2008, ഒക്‌ടോബർ 4, ശനിയാഴ്‌ച

അമ്മയുടെ വേദന


ഒരു പത്തുമുപ്പത് വര്‍ഷം മുന്‍പൊരു കര്‍ക്കിടകത്തില്‍ കുറച്ച് തവളക്കുട്ടികള്‍
കളിയ്കാനിറങ്ങി. മഴ നനയേണ്ടേന്ന് പല പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ..
പുറത്തുള്ള കുളിമുറിയുടെ പുറകില്‍ ഒളിച്ച് കളിയ്ക്കുന്നതിനിടെ ഒരു കുരുത്തം കെട്ട ചെക്കന്‍, വന്ന് കുട്ടിത്തവളകളെ പിടിച്ച് കുപ്പിയിലാക്കി.
അന്നത്തെ അവന്റെ തവള കളക്ഷന്‍ വളരെയധികമായിരുന്നു. കാരണം, പറഞ്ഞാല്‍ കേക്കാത്ത കുരുത്തം കെട്ട, ചൊല്ലുവിളിയില്ലാത്ത കുറെ തവളക്കുട്ടികള്‍ മഴയത്ത് കളിയ്ക്കാനിറങ്ങിയത് കൊണ്ട്. കുരുത്തം കെട്ട ചെക്കന്‍, ഒരു മഞ്ഞത്തവളക്കുട്ടിയെ കാലില്‍ത്തൂക്കിയെടുത്ത് കറക്കി മുകളിലേയ്ക്കെറിഞ്ഞു. പാതി ജീവന്‍ പോയ തവളക്കുട്ടിയെ പെറുക്കിയെടുത്ത് പഴയൊരു മോരുംകുപ്പിയില്‍ വെള്ളം നിറച്ച് അതിലിട്ടു.
പിന്നെ, കുപ്പി മറന്ന് വെച്ച് ചെക്കന്‍ ഗോട്ടി കളിയ്ക്കാന്‍ പോയി. അപ്പോഴെല്ലാം പാതി ജീവന്‍ പോയ മഞ്ഞത്തവളയും ജീവന്‍ പോകാത്ത ബാക്കി കുട്ടിത്തവളകളും ശ്വാസം കിട്ടാന്‍ പാടുപെട്ട് കുപ്പിയില്‍ പരാക്രമം കാണിച്ചു, കരഞ്ഞ് കാറി അമ്മയെ വിളിച്ചു.
വൈകുന്നേരം വന്ന അച്ഛനെക്കാണിയ്ക്കാന്‍ ചെക്കന്‍ തവളക്കുട്ടികളെ കൊണ്ടുവന്നു. അന്നത്തെ വീര സാഹസിക തവളപിടുത്തം, കുപ്പിയിലടച്ച രീതി എല്ലാം വിവരിച്ച് തവളക്കുട്ടികളെ കാണിച്ചു.
ആദ്യം ചെക്കന് ഒരു പൊതി മിട്ടായി കൊടുത്തു, അച്ഛന്‍. പിന്നെ മഴ പെയ്യുന്ന ഇറയത്തെയ്ക്ക് നടന്നു. അവനെയെടുത്ത് മടിയില്‍ വെച്ച് നിറഞ്ഞൊഴുകുന്ന തോടും കുളവും കാണിച്ച് കൊടുത്തു. ചെക്കന്റെ കയ്യിലെ കുപ്പിയില്‍ തവളക്കുട്ടികള്‍ അര്‍ദ്ധപ്രാണനായി അപ്പോളും കരഞ്ഞുകൊണ്ടിരുന്നു.
കുളത്തിലെ പോളകളെ നോക്കി, അച്ഛന്‍ പറഞ്ഞു, അവിടെയൊരമ്മത്തവള അതിന്റെ മക്കളെ കാണാതെ, അലമുറയിട്ട് കരയുന്നത് നീ കേട്ടുവോ?
നിന്നെ ആരെങ്കിലും പിടിച്ച് കൊണ്ടുപോയി കുപ്പിയിലടച്ചാല്‍ നീ അമ്മയെക്കാണാന്‍ കരയില്ലേ?
നിന്നെ ആരെങ്ക്ങ്കിലും പിടിച്ച് കൊണ്ടുപോയാല്‍ നിന്റെ അമ്മ വേദനിച്ച് കരയില്ലേ?
മൌനത്തിന്റെ വേദന, അതൊരു കൂരമ്പുപോലെ...
നാലുവയസ്സുകാരന്റെ കണ്ണുകളില്‍ നനവ് പടറ്ന്നു, തന്നെ ആരോ പിടിച്ച് കൊണ്ട് പോകുന്നതും പൂട്ടിയിടുന്നതും അവന്‍ കണ്മുന്നില്‍ ക്കണ്ടു. അടക്കിപ്പീടിച്ച കരച്ചില്‍ പതിയെ ഒരു മഴ പോലെ... അച്ഛന്റെ മടിയില്‍ നിന്ന് അവന്‍ ഇറങ്ങി നടന്നു, ഉറക്കെക്കരഞ്ഞുകൊണ്ട്...കുളത്തിനരികില്‍ വെച്ച് അവന്‍ കുപ്പിയിലെ തവളക്കുട്ടികളെ തുറന്ന് വിട്ടു.
വാവിട്ട് കരഞ്ഞ അവനെ അമ്മ വാരിയെടുത്ത് അകത്തെയ്ക്ക് കൊണ്ടുപോയി.
തവളക്കുട്ടികളെ തവള അമ്മയും കൊണ്ടുപോയിക്കാണും...

സ്നേഹത്തിന്റെ മനശ്ശാസ്ത്രം എന്നെ പഠിപ്പിച്ച അച്ഛനും സ്നേഹിച്ച് എനിയ്ക്ക് മതിവരാത്ത എന്റെ അമ്മയ്ക്കും...(എന്റെ മകന് അവന്റെ അമ്മയോടുള്ള സ്നേഹക്കൂടുതല്‍ കണ്ട് അസൂയ മൂത്ത് എഴുതിയത്).

10 അഭിപ്രായങ്ങൾ:

 1. സ്നേഹത്തിന്റെ മനശ്ശാസ്ത്രം എന്നെ പഠിപ്പിച്ച അച്ഛനും സ്നേഹിച്ച് എനിയ്ക്ക് മതിവരാത്ത എന്റെ അമ്മയ്ക്കും...(എന്റെ മകന് അവന്റെ അമ്മയോടുള്ള സ്നേഹക്കൂടുതല്‍ കണ്ട് അസൂയ മൂത്ത് എഴുതിയത്).

  മറുപടിഇല്ലാതാക്കൂ
 2. അസൂയ മൂത്താല്‍ ഇത്ര നന്നായി എഴുതാന്‍ പറ്റും അല്ലെ?
  ഞാനും,എന്റെ അസൂയ ഒന്നു മൂപ്പിച്ച് നോക്കട്ടെ..
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. ഇത് വളരെ നന്നാ‍യിരിക്കുന്നു. ഒരു നല്ല പാഠം. ചെറിയ കാര്യമാണെന്ന് തോന്നുമെങ്കിലും ഒരു വലിയ സത്യം പറഞ്ഞിരിക്കുന്നു.
  നന്ദി.

  മറുപടിഇല്ലാതാക്കൂ
 4. ഒരു മഞ്ഞത്തവളക്കുട്ടിയെ കാലില്‍ത്തൂക്കിയെടുത്ത് കറക്കി മുകളിലേയ്ക്കെറിഞ്ഞു. പാതി ജീവന്‍ പോയ തവളക്കുട്ടിയെ പെറുക്കിയെടുത്ത് പഴയൊരു മോരുംകുപ്പിയില്‍ വെള്ളം നിറച്ച് അതിലിട്ടു
  മനോഹരമായിരിക്കുന്നു. ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 5. എഴുത്ത് ഹൃദയത്തില്‍ത്തട്ടി. ചിത്രവും വളരെ നന്ന്

  മറുപടിഇല്ലാതാക്കൂ