2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ചുവന്ന പട്ട്

ആദ്യം പതിയെ കേട്ടത് പാദസരമായിരുന്നോ?

അടഞ്ഞുപോകുന്ന കണ്ണുകളില്‍ നിറയെ കണ്ടത് ചുവപ്പായിരുന്നു, കത്തി നില്‍ക്കുന്ന തീ പോലെ.
പിന്നെയാണ് ഉരയുന്ന പട്ടിന്റെ നേര്‍ത്ത സ്വരം കേട്ടത്. അത് അലകളൊടുങ്ങാത്ത ഒരു സമുദ്രം പോലെ എന്നെ മൂടിപ്പോയി. ആ ശബ്ദം പുതച്ച് ഞാന്‍ കണ്ണുകളിറുക്കിയടച്ച് കിടന്നു.

പനിച്ചൂടില്‍ എരിഞ്ഞ് പോകാത്ത ബോധത്തെ വലിച്ച് ചേര്‍ത്ത് പിടിച്ചപ്പോഴേയ്ക്കും കണ്ണുകള്‍ കണ്ട ചുവപ്പ് ഏറിയിരുന്നു, ഇപ്പോള്‍ തീയല്ല, നല്ല ചെമ്പരത്തിച്ചുവപ്പ്.

പിന്നെ കേട്ടത് അരമണികളായിരുന്നു, ഒരു താളത്തില്‍ കല്‍പ്പനകള്‍ പോലെ അവ മഴ പെയ്തു.
പതിയെ പതിയെ ചെമ്പട്ട് തെളിഞ്ഞ് വന്നു, തിളങ്ങുന്ന വാള്‍ത്തലകളും. ഓരോ ചുവട്‌വെപ്പിലും ഞാന്‍ ചെറുതായി ചെറുതായി, വരണ്ട് കിടന്നു.

കണ്ണൂകളിറുക്കിയടയ്ക്കാന്‍ കഴിയാതെ കിടന്നപ്പോള്‍ ഉലയുന്ന പട്ടും മഴപെയ്യുന്ന അരമണികളും ഇരുചെവികളിലും നിറഞ്ഞ് തലയ്ക്കകത്ത് പെരുത്തു.

മഴ തോര്‍ന്നപ്പൊള്‍ കുരുമുളക് പോലെ മലരി വാരിയെറിഞ്ഞ് മഞ്ഞള്‍പ്പൊടിയിട്ട് അനുഗ്രഹിച്ച്
ചുവന്ന പട്ട് ഉലച്ചില്‍ അകന്ന് പോയി. പിന്നെ കണ്ണു കാണാനാവത്ത ഇരുട്ടിലേയ്ക്ക് ഞാനും...


ദേവീ, അനുഗ്രഹിച്ചാലും....

1 അഭിപ്രായം: