ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാശ് മൊതലായി


ഈ വര്‍ഷത്തെ കഠിനമായ തണുപ്പില്‍ ഭക്ഷണം കിട്ടാതെ പക്ഷികള്‍ വിഷമിയ്ക്കുന്നു എന്ന് കേട്ട് ഒരു bird feeder വാങ്ങിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു കുറച്ചുനാള്‍ മുന്‍പ്.പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരു നല്ല കര്‍മ്മമാണല്ലോ എന്നും കരുതി. നാട്ടിലെ വീട്ടില്‍ പലപ്പോഴും പൂത്താങ്കീരികളും, മൈനകളും, കാക്കകളുമായി ഒരു സംഘത്തെത്തന്നെ അമ്മ കാലത്ത് തീറ്റിപ്പോയിരുന്നു,ഇപ്പോഴുമുണ്ടെന്നുതോന്നുന്നു.അതൊക്കെ ഓര്‍ത്തപ്പൊ വല്ലാത്ത നൊസ്റ്റാള്‍ജിയ.
എന്നാല്‍പ്പിന്നെ ഒരു ചെറിയ Bird feeder വാങ്ങി വെച്ചേയ്ക്കാം എന്നുകരുതി അന്വേഷണം തൂടങ്ങി. വീടിനടുത്തുണ്ടായിരുന്ന ഗാര്‍ഡന്‍ സെന്‍റ്റ് റിസഷന്‍ മൂലം പൂട്ടിപ്പോയിരുന്നു. കുറച്ച് ദൂരെയുള്ള വലിയ ഒരു ഗാര്‍ഡന്‍ സെന്ററില്‍ പോയപ്പോള്‍ പക്ഷികള്‍ക്ക് വേണ്ടി മാത്രം ഒരു സെക്ഷന്‍. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എന്തൊക്കെ സാധനങ്ങള്‍? ടിന്നിലടച്ച മണ്ണിരകള്‍, പല തരം കേക്കുകള്‍, കപ്പലണ്ടി, സൂര്യകാന്തി വിത്തുകള്‍ എന്നിങ്ങനെ...ഹോ. നടക്കുമ്പോള്‍ എന്റെ ഗാര്‍ഡനില്‍ വന്നിരുന്ന് പക്ഷികളെല്ലാം വന്ന് ഒരു ചായയടിച്ച് പോകുന്നതൊക്കെ ഓര്‍ത്ത് അങ്ങിനെ നടന്നു. വില നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. എല്ലാ ഐറ്റംസും €15-45 വരെയുള്ള റേറ്റ്.
നൊസ്റ്റാള്‍ജിയ - പോക്കറ്റ് -പക്ഷികള്‍ എന്നിങ്ങനെ പലതും തലയില്‍ കിടന്ന് കറങ്ങി. അവസാനം 2 ഫീഡറുകള്‍ (€10 വീതം),പലതരം വിത്തുകള്‍, പിന്നെ ഇതെല്ലാം തൂക്കിയിടാന്‍ ഒരു bird feeder holder (€35) എന്നിങ്ങനെയെല്ലാം കാശുകളഞ്ഞ് ഒരു നെഞ്ചുവേദനയൊടെ വീട്ടിലേയ്ക്ക്. ഇതെല്ലാംകൂടി €20 കിട്ടിയെന്ന് ഭാര്യയുടെയടുത്ത് നുണ പറഞ്ഞ് നോക്കിയെങ്കിലും എന്റെ മുഖത്ത് ഒരു ഇളിഞ്ഞ ചിരിയുണ്ടായിരുന്നത് കൊണ്ട് അവള്‍ കള്ളം പിടിച്ചുകളഞ്ഞു.
മഞ്ഞായകാരണം ഇതെല്ലാം പുറത്ത് ഉറപ്പിയ്ക്കാന്‍ പറ്റിയിരുന്നില്ല, എങ്കിലും ചില പക്ഷികള്‍ വരികയും പണ്ട് താത്കാലികാടിസ്ഥാനത്തില്‍ വച്ചിരുന്ന ഭക്ഷണപാത്രങ്ങള്‍ കാലിയാക്കുകയും ചെയ്തുപോന്നു. പലപ്പോഴും കാക്കകള്‍ തന്നെയായിരുന്നു പ്രതികള്‍. അവകൂട്ടം കൂടിവന്ന് deck മുഴുവന്‍ അപ്പിയിട്ട് നാശമാക്കുകയും ചെയ്തതുകണ്ട് വാങ്ങിയ bird feeder ഉറപ്പിയ്ക്കാന്‍ തീരുമാനിച്ചു. സംഭവം വളരെ ഈസിയായിരുന്നു. 5 മിനുട്ടിനുള്ളില്‍ ഒരു ഭക്ഷണശാല റെഡിയായി. Garden shed ന്റെ വാതിലിനടുത്ത് നിന്ന് 5 മീറ്റര്‍ അകലെയായാണത് സ്ഥാപിച്ചത്. Garden shed ഒരു hide out ആയി ഉപയോഗിയ്ക്കാമെന്ന് ഒരു ദുരുദ്ദേശവുമുണ്ടായിരുന്നു.
ആദ്യത്തെ ദിവസം യാതൊരു സംഭവവികാസങ്ങളുമില്ലാതെ കടന്നുപോയി. ഒരു പക്ഷി പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ല. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങള്‍ അങ്ങിനെത്തന്നെ കടന്നുപോയി. എന്റെ കാശു വെള്ളത്തിലായല്ലോ ഭഗവാനേ, യിവനൊക്കെ ഒന്ന് വന്ന് നോക്കിയാല്‍ തന്നെ ആശ്വാസമാകുമായിരുന്നു. ഒരു കാക്ക പോലും തിരിഞ്ഞുനോക്കിയില്ല. എന്തായാലും കുറച്ചുദിവസത്തേയ്ക്ക് ഒന്നും ശ്രദ്ധിയ്ക്കാന്‍ പറ്റിയില്ല. അതിനിടയ്ക്ക് €1.50 ന് തൊട്ടടുത്തുള്ള ഒരു കടയില്‍ bird feeder കണ്ടതോടെ ഞാനെന്തോപോയ അണ്ണാന്റെ പോലെയായിപ്പോയി. എന്തായാലും ലാവിഷാക്കിയേക്കാം എന്ന് കരുതി ഒരു നാലെണ്ണം കൂടി അവിടെനിന്ന് വാങ്ങി അതില്‍ ചാര്‍ത്തി.
അങ്ങിനെ പുതിയതൊന്നും സംഭവിയ്ക്കാതെ പല പകലുകള്‍ കടന്നുപോയി. പലപ്പോഴും പല പക്ഷികള്‍ അതുവഴി നടന്നുപോകുന്നുണ്ടെങ്കിലും ആരും ആ ഭാഗത്ത് പോകുന്നില്ല. യെവനൊക്കെ കഞ്ഞി കുടിച്ച് ജീവിയ്ക്കുന്ന വെറും കഞ്ഞികളാണോ എന്ന് ഞാന്‍ അത്മാര്‍ത്ഥമായി ആലോചിച്ചു പോയി. ചില പക്ഷി സ്നേഹികളെ വിളിച്ച് സംസാരിച്ചപ്പോള്‍ ചില ക്ലു കിട്ടി. Bird feeder ല്‍ നിന്ന് കഴിയ്ക്കുന്ന ചില പക്ഷികളേയുള്ളൂ, ബാക്കിയുള്ളവ താഴെ നിന്നാണ് സാധാരണ കൊത്തിപ്പെറുക്കുന്നതെന്ന്. മൊത്തം കാശു പോയി. അങ്ങിനെ അണ്ണാനെപ്പോലെയായിയെന്ന് ഒഫീഷ്യലി സമ്മതിച്ച ശേഷമുള്ള ഒരു പ്രഭാതത്തില്‍, ഒരു കട്ടനടിയ്ക്കാന്‍ രാവിലെ കെറ്റില്‍ ഓണ്‍ ചെയ്ത് പുറത്ത് തണുത്തുകിടക്കുന്ന ഗാര്‍ഡനിലേയ്ക്ക് കണ്ണയച്ച എനിയ്ക്ക് വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല. നാലു പക്ഷികള്‍ പരിസരം മറന്ന് തകര്‍ത്ത് തീറ്റയാണ്. അവ കൊത്തുന്നത് താഴെ വീഴുന്നത് പറക്കിത്തിന്നുന്ന ചില കാക്കകളും. അന്നു കുടിച്ച കട്ടന് ഒരു വല്ലാത്ത സ്വാദ്.
അന്ന് മുതലിന്നുവരെ പക്ഷികള്‍ പല തരം, പല നേരങ്ങളില്‍ എന്റെ ഗാര്‍ഡനില്‍ വന്ന് പോയിക്കൊണ്ടിരിയ്ക്കുന്നു. ഇപ്പോള്‍ അത് കാണുമ്പോഴുള്ള സന്തോഷം ഞാന്‍ കൊടുത്ത കാശിനേക്കാള്‍ വിലയേറിയതാണേന്ന് പറയേണ്ടല്ലോ. അതുമാത്രമല്ല, ഇപ്പോള്‍ garden shed ല്‍ ഒളിച്ചിരുന്ന് ഇവയെ നോക്കിക്കാണുകയും ചിത്രങ്ങളെടുക്കയും ചെയ്യാം. ഇന്ന് വരെ അടുത്തുകാണാത്ത Goldfinch എന്ന ചെറിയ പക്ഷിയാണ് ഇപ്പോഴത്തെ ഗസ്റ്റ്. അങ്ങിനെ പക്ഷി പുരാണം ഇവിടെ അവസാനിയ്ക്കുന്നു, തത്കാലത്തേയ്ക്ക്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ്‌ സി.ടി.സ്കാന്‍?

ആരോഗ്യശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ കാലത്ത് ഇതിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറയും. തൊട്ടതിനും പിടിച്ചതിനും സ്കാനിങ്ങും ലാബ്ടെസ്റ്റും എഴുതുന്ന ഡോക്ടര്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ ആശുപത്രികള്‍. എന്തുകൊണ്ടാണ് സ്കാനിങ്ങ് രോഗനിര്‍ണ്ണയത്തില്‍ ഇത്ര പ്രാധാന്യം കൈവരിച്ചത്? എന്താണ് അവയുടെ ഉപയോഗം? എന്താണ് അവയുടെ പാര്‍ശ്വഫലങ്ങള്‍‍? Computerized Tomography (CT) എന്നാണ് ഇതിന്റെ മുഴുവന്‍ രൂപം. അമേരിക്കക്കാര്‍ ഇതിനെയിപ്പോഴും CAT scan (computerized axial tomography) എന്നാണ് വിളിക്കുന്നത്. ടോമോ എന്ന ഗ്രീക്ക് പദത്തിന് ഛേദം, മുറിവ് എന്നു തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ഗ്രാഫി എന്ന പദത്തിന് ഇപ്പോള്‍ കൂടുതലും പഠനം എന്ന അര്‍ത്ഥമാണ് ഉപയോഗ്ഗിക്കപ്പേടുന്നത്. അതായത് മനുഷ്യശരീരത്തെ ഛേദങ്ങളാക്കി പഠിക്കുന്ന രീതി. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പ്രാധാന്യം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന്റെ സഹായത്തോടുകൂടി ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരത്തെ കീറിമുറിക്കാതെ തന്നെ ഓരോ അണുവിടയും പരിശോധിക്കാമെന്നായിരിക്കുന്നു. എന്താണ് ഇതിന്റെ പ്രവര്‍ത്തനരീതി? മെഡിക്കല്‍ ഇമേജിങ്ങിന്റെ കീഴില്‍ ആണ് സി.ടി സ്കാനിങ്ങ് ഉള്‍പ്പെട്ടി

ശ്രീ പത്മനാഭസ്വാമിയുടെ ദ്വാരപാലകര്‍

ഒരു പക്ഷെ പല വിനോദസഞ്ചാരികള്‍ക്കും ഭാഷയറിയാത്ത ഭക്തര്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം.പക്ഷെ ഞാന്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം അറിയുന്നത്. മൂന്ന് തലമുറകള്‍ക്ക് മുന്‍പ് സൌത്ത് ആഫ്രിക്കയിലേയ്ക്ക് കുടിയേറിയ പൂര്‍ണ്ണഹൈന്ദവ വിശ്വാസികളായവരുടെ പിന്‍‌തലമുറക്കാര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്.  എന്റെ സുഹൃത്ത് കഴിഞ്ഞയാഴ്ച നടത്തിയ കേരളം സന്ദര്‍ശനത്തിലാണ് ഈ കല്ലുകടി. കൃഷ്ണഭക്തനാണദ്ദേഹം. വെറും കൃഷ്ണഭക്തനല്ല, ഭഗവദ്‌ഗീത പാരായണം ചെയ്യുകയും ദിവസം രണ്ടുനേരം ഭഗവദ്‌സ്ത്രോത്രങ്ങള്‍ ധ്യാനിയ്ക്കുകയും ചെയ്യുന്ന പരിപൂര്‍ണ്ണ വിശ്വാസി. അദ്ദേഹത്തോട് കേരളത്തെപ്പറ്റിയും ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ തിരക്കിനിടയിലും ആയിരം തലയുള്ള അനന്തന്റെ മടിയില്‍ തലവച്ച് ഭൂമീദേവിയ്ക്കും ലക്ഷ്മീദേവിയ്ക്കും സാന്നിധ്യത്തില്‍ ശയിയ്ക്കുന്ന സാക്ഷാല്‍ പത്മനാഭനെ കാണാന്‍ മറക്കരുതെന്ന് പറഞ്ഞിരുന്നു ഞാന്‍. അതനുസരിച്ച് കുടുംബസമേതം ചെന്ന അദ്ദേഹത്തിന് കിട്ടിയത് അപമാനം. ഭാഷയറിയാത്തതുകൊണ്ട് ക്ലോക്ക് റൂമിലുള്ള അഡ്മിനിസ്ടേറ്റീവ് സ്റ്റാഫിനോട് സഹായം അഭ്യര്‍ത്ഥിച്ച അദ്ദേഹം അറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമായി തങ്ങള്‍ ഹിന്ദുക്കളാണെന്നും മൂ

Venice of Ireland : Monasterevin

ഇന്ന് വീണ്ടും ഈ സ്ഥലത്ത് പോയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വാസ്തുവിദ്യയെ നിങ്ങള്‍ക്ക് കൂടി പരിചയപ്പെടുത്താം എന്ന് കരുതി. Monasterevin എന്ന സ്ഥലം അറിയപ്പെടുന്നത് Ireland ന്റെ Venice എന്നാണ്. മറ്റൊന്നുംകൊണ്ടല്ല, ഈ ചെറിയ സ്ഥലത്തിനകത്ത് നിറയെ പാലങ്ങളും കനാലുകളും, Georgian houses ഒക്കെയാണ്. വീടുകള്‍ക്ക് താഴെ ബാര്‍ജുകളും ചെറിയ യോട്ടുകളും വിശ്രമിയ്ക്കുന്നു. പല സ്ഥലങ്ങളിലും നദികളില്‍ Lock system നിലവിലുണ്ട്. ഇവിടെ നദിയില്‍ നിന്ന് വളരെ ഉയരെയാണ് വീടുകളും കനാലുകളും എന്നത് കൊണ്ട് ഈ സിസ്റ്റം 1826-29 കാലയളവില്‍ മാറ്റി പകരം ഒരു Aqueduct പണിയുകയുണ്ടായി.ഇതില്‍കൂടിയാണ് ബോട്ടുകള്‍ ഇപ്പോള്‍ യാത്രചെയ്യുന്നത്. താഴെ നദിയില്‍ നിന്ന് നോക്കുമ്പോള്‍ തലയ്ക്കുമുകളില്‍കൂടി ബോട്ടുകള്‍ പോവുന്നു. എനിയ്ക്ക് ബോട്റ്റിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. നദിയ്ക്ക് മുകളില്‍കൂടി കുറുകനെ ബോട്ടുകള്‍ പോകുന്ന aqueduct ന്റെ (ഒരു കനാല്‍) ചിത്രങ്ങളും ഒരു വീഡിയോയുമാണ് ഇവിടെ.ചിത്രങ്ങളും വീഡിയോയും മൊബൈല്‍ കേമറയില്‍ എടുത്തത്. എനിക്കിതൊരപാര സംഭവമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത് പോസ്റ്റുന്നത്. ഇത് മുന്‍പ് കണ്ടിട്ടുള്ളവരു