ ചേട്ടനെയും ഒരു 10 സെക്കന്‍ഡ്, മുന്നിലിരിക്കുന്ന മസിലുതീരെയില്ലാതെ മസിലുപിടിച്ചിരിക്കുന്ന എന്നെ, കണ്ണിന്റെ കോണുകൊണ്ടു 2 സെക്കന്‍ഡ് എന്ന മട്ടില്‍ നോക്കിയ ശേഷം ‘ഹിന്ദു’ വിലേയ്ക്കൂളിയിട്ടു. ഞാന്‍ എന്റെ തന്ത്രങ്ങള്‍ മറക്കാതിരിയ്ക്കാന്‍ ജനലിലൂടെ പുറത്തോട്ട് നോക്കിയിരുന്നു. എവിടെയോ മാധവിക്കുട്ടി കത്തിം മുള്ളും പിടിയ്ക്കേണ്ടതെങ്ങനെയെന്ന് എഴുതിയിട്ടുള്ളത് ഓര്‍മ്മ വന്നു. എന്നാല്‍ പിന്നെയൊരു കൈ നോക്കീട്ടു തന്നെ കാര്യം. മനസ്സില്‍ ഞാന്‍ രണ്ടുതവണ ചില്ലിചിക്കനും ഫ്രൈഡ് റൈസും കത്തിം മുള്ളും വെച്ച് കഴിച്ചു കഴിഞ്ഞു.

അങ്ങിനെയിരിക്കുമ്പോള്‍ അതാ വരുന്നു നമ്മുടെ ചില്ലി കോഴി. ഞാന്‍ സായിപ്പിനെ ഒന്നൂടെ നോക്കി. അയാള്‍ വീണ്ടും പത്രവായനയിലാണ്. ഇതുവരെ തീറ്റ തുടങ്ങിയിട്ടില്ല. എന്റെ ടേബിളില്‍ കോഴീയെ നിരത്തി. കോഴി ഫ്രൈഡ് റൈസ് തിന്നു തീര്‍ക്കുന്നതിന് മുന്‍പ് ഞാന്‍ തുടങ്ങിയെക്കാമെന്ന് വിചാരിച്ചു.

നാപ്കിന്‍ എടുത്ത് കച്ച മുറുക്കി (വടക്കന്‍ വീരഗാഥ കണ്ടതു നന്നായി). പോളശ്ശേരി മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ചു, കളരി ഗുരുക്കളെ മനസ്സിലോര്‍ത്ത് ഇടം തിരിഞ്ഞ് വലത്തോട്ട് നോക്കി, കണ്ണ് കീഴ്പ്പോട്ടാക്കി, സ്ലോമോഷനില്‍ ഇടത് കൈയില്‍ മുള്ളും വലതു കൈയില്‍ കത്തിയും എടുത്തു. അപ്പോഴാണ് ഓര്‍ത്തത് ഫ്രൈഡ് റൈസ് പകര്‍ന്നിട്ടിട്ടില്ല, കത്തി താഴെ വെച്ച് മുള്ളുകൊണ്ട് ഫ്രൈഡ് റൈസ് പകര്‍ന്ന് കുറച്ചു ചിക്കനെടുത്ത് മിക്സ് ചെയ്തു. ഈ കത്തി കൊണ്ട് ഒരുപയോഗവും എനിക്കു തോന്നിയില്ല, എങ്കിലും വെറുതെ കൈയില്‍ പിടിച്ചു, ഒരു ജാഡയ്ക്ക്. ഒരു കുഴപ്പം മാത്രം, ഫ്രൈഡ് റൈസ് മാത്രമായിട്ടും, ചിക്കന്‍ മാത്രമായിട്ടും മാത്രമേ അകത്തു പോകുന്നുള്ളൂ. രണ്ടും കൂടി സായിപ്പടിക്കുന്ന പോലെ ഒരുമിച്ച് പോകുന്ന ഒരു ലക്ഷണവും കാണുന്നില്ല. ഈ സായിപ്പില്ലായിരുന്നെങ്കില്‍ ത്രിശൂര്‍ റപ്പായി ചേട്ടന്‍ ഒരു പിടി പിടിയ്ക്കുന്ന പോലെ ഈ കോഴി എപ്പ തീര്‍ന്നൂന്ന് ചോദിച്ചാ മതിയായിരുന്നു.
ഇപ്പോ തോന്നുന്നു, വെറുതെ ജാഡ കാണിയ്ക്കേണ്ടായിരുന്നു. കത്തികൊണ്ട് കുത്തുമ്പോള്‍ കോഴി ഓടി നടക്കുകയാണു പ്ലേറ്റു മുഴുവന്‍. അങ്ങിനെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ ഞാന്‍ ആയുധമൊന്നുമില്ലാതെ മുന്തിരി ജ്യൂസും കുടിച്ചിരിക്കുമ്പോഴാണ് സായിപ്പ് തന്റെ പത്രപാരായണം നിര്‍ത്തി പ്ലേറ്റ് എടുത്ത് മുമ്പിലേക്ക് വക്കുന്നത്. ഇനിയിപ്പൊ അയാള്‍ കാണിക്കുന്നതു പോലെ കാണിക്കാം എന്ന് വിചാരിച്ചിരുന്ന എന്റെ ചങ്കു തകര്‍ത്ത ആ കാഴ്ച ഞാന്‍ കണ്ടു, സായിപ്പ് പനവട്ടിയില്‍ നിന്ന് ചോറെടുത്ത് പ്ലേറ്റിലിട്ടു, ചുമന്ന കറിയെടുത്ത് ചോറിനു മുകളിലൊഴിച്ചു. പിന്നെ കൈകൊണ്ട് കൂട്ടിക്കുഴച്ച് ഒരു പിടി. ഇടത്തെകൈകൊണ്ട് കോഴിക്കാലെടുത്ത് ഒരു കടി. ഒരു മലയാളിയുടെ സകലചേഷ്ടകളോടും കൂടി ഒരു ഊണ്, കത്തിയും മുള്ളും ഒന്ന് നോക്കുകപോലും ചെയ്യാതെ...
സ്വന്തം സത്ത മനസ്സിലാക്കാതെ ജാഡ കാട്ടാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ ഇതികര്‍ത്തവ്യാമൂഠനായി എന്റെ കോഴിയിലേക്ക് മടങ്ങി. പിന്നെ കാശും കൊടുത്ത് നാണ്‍ക്കേടിന്റെ ഇരുട്ടിലേക്ക്.....