2010, ഫെബ്രുവരി 20, ശനിയാഴ്‌ച

കാശ് മൊതലായി


ഈ വര്‍ഷത്തെ കഠിനമായ തണുപ്പില്‍ ഭക്ഷണം കിട്ടാതെ പക്ഷികള്‍ വിഷമിയ്ക്കുന്നു എന്ന് കേട്ട് ഒരു bird feeder വാങ്ങിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരു നല്ല കര്‍മ്മമാണല്ലോ എന്നും കരുതി. നാട്ടിലെ വീട്ടില്‍ പലപ്പോഴും പൂത്താങ്കീരികളും, മൈനകളും, കാക്കകളുമായി ഒരു സംഘത്തെത്തന്നെ അമ്മ കാലത്ത് തീറ്റിപ്പോയിരുന്നു,ഇപ്പോഴുമുണ്ടെന്നുതോന്നുന്നു.അതൊക്കെ ഓര്‍ത്തപ്പൊ വല്ലാത്ത നൊസ്റ്റാള്‍ജിയ.
എന്നാല്‍പ്പിന്നെ ഒരു ചെറിയ Bird feeder വാങ്ങി വെച്ചേയ്ക്കാം എന്നുകരുതി അന്വേഷണം തൂടങ്ങി. വീടിനടുത്തുണ്ടായിരുന്ന ഗാര്‍ഡന്‍ സെന്‍റ്റ് റിസഷന്‍ മൂലം പൂട്ടിപ്പോയിരുന്നു. കുറച്ച് ദൂരെയുള്ള വലിയ ഒരു ഗാര്‍ഡന്‍ സെന്ററില്‍ പോയപ്പോള്‍ പക്ഷികള്‍ക്ക് വേണ്ടി മാത്രം ഒരു സെക്ഷന്‍. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എന്തൊക്കെ സാധനങ്ങള്‍? ടിന്നിലടച്ച മണ്ണിരകള്‍, പല തരം കേക്കുകള്‍, കപ്പലണ്ടി, സൂര്യകാന്തി വിത്തുകള്‍ എന്നിങ്ങനെ...ഹോ. നടക്കുമ്പോള്‍ എന്റെ ഗാര്‍ഡനില്‍ വന്നിരുന്ന് പക്ഷികളെല്ലാം വന്ന് ഒരു ചായയടിച്ച് പോകുന്നതൊക്കെ ഓര്‍ത്ത് അങ്ങിനെ നടന്നു. വില നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. എല്ലാ ഐറ്റംസും €15-45 വരെയുള്ള റേറ്റ്.
നൊസ്റ്റാള്‍ജിയ - പോക്കറ്റ് -പക്ഷികള്‍ എന്നിങ്ങനെ പലതും തലയില്‍ കിടന്ന് കറങ്ങി. അവസാനം 2 ഫീഡറുകള്‍ (€10 വീതം),പലതരം വിത്തുകള്‍, പിന്നെ ഇതെല്ലാം തൂക്കിയിടാന്‍ ഒരു bird feeder holder (€35) എന്നിങ്ങനെയെല്ലാം കാശുകളഞ്ഞ് ഒരു നെഞ്ചുവേദനയൊടെ വീട്ടിലേയ്ക്ക്. ഇതെല്ലാംകൂടി €20 കിട്ടിയെന്ന് ഭാര്യയുടെയടുത്ത് നുണ പറഞ്ഞ് നോക്കിയെങ്കിലും എന്റെ മുഖത്ത് ഒരു ഇളിഞ്ഞ ചിരിയുണ്ടായിരുന്നത് കൊണ്ട് അവള്‍ കള്ളം പിടിച്ചുകളഞ്ഞു.
മഞ്ഞായകാരണം ഇതെല്ലാം പുറത്ത് ഉറപ്പിയ്ക്കാന്‍ പറ്റിയിരുന്നില്ല, എങ്കിലും ചില പക്ഷികള്‍ വരികയും പണ്ട് താത്കാലികാടിസ്ഥാനത്തില്‍ വച്ചിരുന്ന ഭക്ഷണപാത്രങ്ങള്‍ കാലിയാക്കുകയും ചെയ്തുപോന്നു. പലപ്പോഴും കാക്കകള്‍ തന്നെയായിരുന്നു പ്രതികള്‍. അവകൂട്ടം കൂടിവന്ന് deck മുഴുവന്‍ അപ്പിയിട്ട് നാശമാക്കുകയും ചെയ്തതുകണ്ട് വാങ്ങിയ bird feeder ഉറപ്പിയ്ക്കാന്‍ തീരുമാനിച്ചു. സംഭവം വളരെ ഈസിയായിരുന്നു. 5 മിനുട്ടിനുള്ളില്‍ ഒരു ഭക്ഷണശാല റെഡിയായി. Garden shed ന്റെ വാതിലിനടുത്ത് നിന്ന് 5 മീറ്റര്‍ അകലെയായാണത് സ്ഥാപിച്ചത്. Garden shed ഒരു hide out ആയി ഉപയോഗിയ്ക്കാമെന്ന് ഒരു ദുരുദ്ദേശവുമുണ്ടായിരുന്നു.
ആദ്യത്തെ ദിവസം യാതൊരു സംഭവവികാസങ്ങളുമില്ലാതെ കടന്നുപോയി. ഒരു പക്ഷി പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ല. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങള്‍ അങ്ങിനെത്തന്നെ കടന്നുപോയി. എന്റെ കാശു വെള്ളത്തിലായല്ലോ ഭഗവാനേ, യിവനൊക്കെ ഒന്ന് വന്ന് നോക്കിയാല്‍ തന്നെ ആശ്വാസമാകുമായിരുന്നു. ഒരു കാക്ക പോലും തിരിഞ്ഞുനോക്കിയില്ല. എന്തായാലും കുറച്ചുദിവസത്തേയ്ക്ക് ഒന്നും ശ്രദ്ധിയ്ക്കാന്‍ പറ്റിയില്ല. അതിനിടയ്ക്ക് €1.50 ന് തൊട്ടടുത്തുള്ള ഒരു കടയില്‍ bird feeder കണ്ടതോടെ ഞാനെന്തോപോയ അണ്ണാന്റെ പോലെയായിപ്പോയി. എന്തായാലും ലാവിഷാക്കിയേക്കാം എന്ന് കരുതി ഒരു നാലെണ്ണം കൂടി അവിടെനിന്ന് വാങ്ങി അതില്‍ ചാര്‍ത്തി.
അങ്ങിനെ പുതിയതൊന്നും സംഭവിയ്ക്കാതെ പല പകലുകള്‍ കടന്നുപോയി. പലപ്പോഴും പല പക്ഷികള്‍ അതുവഴി നടന്നുപോകുന്നുണ്ടെങ്കിലും ആരും ആ ഭാഗത്ത് പോകുന്നില്ല. യെവനൊക്കെ കഞ്ഞി കുടിച്ച് ജീവിയ്ക്കുന്ന വെറും കഞ്ഞികളാണോ എന്ന് ഞാന്‍ അത്മാര്‍ത്ഥമായി ആലോചിച്ചു പോയി. ചില പക്ഷി സ്നേഹികളെ വിളിച്ച് സംസാരിച്ചപ്പോള്‍ ചില ക്ലു കിട്ടി. Bird feeder ല്‍ നിന്ന് കഴിയ്ക്കുന്ന ചില പക്ഷികളേയുള്ളൂ, ബാക്കിയുള്ളവ താഴെ നിന്നാണ് സാധാരണ കൊത്തിപ്പെറുക്കുന്നതെന്ന്. മൊത്തം കാശു പോയി. അങ്ങിനെ അണ്ണാനെപ്പോലെയായിയെന്ന് ഒഫീഷ്യലി സമ്മതിച്ച ശേഷമുള്ള ഒരു പ്രഭാതത്തില്‍, ഒരു കട്ടനടിയ്ക്കാന്‍ രാവിലെ കെറ്റില്‍ ഓണ്‍ ചെയ്ത് പുറത്ത് തണുത്തുകിടക്കുന്ന ഗാര്‍ഡനിലേയ്ക്ക് കണ്ണയച്ച എനിയ്ക്ക് വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല. നാലു പക്ഷികള്‍ പരിസരം മറന്ന് തകര്‍ത്ത് തീറ്റയാണ്. അവ കൊത്തുന്നത് താഴെ വീഴുന്നത് പറക്കിത്തിന്നുന്ന ചില കാക്കകളും. അന്നു കുടിച്ച കട്ടന് ഒരു വല്ലാത്ത സ്വാദ്.
അന്ന് മുതലിന്നുവരെ പക്ഷികള്‍ പല തരം, പല നേരങ്ങളില്‍ എന്റെ ഗാര്‍ഡനില്‍ വന്ന് പോയിക്കൊണ്ടിരിയ്ക്കുന്നു. ഇപ്പോള്‍ അത് കാണുമ്പോഴുള്ള സന്തോഷം ഞാന്‍ കൊടുത്ത കാശിനേക്കാള്‍ വിലയേറിയതാണേന്ന് പറയേണ്ടല്ലോ. അതുമാത്രമല്ല, ഇപ്പോള്‍ garden shed ല്‍ ഒളിച്ചിരുന്ന് ഇവയെ നോക്കിക്കാണുകയും ചിത്രങ്ങളെടുക്കയും ചെയ്യാം. ഇന്ന് വരെ അടുത്തുകാണാത്ത Goldfinch എന്ന ചെറിയ പക്ഷിയാണ് ഇപ്പോഴത്തെ ഗസ്റ്റ്. അങ്ങിനെ പക്ഷി പുരാണം ഇവിടെ അവസാനിയ്ക്കുന്നു, തത്കാലത്തേയ്ക്ക്