2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്.

മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി.
കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം.

ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നും മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിയ്ക്കയിലേയ്ക്ക് കുടിയേറിയതാണെന്നും പറഞ്ഞപ്പോള്‍ ക്ഷേത്രപ്രവേശനം സാധ്യമല്ല എന്ന് തീര്‍ത്ത് പറഞ്ഞ് മടക്കിയയയ്ക്കുകയായിരുന്നു.

തൂണിലും തുരുമ്പിലും താനുണ്ടെന്ന് തെളിയിയ്ക്കാന്‍ നരസിംഹനായി അവതരിച്ച സാക്ഷാല്‍ ഭഗവാനെയാണ് പത്മനാഭദാസന്റെ കൂലിപട്ടാളം അടച്ച്പൂട്ടി ഭക്തരില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്.

എന്റെ പിഴ, കേരളം മനോഹരമാണെന്നും, ജനങ്ങള്‍ സംസ്കാരസ്മ്പന്നരും സ്ത്കാരപ്രിയരാണെന്നും പറഞ്ഞ് അവരെ എന്റെ സ്വന്തം നാട്ടിലേക്കയച്ച് നാണം കെടുത്തിയത് എന്റെ തെറ്റ്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്തരെ ആകര്‍ഷിയ്ക്കുകയാണ് വേണ്ടത്, അവരെ അകറ്റുകയല്ല.

3 അഭിപ്രായങ്ങൾ: