ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍?

Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു.



എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി?


മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ ഇമേജിങ്ങിനുപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും രോഗനിര്‍ണ്ണയത്തിന് X-Ray ആണുപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഈയടുത്ത കാലം വരെയും ഈ വിഭാഗം അറിയപ്പെട്ടിരുന്നത് Radiology എന്നാണ്. റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന അല്ലെങ്കില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് സാധ്യമാക്കുന്ന രോഗനിര്‍ണ്ണയത്തിനുള്ള വിഭാഗം എന്നതില്‍ നിന്ന് റേഡിയേഷന്‍ തീരെയുപയോഗിക്കാതെ, അള്‍ട്രാസൌണ്ട്, മാഗ്നറ്റിക് റെസൊണന്‍സ് (MRI)എന്നിവയുപയോഗിച്ച് രോഗനിര്‍ണ്ണയം സാധ്യമായതോടെ ഈ വിഭാഗം മെഡിക്കല്‍ ഇമേജിങ്ങ് എന്നു പേരുമാറ്റുകയായിരുന്നു. സി.ടി. സ്കാനിങ്ങുപയോഗിച്ചുള്ള രോഗനിര്‍ണ്ണയത്തിനുപയോഗിക്കുന്നത് x-ray ആണ്. അതുകൊണ്ടുതന്നെ റേഡിയേഷന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ ഇതുമൂലമുണ്ടാകാം.

സര്‍ ഗോഡ്ഫ്രെ ഹൌണ്‍സ്ഫീല്‍ഡ് എന്ന ശാസ്ത്രഞ്ജന്‍ ആണ് സി.ടി സ്കാനിങ്ങ് കണ്ടുപിടിച്ചത്.

വലിയൊരു ഉഴുന്നുവട പോലെയുള്ള ഒരു ഭാഗവും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഒരു ടേബിളും വളരെയധികം പ്രവര്‍ത്തനശേഷിയുള്ള ഒരു കമ്പ്യൂട്ടറും അടങ്ങിയതാണ് ഒരു സി.ടി. സ്കാനര്‍. ചിത്രത്തില്‍ കാണുന്ന പോലെയുള്ള ടേബിളിന്റെ പുറത്ത് രോഗി കിടക്കുന്നു. ഉഴുന്നുവട പോലെയുള്ള ഭാഗത്തിനെ(Gantry) എന്നാണ് വിളിക്കുന്നത്. ഇതിനകത്താണ് എക്സ്-റേ രശ്മികള്‍ വമിപ്പിക്കുന്ന ട്യൂബിരിക്കുന്നത്. അവയെ ആഗിരണം ചെയ്ത് അവയുടെ ശേഷി അളക്കുന്ന detector എതിര്‍വശത്തും. രോഗിയുടെ ശരീരത്തില്‍ക്കൂടി കടന്നുപോകുന്ന എക്സ്-റേ രശ്മികള്‍ മറുവശത്ത് എത്തുമ്പോഴേക്കും അവയുടെ intensity യില്‍ കാര്യമായ വ്യതിയാനം സംഭവിച്ചിരിക്കും. ഈ വ്യതിയാനം സംഭവിക്കുന്നത് ശരീരത്തിലെ അവയവങ്ങളുടെ density (മാ‍സ്സ്) അനുസരിച്ചിരിക്കും. കട്ടിയായ ഭാഗങ്ങള്‍, എല്ല്, ലോഹങ്ങള്‍, കല്ല് മുതലായവയില്‍ കൂടി കടന്നു പോകുമ്പോള്‍ എക്സ്-റെ രശ്മികള്‍ കൂടുതല്‍ ആഗിരണം ചെയ്യപ്പെടുകയും അവയുടെ intensity വളരെയധികം കുറ്യുകയും ചെയ്യും. എന്നാല്‍ വായു, കട്ടികുറഞ്ഞ ശരീരഭാഗങ്ങളായ ശ്വാസകോശം എന്നിവയില്‍ക്കൂടി എക്സ്-റെ കടന്നുപോകുമ്പോള്‍ അവയുടെ intensityയില്‍ അത്ര തന്നെ വ്യതിയാനം സംഭവിക്കുകയില്ല. ഈ വ്യതിയാനങ്ങള്‍ എല്ലാം തന്നെ കം‌പ്യൂട്ടര്‍ അനലൈസ് ചെയ്യുകയും അവയെ ഒരു ദ്വിമാന ചിത്രമായി കാണിക്കുകയും ചെയ്യും. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇതിനെടുക്കുന്ന സമയം ഒരു സെക്കന്റിന്റെ പകുതിയോളമെ വരൂ. ഏറ്റവും പുതിയ ഒരു സ്കാനര്‍ ഉപയോഗിച്ച് ശ്വാസകോശവും വയറും സ്കാന്‍ ചെയ്യാന്‍ എടുക്കുന്നത് വെറും പതിനഞ്ച് സെക്കന്റില്‍ താഴെയാണ്. ഇതു തന്നെയാണ് സി.ടി.സ്കാനെ അപ്പോത്തിക്കരിമാരുടെ ‘ഇഷ്ടവിഭവ’മാക്കുന്നത്.
ഇവിടെകാണുന്നത് ഇതുപോലെ ലഭിച്ച ഒരു ചിത്രമാണ്. വിവരഗ്രാഹ്യമുള്ള ഒരു ഡോക്ടര്‍ക്ക് ഈ ചിത്രത്തിലെ കറുപ്പിലും വെളുപ്പിലും വിവിധ ആന്തരികാവയവങ്ങളെ കണ്ടെത്താന്‍ കഴിയും. അതുമാത്രമല്ല, സാധാരണമായതില്‍ നിന്നും അസാധാരണമായതിനെ തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യും. അങ്ങനെയുള്ള ഡോക്ടേഴ്സിനെ റേഡിയോളജിസ്റ്റ് എന്നാണ് വിളിക്കുക.
പുതിയ രീതിയിലുള്ള ഒരു സ്കാനര്‍ ഇതു പോലുള്ള ആയിരത്തോളം ചിത്രങ്ങള്‍ ഏകദേശം 15 സെക്കന്റുകൊണ്ട് എടുത്ത് തീര്‍ക്കും. അതായത് ശരീരത്തെ 1 മി.മി കനത്തില്‍ അരിഞ്ഞ് അതിസൂക്ഷ്മമായ കൃത്യതയോടുകൂടി കാണിച്ചുതരും.






ഈ കാണുന്നത് ഒരു ശവശരീരത്തെ ഇങ്ങിനെ മുറിച്ചതാണ്. ഏകദേശം അതേ ലെവലില്‍.
സി.ടി സ്കാനിലെടുത്ത ചിത്രം ഒറിജിനലിനേക്കാള്‍ മികച്ചുനില്‍ക്കുന്നെന്ന് തോന്നും, ഇതു കണ്ടാല്‍... അല്ലെങ്കില്‍ ശവശരീരത്തിന്റെ ക്രോസ് സെക്ഷനോടുള്ള ഇതിന്റെ സാദൃശ്യം നോക്കിയാല്‍ മതി, ഈ സ്കാനറിന്റെ കഴിവ് മനസ്സിലാക്കാന്‍.

ഇത്രയും പറഞ്ഞതില്‍ നിന്നും തന്നെ സി.ടി. സ്കാന്റെ ഉപയോഗം നിങ്ങള്‍ക്ക് ഏകദേശം മനസ്സിലായിക്കാണും.‍
ഒരു കാലഘട്ടത്തില്‍ രോഗിയെ പരിശോധിച്ച് രോഗലക്ഷണങ്ങള്‍ അനുസരിച്ച് രോഗം കണ്ടുപിടിച്ച ശേഷം ഒരുറപ്പിനുവേണ്ടി സ്കാന്‍ ചെയ്തു നോക്കുന്ന അവസ്ഥയില്‍ നിന്ന് രോഗം കണ്ടിപിടിക്കണമെങ്കില്‍ തന്നെ സ്കാന്‍ ചെയ്തുനോക്കണം എന്ന അവസ്ഥയിലേക്ക് എത്തിയത് തന്നെ നോക്കിയാല്‍ മതി, ആരോഗ്യശാസ്ത്രത്തിന് കിട്ടിയ ഈ കളിപ്പാട്ടത്തിന്റെ വില മനസ്സിലാക്കാന്‍. രോഗനിര്‍ണ്ണയത്തിന് വളരെയധികം സഹായകമാകുന്നു എന്നതുതന്നെയാണ് ഈ വിഭാഗത്തെ ഡോക്ടര്‍മാരുടെ പ്രിയമിത്രമാക്കാന്‍ സഹായകമായത്. ശരീരത്തിലുള്ള ക്യാന്‍സര്‍, മറ്റു ട്യൂമര്‍, പഴുപ്പ്, പക്ഷാഘാതം, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, വാസ്കുലാര്‍ ഡിസീസ് എന്നിവയെല്ലാം അതിസൂക്ഷ്മമായ കൃത്യതയോടുകൂടി കാണാന്‍ സി.ടി.സ്കാന്‍ ഉപകരിക്കും.

നല്ല ഒരു ചിത്രം ലഭിക്കാന്‍ വേണ്ടി ചില മരുന്നുകള്‍ സ്കാനിങ്ങിനു മുന്‍പായി കഴിക്കേണ്ടിവരും, ചിലത് ഇഞ്ചക്ഷനായും നല്‍കേണ്ടിവരും അവയെക്കുറിച്ച് ചിലത്.
ഈ ചിത്രത്തില്‍ ഇടതുവശത്ത് കാണുന്നത് ഇഞ്ക്ഷന്‍ നല്‍കാതെയെടുത്ത ചിത്രവും വലതുവശത്തുള്ളത് നല്‍കിയതിനുശേഷമുള്ളതും. കാണുന്നതില്‍നിന്നു തന്നെ നിങ്ങള്‍ക്കു മനസ്സിലാകും, വ്യത്യാസം. പ്രധാനമായും ബ്ലഡ് വെസ്സല്‍‌സിനെയും ഇന്റസ്റ്റയിനെയും ഉദ്ദേശിച്ചാണ് ഈ മരുന്നുകള്‍ നല്‍കുന്നത്. വളരെയധികം ആറ്റോമിക നമ്പരുള്ള ഏതെങ്കിലും മുലകം ഉപയോഗിച്ചാല്‍ മാത്രമേ എക്സ്-റേയില്‍ കൃത്യമായി കാണാന്‍ കഴിയുകയുള്ളൂ. അയൊഡിനും ബേരിയവും ഇങ്ങിനെയുള്ള മൂലകങ്ങളാണ്. സാധാരണയായി ബേരിയം കുടലുകളുടെ അകവശം കാണുവാനും അയോഡിന്‍ ആര്‍റ്റെറികള്‍ കാണുവാനും ഉപയോഗിക്കുന്നു. ഇപ്പോള്‍ അയഡിന്‍ അടങ്ങിയ സൊല്യൂഷന്‍ തന്നെയാണ് രണ്ടിടത്തും ഉപയോഗിക്കുന്നത്. ആറ്റോമിക നമ്പര്‍ വളരെക്കൂടിയതുകാരണം, ആ ഭാഗത്തെ density വളരെയധികം കൂടുന്നു. ഇതുമൂലം ഈ ഭാഗം മറ്റുള്ള ശരീരഭാഗങ്ങളില്‍ നിന്ന് വേറിട്ട് കാണാന്‍ കാരണമാകുകയും ചെയ്യും. അതുമാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആ ഭാഗം മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യാസമായികാണുകയും ചെയ്യും, പരിചയമുള്ള കണ്ണുകള്‍ക്ക് മാത്രം. എങ്കിലും ഈ മരുന്നുകള്‍ക്ക് ചില പാര്‍ശ്വഫലങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഈ മരുന്നുകള്‍ എല്ലവരിലും ഉപയൊഗിക്കാന്‍ കഴിയില്ല. പാര്‍ശ്വഫലങ്ങള്‍ സാധാരണയായി അപൂര്‍വ്വമായേ കാണുകയുള്ളൂ, ചെറിയ തടിപ്പുകള്‍, വയറിളക്കം, ശ്വാസതടസ്സം തുടങ്ങി മരണം വരെ സംഭവിയ്ക്കാം. വളരെ സാധാരണമായും അശ്രദ്ധമൂലവും സംഭവിക്കാവുന്ന ഒന്നാണ് റീനല്‍ ഫെയിലിയിര്‍. ഇപ്പോഴും സാധാരണയായി സംഭവിക്കുന്നതും ശ്രദ്ധികപ്പെടാത്തതുമായ ഒന്നാണ് ഇത്.



നേരത്തേ പറഞ്ഞപോലെ ഏറ്റവും പുതിയ ചില സ്കാനറുകള്‍ ഉപയോഗിച്ച് വളരെയധികം ഡീറ്റയില്‍ ആയ ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇവ ഉപയോഗിച്ച് വളരെയധികം വേഗത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുവാന്‍ കഴിയുന്നുവെന്നുമാത്രമല്ല, സര്‍ജറികളും റേഡിയേഷന്‍ തെറാപ്പിയും വളരെയധികം സൂക്ഷ്മമായി നടത്തുവാനും സാധിക്കുന്നു.


ഇവിടെയാണ് ഒരു പ്രശ്നം ഉരുത്തിരിയുന്നത്, ഇതൊക്കെയാണ് ഇതിന്റെ മേന്മകളെങ്കില്‍ എല്ലാവരും ഓരോ സ്കാന്‍ ഇടക്കിടെ എടുക്കുന്നത് നല്ലതായിരിക്കില്ലേ?തീ‍ര്‍ച്ചയായും നല്ലതുതന്നെ, റേഡിയേഷന്‍ എന്നൊരു സംഭവം ഇല്ലായിരുന്നു എങ്കില്‍...അപ്പോള്‍ റേഡിയേഷന്‍ കൊണ്ടെന്താണു കുഴപ്പം? ചെര്‍ണൊബില്‍ പോലെയോ ഹിരോഷിമ പോലെയുള്ള സംഭവങ്ങള്‍ നമ്മള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും. 10-12Gy ശരീരത്താകെ ലഭിച്ചാല്‍ അയാള്‍ കുറച്ചുസമയത്തിനകത്തുതന്നെ മരിക്കും. എന്നാല്‍ 6-10Gy ഇടയില്‍ റേഡിയേഷന്‍ ഡോസ് ലഭിച്ചവര്‍ ശരിയായ ചികിത്സ ലഭിച്ചാല്‍ ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ലഭ്യമായ സി.ടി.സ്കാനര്‍ നല്‍കുന്ന റേഡിയേഷന്‍ 1-4Gy യ്ക്കും ഇടയ്ക്കാവാം. ഇപ്പോള്‍ തന്നെ ഇതിന്റെ ഉപയൊഗത്തെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. 4Gy ഓളം റേഡിയേഷന്‍ കിട്ടിയ ഒരു സ്തീയുടെ തലമുടി 2 ആഴ്ചകള്‍ക്കകം കൊഴിഞ്ഞുപോയത് ഈയിടെ ജപ്പാനില്‍ ചര്‍ച്ചയായിരുന്നു. റേഡിയേഷന്‍ കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും കുഴപ്പങ്ങളുണ്ടാകാം. ജനിതകഘടന തന്നെ മാറ്റിമറിയ്ക്കാന്‍ റേഡിയേഷന്‍ കൊണ്ട് കഴിയും. അതുകൊണ്ടുതന്നെയാണ് എത്രമാത്രം ഒഴിവാക്കാമോ, അത്രയും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്.


പിന്നെയെന്തുകൊണ്ടാണ് പിന്നെയും പിന്നെയും സ്കാന്‍ സെന്ററുകള്‍ കൂണുപോലെ പൊട്ടിമുളക്കുന്നത്? ശുശ്രൂഷകന്‍ ഒരു ബിസിനസ്സ്മാന്റെ ചെന്നായത്തോല്‍ അണിയുന്നതുകോണ്ടാണെന്ന് ഞാന്‍ പറയും. ഒരു അവിശുദ്ധ കൂട്ടുകെട്ട് എനിക്കിവിടെ കാണാം. ഓരോ സ്കാന്‍ എഴുതുമ്പോഴും 1000 മുതല്‍ 2500 വരെ കമ്മീഷന്‍ കൊടുക്കുന്ന സ്കാന്‍ സെന്ററുകളും, മാസം 10,000 മുതല്‍ 50,000 വരെ കമ്മീഷന്‍ വാങ്ങിക്കുന്ന ഡോക്ടര്‍മാരും ഇന്ന് കേരളത്തിലുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ ആരും ഞെട്ടണ്ട... ഇവിടെയാണ് റേഡിയേഷന്റെ കാര്യം രോഗിയുടെ മാത്രം കാര്യമാകുന്നത്.

നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും?



1. റേഡിയേഷന്‍ ചികിത്സകരോട് സ്കാനിങ്ങിനെക്കുറിച്ച് വിശദമായി ചോദിച്ചറിയുക.

2.ഒരു സി.ടി സ്കാന്‍ ആവശ്യമെങ്കില്‍ മാത്രം ചെയ്യുക. ഒരു തലവേദന വന്നാല്‍ ഓടിപ്പോയി സ്കാന്‍ ചെയ്യണമെന്ന് ഡോക്ടറോട് ആവശ്യപ്പെടാതിരിക്കുക.

3.ഡോക്ടര്‍മാരോട് സ്കാനിങ്ങിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്യുക.

4.ആവശ്യമില്ലാതെ സ്കാനിങ്ങ് റൂമില്‍ കയറി നില്‍ക്കാതിരിക്കുക.

5.നില്‍ക്കുകയാണെങ്കില്‍ റേഡിയേഷന്‍ പ്രൊട്ടെക്ഷന്‍ ഏപ്രണ്‍ (കോട്ട്) ചോദിച്ചു വാങ്ങിക്കുക.

6.ആവശ്യമായ രീതിയിലുള്ള ഭകഷണക്രമീകരണങ്ങള്‍ പാലിക്കുക.

7.ഏതെങ്കിലും തരത്തിലുള്ള അലര്‍ജി; ഫുഡ്, മെഡിസിന്‍ എന്നിവയോട് ഉണ്ടെങ്കില്‍ കൃത്യമായും ശുശ്രൂഷകനോട് പറയുക.

8.നിങ്ങള്‍ക്ക് ആസ്ത്‌മ, ഡയബെറ്റിസ് എന്നിവയുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറെ മുന്‍‌കൂട്ടി അറിയിക്കുക.

9. നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍, ആണെന്ന് സംശയമുണ്ടെങ്കില്‍, ആ വിവരം ഡോക്ടറോട് പറയാന്‍ മടിക്കരുത്.ആണെങ്കില്‍ സ്കാന്‍ മാറ്റിവെക്കുന്നതാവും ഉചിതം.

അല്ലെങ്കില്‍,


10.സി.ടി.സ്കാനിനു പകരം എം.അര്‍.ഐ ഓ അള്‍ട്രാസൌണ്ടോ (രണ്ടിനും റേഡിയേഷന്‍ ഇല്ല) ഉപയോഗിച്ചാല്‍ മതിയോ എന്ന് ഡോക്ടറോട് ചോദിക്കുക(ഡോക്ടര്‍ക്കും സന്തോഷമാകും, കമ്മീഷന്‍ എം.ആര്‍.ഐ യ്ക്കാണ് കൂടുതല്‍.



ചിത്രങ്ങളോട് കടപ്പാട്:

pictures from :

1.siemens medical webpage

2.Toshiba medical webpage



5.IMPACT group webpage












അഭിപ്രായങ്ങള്‍

  1. സി.ടി സ്കാനെക്കുറിച്ച് ചിലത്. കുറച്ചുസമയത്തിനുള്ളില്‍ ഇത്രയും മാത്രമേ എഴുതാന്‍ കഴിയൂ‍. വളരെയധികം ശ്രദ്ധിച്ച് സമയമെടുത്ത് എഴുതേണ്ടിയിരുന്നതാണെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ സുഹ്രുത്തേ,

    വളരെ വിജ്ഞാനദായകമായ ഈ ലേഖനത്തിനു നന്ദി.
    90% ഡോക്ടറന്മാരുടേയും കറവപ്പശുവാണിത്‌.മാസം 1 ലക്ഷത്തിലധികം കമ്മീഷന്‍ വാങ്ങുന്ന നിരവധിയാളുകള്‍ ഇവിടെയുണ്ട്‌.ഗതികെട്ടവന്റെ പിച്ചചട്ടിയില്‍ കയ്യിട്ടുവാരുന്ന ഇവനൊക്കെയാണ്‌ മഹത്തായ ഈ പ്രൊഫഷന്‌ തീരാശാപം.

    മറുപടിഇല്ലാതാക്കൂ
  3. റേഡിയേഷന്‍ കവചം ധരിപ്പിചു രോഗിയുടെ കൂടെയുള്ള ആളെ മാത്രം ആ മുറിയില്‍ നിര്‍ ത്തി ഓപറേറ്റര്‍ രക്ഷപ്പെടുന്ന രം ഗത്തിനും കൂടി വിശദീകാര്ണം തരുമൊ?
    ഈ പോസ്റ്റ് വളരെ ഉപകാരപ്രദം

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ഹലോ... നമസ്കാരം.

    സത്യത്തില്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ കുറേ ആലോചിച്ചിട്ടുണ്ടേ. എന്തേ ആരും മെഡിക്കല്‍ റിലേറ്റഡ് ആയ ഒന്നും മലയാളം ബ്ലോഗില്‍ എഴുതാത്തത് എന്നു. രോഗങ്ങള്‍, പ്ര്പതിവിധികള്‍, ആധുനിക ഉപകരണങ്ങള്‍ ഇവയെല്ലാം പറ്റി. ( എന്റെ ഫീല്‍ഡായതുകൊണ്ടാണീ ആവേശം- അതായത് ബയോമെഡികല്‍ )


    ഇത് വളരേയധികം നന്നായിരിക്കുന്നു. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു. എം.ആര്‍.ഐ യെക്കുറിച്ച് എഴുതാന്‍ ഞാനൊരു ബ്ലോഗ് ഒക്കെ തുടങ്ങിയിരുന്നു, സമയക്കുറവിനാല്‍ ഉപേക്ഷിച്ചു.

    താങ്കള്‍ക്കെഴുതാനാവുമെന്നു പ്രതീക്ഷിക്കുന്നു.

    അനെസ്തേഷ്യാ മെഷീന്‍, വെന്റിലേറ്റര്‍, എന്‍ഡോസ്കോപ്പി, എം.ആര്‍.ഐ , ഫ്ലൂറോസ്കോപ്പി/സി.ആം/എക്സ്-റേ എന്നീ ടെക്ക്നോളജികളെക്കുറിച്ചും, അവയിലേ ലേറ്റസ്റ്റ് ട്രെന്‍ഡുകളെക്കുറിച്ചും ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ആദ്യവിസിറ്റില്‍ തന്നെ ബുക്മാര്‍ക്കില്‍‍ കയറിയ ആദ്യ ബ്ലോഗ് ഇതാണു.

    പിന്നെ, ആ തോന്ന്യാസതാളുകള്‍ എന്ന ഹെഡര്‍ മാത്രം സുഖിച്ചില്ല. ഇത്ര കാര്യവിവരങ്ങള്‍ തോന്ന്യാസമായി കാണാനൊക്കുന്നില്ല.

    നന്ദി. ആശംസകള്‍!
    itival@gmail.com

    മറുപടിഇല്ലാതാക്കൂ
  6. ചാത്തനേറ്: “റേഡിയേഷന്‍ പ്രൊട്ടെക്ഷന്‍ ഏപ്രണ്‍ “ ഈ ഉത്തരത്തിന്റെ ചോദ്യം ഇവിടെ ചോദിച്ചിരുന്നു. വിവരങ്ങള്‍ക്ക് നന്ദി.

    വായിക്കാത്തവര്‍ക്ക് ആ പോസ്റ്റും കൂട്ടി വായിക്കാം

    മറുപടിഇല്ലാതാക്കൂ
  7. വിജ്ഞാനപ്രദമായ ലേഖനം. ആശംസകള്‍.:)

    മറുപടിഇല്ലാതാക്കൂ
  8. വിജ്ഞാനപ്രദം. ലളിതവ്യാഖ്യാനം.
    നന്നായിട്ടുണ്ട്. ഇനിയും എഴുതൂ.

    മറുപടിഇല്ലാതാക്കൂ
  9. എല്ലാ‍വര്‍ക്കും നന്ദി.
    ഇടിവാളെ, എനിക്കും തോന്നിയിരുന്നു ബ്ലൊഗ് പേര് ഈ ലേഖനത്തിന് ചേരില്ല എന്ന്. ഇതെന്റെ തോന്ന്യാസങ്ങള്‍ വിളിച്ചു പറയാന്‍ ഉണ്ടാക്കിയതാണ്.മറ്റുള്ളവ കണ്ടുകാണുമല്ലോ?വളരെ നന്ദി.
    അനാഗത...,
    ഒന്നാമതായി രോഗിയുടെ കൂടെ ഒരാളെ നിര്‍ത്തേണ്ട ആവശ്യമില്ല;ചില സമയത്തൊഴിച്ച്.
    1.ചെറിയ കുട്ടികള്‍ സ്കാന്‍ ചെയ്യപ്പേടുമ്പോള്‍.
    2.തീരെ അബോധാവസ്ഥയിലായവര്‍ അനങ്ങാതെ കിടക്കതെ വരികയും, സ്കാന്‍ ചെയ്യേണ്ടത്, അത്യാവശ്യമാവുകയും ചെയ്യുമ്പോള്‍, അവരെ പിടിക്കാന്‍(ഇത് ചര്‍ച്ച ചെയ്യപ്പേടുകയാണ്).
    ഓപ്പറേറ്ററെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അയാള്‍ നിങ്ങളുടെ കൂടെ നിന്നാല്‍, അയാള്‍ക്ക് റേഡിയേഷന്‍ കിട്ടും, അങ്ങിനെ മാസം 400 പേര്‍, വര്‍ഷം 5000 സ്കാന്‍.അയാള്‍ക്ക് ലഭിച്ചാ റേഡിയേഷന്‍ അളന്നാല്‍ വളരെ കൂടുതല്‍ ആയിരിക്കും. പക്ഷേ അവര്‍ക്കുള്ള റേഡിയേഷന്‍ 50 m.Sv നേക്കാള്‍ കൂടാന്‍ പാടില്ല,ഒരു വര്‍ഷത്തില്‍.അതുകോണ്ടാണ് അവര്‍ക്ക് റൂമില്‍ നില്‍ക്കാന്‍ കഴിയാത്തത്.

    മറുപടിഇല്ലാതാക്കൂ
  10. CT സ്കാനിങ്ങിനെ പറ്റി കൂടുതല്‍‌ അറിയാന്‍‌ ഈ ആര്‍ട്ടിക്കിള്‍ വായനക്കാരെ സഹായിക്കും എന്നുറപ്പ്. വളരെ നല്ല ഒരു കാര്യമാണു താങ്കള്‍ ചെയ്തിരിക്കുന്നതു. തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

    പിന്നെ,

    “സര്‍ ഗോഡ്ഫ്രെ ഹൌണ്‍സ്ഫീല്‍ഡ് എന്ന ശാസ്ത്രഞ്ജന്‍ ആണ് സി.ടി സ്കാനിങ്ങ് കണ്ടുപിടിച്ചത്.“ - എന്ന് പറയുമ്പോള്‍ നാം ഡോ. അലന്‍‌ ക്രൊമാക്ക് നെ വിസ്മരിച്ചുകൂടാ എന്ന് എനിക്കൊരു അഭിപ്രായം ഉണ്ട് . സംയുക്തമായല്ലെങ്കിലും ഗോഡ്ഫ്രെ ഹൌണ്‍സ്ഫീല്‍ഡ് നും ഡോ. അലന്‍‌ ക്രൊമാക്കിനുമാണ് ഈ മഹത്തായ കണ്ടുപിടുത്തം നടത്തിയതിന്റെ ക്രഡിറ്റ് ലോകം നല്‍‌കിയിരിക്കുന്നത്. അതുകൊണ്ടാണ് ഈ CT സ്കാനിങ്ങ് കണ്ടുപിടുത്തത്തിന് 1979 ലെ നോബല്‍‌ പ്രൈസ് ഇവര്‍ക്ക് രണ്ടാള്‍ക്കും പങ്കിട്ട് നല്‍‌കിയതും.

    [അഭിലാഷങ്ങള്‍]

    മറുപടിഇല്ലാതാക്കൂ
  11. സച്ചിന്‍ ചേട്ടാ, വളരെ നന്നായിരിയ്ക്കുന്നു.സമയമെടുത്ത് ഒന്ന് വിപുലീകരിച്ച് വേറൊരു ബ്ലൊഗുണ്ടാക്കി അങ്ങോട്ട് മാറ്റിയാല്‍ മതിയല്ലോ..:)

    റെഡിയേഷന്‍ സുരക്ഷയെക്കുറിച്ച് ഒരു ലേഖനം ഞാനും എഴുതുന്നുണ്ടായിരുന്നു.നമുക്കത് ഒരു കൂട്ടുബ്ലോഗാക്കിയാലോ..

    മറുപടിഇല്ലാതാക്കൂ
  12. സചിന്‍ ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്. തികച്ചും പുതുമയുള്ള വിജ്ഞാനപ്രദമായ പോസ്റ്റ്. ഇനിയും പ്രതീക്ഷിക്കുന്നു ഒത്തിരി. അഭിനന്ദങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  13. ശരിയാണ് അഭിലാഷ്, ഞാന്‍ വിസ്മരിക്കാന്‍ പാടില്ലായിരുന്നു അലനെ...
    മാത്രമല്ല, സര്‍ ഗോഡ്ഫ്രെയെ വിസ്മരിപ്പിച്ച ഒരു ഇന്ത്യന്‍ മാത്തമറ്റീഷ്യനെയും...

    അംബീ, നമുക്കതു ചെയ്യാം.

    നന്ദി, എല്ലാവര്‍ക്കും ഒരിക്കല്‍കൂടി.

    മറുപടിഇല്ലാതാക്കൂ
  14. നല്ല വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  15. post valare nannayittund...samoohika prathibaddatha ulla itharam postukal aaanu bloggukalil varendath..

    iniyum ezhutuka

    Abhivaadyangal..

    Sashenam
    - Jaggu Daada

    മറുപടിഇല്ലാതാക്കൂ
  16. aah..pinne parayaan vittu poyi..thoshibayude ettavum puthiya slugger ennoru MRI scanner irengunnud.. jagguvinte chila sambhaavanakal athil undu.. :)

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നും മൂ

പുലിമടയിൽ നിന്ന്

നിങ്ങളിത് കാണുമ്പോഴേയ്ക്കും നഗരം പുലികളിൽ നിന്ന് വിമോചിതയായിട്ടുണ്ടാകും. അവസാനത്തെ പുലിയും ഏതെങ്കിലും മാളങ്ങളിൽ കയറി മറഞ്ഞിട്ടൂണ്ടാകും. മുഖമില്ലാത്ത പുലികളും മുഖമുണ്ടെന്ന് മറ്റാരും ഓർക്കാത്ത അണിയറ പ്രവർത്തകരും പുലിക്കളിയുടെ ക്ഷീണത്തിൽ മയങ്ങിയിട്ടുണ്ടാകും ഇപ്പോൾ. രാവിലെ 10 മണി മുതൽ ചായം തേച്ച് തുടങ്ങിയതാവും ചില പുലികൾക്ക്. പുലികളെ ക്കണ്ട് ആഹ്ളാദിയ്ക്കുന്നവർ അതിനു പുറകിൽ കഠിനാദ്ധ്വാനം ചെയ്ത ചിത്രകാരന്മാരെ ഓർക്കാറില്ല. ഈ ചിത്രങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ആ കലാകാരന്മാർക്ക് സമർപ്പിയ്ക്കുന്നു. ഇന്ന് ഇറങ്ങുമ്പോൾ തന്നെ മഴക്കോൾ കണ്ടിരുന്നു. എങ്കിലും നേരെ റൌണ്ടിലേയ്ക്ക്. പിന്നെ അവിടെ നിന്ന് ചക്കാമുക്കിലേയ്ക്ക്. അവിടെ തകർപ്പൻ ആഘോഷം. അവിടെ നിന്ന് കൈനാട്ടൂകരയിലേക്ക്. അവിടേ നിന്ന് പൂങ്കുന്നത്തേയ്ക്ക്. അപ്പോഴേയ്ക്കും പുലിയിറങ്ങാൻ സമയമായി, ഇനി സ്വരാജ് റൌണ്ടിൽ. പുലിമടയിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് നോക്കാം. ശരീരത്തിലെ രോമം മുഴുവൻ വടിച്ച് കളഞ്ഞ് റെഡിയായി നിൽക്കുന്ന പുലിയുടെ മേൽ ചായം തേച്ച് തുടങ്ങുന്നു. ഈ പുലിദേഹം ഒരു സ്പെഷ്യൽ പുലിയാണ്‌ ,നല്ല സൂപ്പറ് വയറ്